വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക രഹസ്യരേഖകള്‍ ചോര്‍ത്തിയെടുക്കാനായി 2007 ല്‍ ആരംഭിച്ച സൈബര്‍ ആക്രമണം റഷ്യന്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. എന്‍ക്രിപ്റ്റഡ് ഫയലുകള്‍ മാത്രമല്ല, ഡിലീറ്റ് ചെയ്ത ഡേറ്റ പോലും വീണ്ടെടുക്കാന്‍ കഴിയുന്ന ദുഷ്ടപ്രോഗ്രാം (malware) ഉപയോഗിച്ചാണ് ആക്രമണം.
എംബസികള്‍, ആണവ ഗവേഷണകേന്ദ്രങ്ങള്‍, എണ്ണ, വാതക സ്ഥാപനങ്ങള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെയാണ് 'റെഡ് ഒക്ടോബര്‍' എന്ന് പേരിട്ട ദുഷ്ടപ്രോഗ്രാം ഉന്നംവെച്ചതെന്ന്, റഷ്യന്‍ സൈബര്‍ സുരക്ഷാസ്ഥാപനമായ കാസ്‌പെര്‍സ്‌കി ലാബ്‌സ് അറിയിക്കുന്നു.
'പരിചിതമായ എല്ലാത്തരം ഫയലുകളും, എന്നുവെച്ചാല്‍ വേഡ് ഡോക്യുമെന്റുകളും പിഡിഎഫുകളും ഉള്‍പ്പടെ എല്ലാം ചോര്‍ത്താന്‍, സൈബര്‍ ക്രിമിനലുകള്‍ക്ക് ഈ ആക്രമണത്തിലൂടെ കഴിയുന്നതായി സറേ സര്‍വകലാശാലയിലെ പ്രൊഫ.അലന്‍ വുഡ്‌വാര്‍ഡ് പറഞ്ഞു.
പഴയ സോവിയറ്റ് ബ്ലോക്കില്‍ പെട്ട കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും, മധ്യേഷ്യന്‍ രാജ്യങ്ങളുമാണ് ക്രിമിനലുകള്‍ കൂടുതലായി ലക്ഷ്യംവെച്ചതെങ്കിലും, പാശ്ചാത്യ രാജ്യങ്ങളും വടക്കേയമേരിക്കയുമൊക്കെ ആക്രമണത്തിന് ഇരയായി. അമേരിക്ക, ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ്, ബെല്‍ജിയം, ബ്രസീല്‍, സ്‌പെയ്ന്‍, ദക്ഷിണാഫ്രിക്ക, ജപ്പാന്‍, യു.എ.ഇ തുടങ്ങി 69 രാജ്യങ്ങളില്‍ റെഡ് ഒക്ടോബര്‍ ബാധിച്ചിട്ടുണെന്നാണ് കാസ്‌പെര്‍സ്‌കി ലാബ്‌സ് കണ്ടെത്തിയത്.
രഹസ്യാന്വേഷണ രേഖകള്‍, ക്ലാസിഫൈഡ് കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ പ്രവേശിക്കാനുള്ള രഹസ്യവിവരങ്ങള്‍, പേഴ്‌സണല്‍ മൊബൈല്‍ ഉപകരണങ്ങളില്‍ നിന്നുള്ള ഡേറ്റ തുടങ്ങിയവയൊക്കെ കവരുന്നതായും കാസ്‌പെര്‍സ്‌കിയുടെ പ്രസ്താവന പറഞ്ഞു.
ആക്രമണലക്ഷ്യങ്ങള്‍ വളരെ കരുതലോടെയാണ് നിശ്ചയിക്കുന്നതെന്ന് കാസ്‌പെര്‍സ്‌കി ലാബ്‌സില്‍ ദുഷ്ടപ്രോഗ്രാമുകളെക്കുറിച്ചുള്ള ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന വിറ്റാലി കാംലക് അറിയിച്ചു. 'കഴിഞ്ഞ ഒക്ടോബറിലാണ് ആക്രമണം ആദ്യമായി തിരിച്ചറിഞ്ഞത്'.
അത് നിരീക്ഷിച്ചപ്പോള്‍ വന്‍തോതിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് വ്യക്തമായി. ടോം ക്ലാന്‍സിയുടെ 'ദി ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍' എന്ന നോവലിലെ റഷ്യന്‍ അന്തര്‍വാഹിനിയായ
'റെഡ് ഒക്ടോബര്‍' (Red October) എന്ന് പുതിയ ദുഷ്ടപ്രോഗ്രാമിന് പേരിടുകയായിരുന്നു.
മുമ്പ് കണ്ടെത്തിയിട്ടുള്ള
'ഫ്ലെയിം' (Flame) വൈറസിനെപ്പോലെ, വ്യത്യസ്ത മോഡ്യൂളുകളുള്ള സങ്കീര്‍ണ പ്രോഗ്രാമാണ് റെഡ് ഒക്ടോബറും. യു.എസ്.ബി.ഡ്രൈവുകളില്‍നിന്ന് ഡിലീറ്റ് ചെയ്ത ഡേറ്റ പോലും വീണ്ടെടുക്കാനുള്ള മോഡ്യൂളും അതില്‍ ഉള്‍പ്പെടുന്നു.
ഒരു യു.എസ്.ബി.ഡ്രൈവ് കമ്പ്യൂട്ടറുമായി ഘടിപ്പിക്കുമ്പോള്‍, അതിലെ ഡിലീറ്റ് ചെയ്ത മുന്‍ഫയലുകള്‍ വീണ്ടെടുക്കാന്‍ റെഡ് ഓക്ടോബര്‍ ശ്രമിക്കുന്നു. 'ഇത്തരമൊരു സംഗതി ഒരു ദുഷ്ടപ്രോഗ്രാമില്‍ ഞങ്ങള്‍ മുമ്പ് കണ്ടിട്ടില്ല'-കാംലക് പറയുന്നു.
മാത്രമല്ല, ഡിലീറ്റ് ചെയ്യപ്പെട്ടതുപോലെ കാണിച്ചിട്ട് കമ്പ്യൂട്ടറില്‍ ഒളിച്ചിരിക്കാനും അസാമാന്യ പാടവം കാണിക്കുന്ന വൈറസാണിതെന്ന് ഗവേഷകര്‍ പറയുന്നു. എന്നുവെച്ചാല്‍, കണ്ടെത്തിക്കഴിഞ്ഞാല്‍ ഉടന്‍ അത് 'ഒളിവില്‍ പോകും'! എല്ലാവരും കരുതും വൈറസ് ഡിലീറ്റ് ആയി എന്ന്. എന്നാല്‍, അടുത്ത അവസരത്തില്‍ തിരിച്ചെത്തും -പ്രൊഫ. വുഡ്‌വാര്‍ഡ് അറിയിച്ചു.
ആക്രമണം നടത്തുന്നവര്‍ ലക്ഷ്യപ്രാപ്തിക്കായി 60 ഡൊമെയ്ന്‍ നാമങ്ങളാണ് സൃഷ്ടിച്ചത്. അവയില്‍ മിക്കതും കേന്ദ്രമാക്കിയിട്ടുള്ളത് ജര്‍മനിയും റഷ്യയുമാണ്. നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ
'ക്രിപ്‌റ്റോഫയലര്‍' (Cryptofiler) എന്ന എന്‍ക്രിപ്ഷന്‍ സങ്കേതം ഉപയോഗിക്കുന്ന ഫയലുകള്‍ ചോര്‍ത്താന്‍ പാകത്തിലാണ് റെഡ് ഒക്ടോബര്‍ രൂപപ്പെടുത്തിയിട്ടുള്ളത്.
ഇതുസംബന്ധിച്ച 100 പേജ് പഠന റിപ്പോര്‍ട്ട് കാസ്‌പെര്‍സ്‌കി ഈയാഴ്ച പ്രസിദ്ധീകരിക്കും.