നൂറു പ്രകാശവര്‍ഷമകലെ ഒരു 'പോക്കിരി'

Posted on: 15 Nov 2012



സ്വതന്ത്രമായി ചുറ്റിനടക്കുന്ന പോക്കിരി ഗ്രഹം -ചിത്രകാരന്റെ ഭാവനയില്‍


താരതമ്യേനെ ചെറുപ്പക്കാരനായ ഒരു 'പോക്കിരി ഗ്രഹ'ത്തെ ഭൂമിയില്‍നിന്ന് നൂറു പ്രകാശവര്‍ഷമകലെ ഗവേഷകര്‍ കണ്ടെത്തി. സ്വന്തമായി ഒരു 'സൂര്യനി'ല്ലാതെ, സ്‌പേസില്‍ സ്വതന്ത്രമായി ചുറ്റിനടക്കുന്ന അന്യഗ്രഹങ്ങളെയാണ് 'പോക്കിരി'കളെന്ന് വിശേഷിപ്പിക്കാറ്.

നക്ഷത്രങ്ങളെക്കാളും കൂടുതല്‍ എണ്ണം 'പോക്കിരി ഗ്രഹങ്ങള്‍' (Rogue planets) ആകാശത്ത് ഉണ്ടാകാമെന്ന് കരുതുന്നു. നക്ഷത്രങ്ങളുടെ ഒരുലക്ഷം മടങ്ങ് 'പോക്കിരി'കള്‍ ആകാശഗംഗയില്‍ മാത്രം കാണുമെന്നാണ് ഗവേഷകരുടെ നിഗമനം!

എന്നാല്‍, ഇത്തരം ഒരു പോക്കിരിയെ പോലും വിശദമായി പഠിക്കാന്‍ ഗവേഷകലോകത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ആ നിലയ്ക്ക് പുതിയ ഗ്രഹത്തിന്റെ കണ്ടെത്തല്‍ പ്രാധാന്യമുള്ളതാണെന്ന് വലിയിരുത്തപ്പെടുന്നു. കാരണം, ഇതുവരെ കണ്ടെത്തിയ പോക്കിരികളില്‍, സൗരയൂഥത്തിന് ഏറ്റവും സമീപത്തുള്ള പോക്കിരിയാണിത്.

CFBDSIR2149
എന്ന് താത്ക്കാലിക പേര് നല്‍കയിട്ടുള്ള പുതിയ പോക്കിരിക്ക് പ്രായവും താരതമ്യേന കുറവാണ് - 5-12 കോടി വര്‍ഷം മാത്രം.

ഹാവായ് മൗന കിയയില്‍ സ്ഥാപിച്ചിട്ടുള്ള 'ക്യാനഡ-ഫ്രാന്‍സ്-ഹാവായ് ടെലസ്‌കോപ്പ്', ചിലിയിലെ 'വെരി ലാര്‍ജ് ടെലസ്‌കോപ്പ്' (VLT) എന്നിവ ഉപയോഗിച്ച് ഒരു അന്താരാഷ്ട്ര ഗവേഷകസംഘമാണ് പുതിയ പോക്കിരിയെ തിരിച്ചറിഞ്ഞത്. 'അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള ഗവേഷണപ്രബന്ധത്തിന്റെ ആദ്യരൂപം arXiv ല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആകാശത്ത് പൂര്‍ണചന്ദ്രന്റെ ആയിരം മടങ്ങ് വിസ്താരമുള്ള ഒരു പ്രദേശത്ത് സ്‌കാനിങ് നടത്തിയപ്പോഴാണ് ഈ വിദൂരവസ്തുവിനെ കണ്ടതെന്ന്, പഠനറിപ്പോര്‍ട്ടിന്റെ രചയിതാക്കളിലൊരാളും മോണ്‍ട്രയല്‍ സര്‍വകലാശാലയിലെ ഗവേഷകനുമായ എറ്റിയെന്‍ ആര്‍ട്ടിഗൗ പറഞ്ഞു.

'ലക്ഷക്കണക്കിന് നക്ഷത്രങ്ങളെയും അന്യഗ്രഹങ്ങളെയും ഞങ്ങള്‍ നിരീക്ഷിച്ചു, എന്നാല്‍, മാതൃനക്ഷത്രമില്ലാതെ കറങ്ങിനടക്കുന്ന ഒരു അന്യഗ്രഹം ഇതുമാത്രമായിരുന്നു'-അദ്ദേഹം അറിയിക്കുന്നു.

ഗ്രഹം മാത്രമല്ല, ചുറ്റിനടക്കുന്നത്. അതിന്റെ പരിസരത്തുള്ള നക്ഷത്രങ്ങളുടെ ഒരു ഗ്രൂപ്പും അതൊടൊപ്പം സ്വതന്ത്രമായി കറങ്ങി നടക്കുകയാണ്. 'എ.ബി.ഡൊറാഡസ് മൂവിങ് ഗ്രൂപ്പ്' (AB Doradus moving group) എന്നറിയപ്പെടുന്ന 30 നക്ഷത്രങ്ങളടങ്ങിയ ആ ഗ്രൂപ്പും, പോക്കിരി ഗ്രഹവും ഒരേസമയത്ത് രൂപപ്പെട്ടതാണെന്ന് കരുതുന്നു.

ഇങ്ങനെ സ്‌പേസില്‍ ചുറ്റിനടക്കുന്ന ഒരു ഗ്രൂപ്പിനെ സൗരയൂഥത്തിനടുത്ത് കണ്ടെത്തുന്നതും ആദ്യമായാണ്.

പുതിയ പോക്കിരി ഗ്രഹത്തിന്റെ താപനില 400 ഡിഗ്രി സെന്റീഗ്രേഡ് ആണെന്നും, അതിന്റെ ദ്രവ്യമാനം അഥവാ പിണ്ഡം വ്യാഴത്തിന്റെ നാലുമടങ്ങിനും ഏഴ് മടങ്ങിനും മധ്യേയാകാമെന്നും ഗവേഷകര്‍ കരുതുന്നു. വലിപ്പം ഇത്രയുമാകയാല്‍ അതൊരു 'തവിട്ട് കുള്ളന്‍' (Brown Dwarf) ആകാന്‍ സാധ്യതയില്ല.

(ചിത്രം കടപ്പാട്: ESO/L. Calçada/P. Delorme/Nick Risinger/R. Saito/VVV Consortium)

TAGS:
rogue planet  |  astronomy  |  exoplanets  |  science 


Stories in this Section