ഇന്റര്‍നെറ്റ് എന്നാല്‍ മനുഷ്യര്‍ക്ക് മാത്രമുള്ളതാണെന്ന അവസ്ഥ മാറാന്‍ പോകുന്നു. റോബോട്ടുകള്‍ക്കും പരസ്പരം ബന്ധപ്പെടാനും ആശയവിനിമയം നടത്താനുമുള്ള വേദി ഒരുങ്ങുകയാണ്. 'റോബോഎര്‍ത്ത്' എന്ന നൂതനപദ്ധതി ശരിക്കും റോബോട്ടുകളുടെ ഇന്റര്‍നെറ്റ് എന്നോ വിക്കിപീഡിയയെന്നോ വിശേഷിപ്പിക്കാവുന്ന സംരംഭമാണ്.
റോബോട്ടുകള്‍ക്ക് അവയുടെ സ്വഭാവത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാനും പരസ്പരം പങ്കുവെയ്ക്കാനും സഹായിക്കുന്ന സംവിധാനമാണ്, യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ വിഭാവനം ചെയ്യുന്ന 'റോബോഎര്‍ത്ത്' എന്ന്, ഈ
പദ്ധതിയുടെ വെബ്ബ്‌സൈറ്റ് പറയുന്നു.
റോബോട്ടുകള്‍ക്ക് അവയുടെ ഇന്റര്‍നെറ്റ് വഴി, അവ ചെയ്യുന്ന ജോലികളെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനാകും. പുതിയ ജോലികള്‍ ചെയ്യാനുള്ള സഹായം തേടാനും ഇത് സഹായിക്കും. കൂടുതല്‍ വേഗത്തില്‍ ഫലപ്രദമായി ജോലികള്‍ നിര്‍വഹിക്കാന്‍ റോബോട്ടുകളെ ഈ സംവിധാനം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
റോബോട്ടുകള്‍ക്ക് വിവരങ്ങള്‍ രേഖപ്പെടുത്താനും കൈമാറ്റം ചെയ്യാനുമുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കുകയെന്ന ആശയമാണ് റോബോഎര്‍ത്തിന് പിന്നിലുള്ളതെന്ന്, സൂറിച്ചില്‍ സ്വിസ്സ് ഫെഡറല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകനായ ഡോ.മാര്‍ക്കൂസ് വെയ്ബല്‍ പറഞ്ഞു.
നിലവില്‍ റോബോട്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നവരെല്ലാം അവരവരുടേതായ നിലയില്‍ വ്യത്യസ്തമായ രീതിയിലാണ് അത് ചെയ്യുന്നത്. ഒരു തരത്തിലുള്ള സ്റ്റാന്‍ഡേര്‍ഡൈസേഷനും ഇക്കാര്യത്തില്‍ നടക്കുന്നില്ല. അതിലൊരു മാറ്റമുണ്ടാക്കാനും പുതിയ സംവിധാനം സഹായിച്ചേക്കും.
ശരിക്കു പറഞ്ഞാല്‍ റോബോഎര്‍ത്ത് ഒരു കമ്മ്യൂണിക്കേഷന്‍ സംവിധാനവും ഡേറ്റാബേസുമാണ്-ഡോ. വെയ്ബര്‍ അറിയിച്ചു. കമ്മ്യൂണിക്കേഷന്‍ നടക്കുന്നത് റോബോട്ടുകള്‍ക്കിടയിലായിരിക്കും എന്നുമാത്രം. വിക്കിപീഡിയയുടെ ഒരു റോബോട്ടിക്ക് വകഭേദമായിരിക്കുമിതെന്ന് അദ്ദേഹം പറയുന്നു.
അറിവും വിവരങ്ങളും പങ്കിടാനുള്ള സംവിധാനമാണ് വിക്കിപീഡിയ. അതില്‍ ആര്‍ക്കും വിവരം ചേര്‍ക്കാം, ആര്‍ക്കും തിരുത്താം. ആര്‍ക്കും അതിലെ വിവരങ്ങള്‍ തേടാം, പ്രയോജനപ്പെടുത്താം. അത്തരമൊന്ന് റോബോട്ടുകളുടെ കാര്യത്തില്‍ നിലവില്‍ വരികയാവും റോബോഎര്‍ത്തിന്റെ കാര്യത്തില്‍ സംഭവിക്കകയെന്ന് ഡോ.വെയ്ബര്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ ഫണ്ട് മുടക്കുന്ന റോബോഎര്‍ത്ത് പദ്ധതിയില്‍ 35 ഗവേഷകരിപ്പോള്‍ പ്രവര്‍ത്തിക്കുന്നു. നാല് വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. അതിനുള്ളില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.