സ്മാര്‍ട്‌ഫോണുകളെന്നാല്‍ ബ്ലാക്ക്‌ബെറി എന്നായിരുന്നു അടുത്തകാലം വരെ ലോകം കരുതിയിരുന്നത്. കനേഡിയന്‍ കമ്പനിയായ റിസേര്‍ച്ച് ഇന്‍ മോഷന്‍ (റിം) പുറത്തിറക്കിയ ബ്ലാക്ക്‌ബെറി ഫോണുകള്‍ക്ക് ഭൂമി മുഴുവന്‍ ആരാധകരുണ്ട്. ഈമെയിലുകളയയ്ക്കാനും വായിക്കാനും മറ്റ് ഓഫീസ് ആവശ്യങ്ങള്‍ക്കുമൊക്കെ മുന്‍നിര എക്‌സിക്യുട്ടീവുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ബ്ലാക്ക്‌ബെറി ഉപയോഗിച്ചുതുടങ്ങിയിരുന്നു.
ഐഫോണിന്റെയും ആന്‍ഡ്രോയിഡ് ഫോണുകളുകളുടെയും വരവോടെയാണ് ബ്ലാക്ക്‌ബെറിയുടെ പ്രഭയ്ക്ക് അല്പമെങ്കിലും മങ്ങലേറ്റത്. പാട്ടിനും ക്യാമറയ്ക്കും ഫേസ്ബുക്കിനുമപ്പുറം ഫോണിനെ ഗൗരവമായി കാണുന്നവരുടെ ഫസ്റ്റ് ചോയ്‌സ് അപ്പോഴും ബ്ലാക്ക്‌ബെറി തന്നെയായിരുന്നു. മത്സരത്തില്‍ പിടിച്ചുനില്‍ക്കാനായി പുതിയ രണ്ടു മോഡലുകള്‍ ആഗോളവിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് റിം ഇപ്പോള്‍. ഒപ്പം ബ്ലാക്ക്‌ബെറി ഒ.എസിന്റെ ഏറ്റവും പുതിയ 7 പതിപ്പും, വീഡിയോചാറ്റ്, ഫേസ്ബുക്ക് ആപ്ലിക്കേഷനുകളും പുറത്തിറക്കിയിട്ടുണ്ട്.
ബ്ലാക്ക്‌ബെറി ബോള്‍ഡ് 9900, 9930 എന്നിവയാണ് ബ്ലാക്ക്‌ബെറിയുടെ പുതിയ അവതാരങ്ങള്‍. റിം പുറത്തിറക്കിയവയില്‍ വച്ച് ഏറ്റവും കനംകുറഞ്ഞ ഫോണുകളാണിവ. രണ്ടുമോഡലുകള്‍ക്കും 10.5 മില്ലിമീറ്റര്‍ മാത്രമേ കനമേയുള്ളൂ. നേരത്തെ ഉണ്ടായിരുന്ന ടോര്‍ച്ച്, ബോള്‍ഡ് എന്നീ മോഡലുകളുടെ പുതുക്കിയ വെര്‍ഷനുകളാണ് 9900, 9930 എന്നിവ.
1.2 ജിഗാഹെര്‍ട്‌സ് പ്രൊസസര്‍, എട്ട് ജി.ബി. ഓണ്‍ബോര്‍ഡ് മെമ്മറി, ഹൈഡെഫനിഷന്‍ വീഡിയോ റെക്കോഡിങ്, 4ജി എച്ച്.എസ്.പി.എ. സപ്പോര്‍ട്ട്, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ എന്നിവയാണ് പുതിയ മോഡലുകളിലെ പ്രത്യേകതകള്‍.
ബ്ലാക്ക്‌ബെറിയുടെ മുഖമുദ്രയായ ക്യുവെര്‍ട്ടി കീബോര്‍ഡിനൊപ്പം എല്‍സിഡി ടച്ച്‌സ്‌ക്രീനും പുതിയ മോഡലുകളിലുണ്ട്. 2008-നുശേഷം ബ്ലാക്ക്‌ബെറി ഇറക്കിയവയില്‍ വെച്ച് ഏറ്റവും സാങ്കേതികത്തികവേറിയ മോഡലുകളാണ് ബോള്‍ഡ് 9900, 9930 എന്നിവ എന്ന് വിലയിരുത്തപ്പെടുന്നു. ഓര്‍ലാന്‍ഡോയില്‍ വാര്‍ഷിക 'ബ്ലാക്ക്ബറി വേള്‍ഡ് കോണ്‍ഫറന്‍സില്‍' (BlackBerry World Conference) ആണ് പുതിയ ഫോണുകളും സങ്കേതങ്ങളും അവതരിപ്പിച്ചത്.
ഇതോടൊപ്പം ബ്ലാക്ക്‌ബെറി 7 ഓപ്പറേറ്റിങ് സിസ്റ്റവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. എച്ച്.ടി.എം.എല്‍. 5 സപ്പോര്‍ട്ട് ചെയ്യുന്ന ബ്രൗസര്‍, വോയ്‌സ് എനേബിള്‍ഡ് യൂണിവേഴ്‌സല്‍ സേര്‍ച്ച്്, കോര്‍പറേറ്റ്, പേഴ്‌സണല്‍ ഡാറ്റ വേര്‍തിരിച്ചുവെക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ എന്നിവയാണ് ബ്ലാക്ക്‌ബെറി 7 ഒ.എസില്‍ പ്രത്യേകമായുള്ളത്.
നിലവിലുള്ള ബ്ലാക്ക്‌ബെറി ഫോണുകളില്‍ ഈ ഒ.എസ്. പ്രവര്‍ത്തിക്കില്ലെന്നത് വലിയ പോരായ്മ സൃഷ്ടിക്കും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ബ്ലാക്ക്‌ബെറിയുടെ പുതിയ മോഡലുകള്‍ വിപണിയിലെത്തുമെന്നാണ് അറിയുന്നത്.