ഇന്ത്യയിലെ ആദ്യ യുവ ലൈവ് ഓണ്‍ലൈന്‍ റേഡിയോയുമായി മലയാളികള്‍
Posted on: 31 Dec 2012
ജോര്‍ജ് തോമസ്
ബാംഗ്ലൂര്‍: യുവാക്കള്‍ക്കുവേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ ലൈവ് ഓണ്‍ലൈന്‍ റേഡിയോ ബാംഗ്ലൂരില്‍നിന്ന് പുതുവര്‍ഷത്തില്‍ ഈണമിട്ട് തുടങ്ങുന്നു. കമ്പ്യൂട്ടറിലും ലാപ്‌ടോപ്പിലും സ്മാര്‍ട്ട് ഫോണിലുമെല്ലാം ഇതിലെ ഗാനങ്ങളും പ്രോഗ്രാമുകളും ആസ്വദിക്കുമ്പോള്‍ ഒരു കാര്യംകൂടി ഓര്‍ക്കാം ബാംഗ്ലൂരിലെ ഒരുകൂട്ടം മലയാളി യുവാക്കള്‍ തീര്‍ത്ത കൂട്ടായ്മയുടെ ശബ്ദമാണ് നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നതെന്ന്.
ബാംഗ്ലൂരില്‍ മലയാളി ക്രൈസ്തവ ദേവാലയങ്ങളിലെ ഗായകസംഘത്തിലെ അംഗങ്ങളായ ഇവര്‍ തങ്ങളുടെ പരിപാടികള്‍ അവതരിപ്പിക്കാന്‍ വേദി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റേഡിയോ എന്ന ആശയത്തിലേക്ക് തിരിഞ്ഞത്. ബാംഗ്ലൂരിലെ വിവിധ കമ്പനികളില്‍ ജോലി നോക്കുന്ന ഇവര്‍ തങ്ങളുടെ മാസവരുമാനത്തില്‍ നിന്ന് വലിയൊരു തുക മാറ്റിവെച്ചാണ് ഈ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നത്. ബാംഗ്ലൂരിലെ മത്തിക്കരയില്‍ ഇവരുടെ ലൈറ്റ് ഹൗസ് മീഡിയ കമ്പനിയുടെ ബാനറില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ റേഡിയോ സ്റ്റേഷന്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. നഗരത്തില്‍ നടക്കുന്ന പരിപാടികള്‍ ലൈവായി പ്രേഷകരിലേക്കെത്തിക്കാനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്.