ബ്രസീലിയന്‍ നഗരമായ റിയോ ഡി ജനീറോ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് അവിടുത്തെ നടപ്പാതകളില്‍ ഇനി മൊസൈക്കില്‍ പതിച്ച ക്യു.ആര്‍.കോഡുകള്‍ കാണാനാകും. കീശയിലുള്ള സ്മാര്‍ട്ട്‌ഫോണെടുത്ത് ആ കോഡിന്റെ ഒരു ഫോട്ടോയെടുക്കേണ്ട കാര്യമേയുള്ളൂ, നിങ്ങള്‍ നഗരത്തില്‍ എവിടെയാണ്, ഇനി സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ ഏതൊക്കെ തുടങ്ങിയ വിവരങ്ങളെല്ലാം നൊടിയിടയില്‍ മൊബൈലില്‍ തെളിയും!
അതെ, നഗരത്തിലെത്തുന്ന ടൂറിസ്റ്റുകളെ ലാക്കാക്കിയാണ് റിയോയിലെ ടൂറിസം അധികൃതര്‍ ഈ നൂതനസങ്കേതം പരീക്ഷിക്കുന്നത്. നഗരത്തിലെമ്പാടും, ബീച്ചുകളിലെ നടപ്പാതയിലും ക്യു.ആര്‍.കോഡുകള്‍ സ്ഥാപിക്കുന്ന തിരക്കിലാണ് അവരിപ്പോള്‍. റിയോയിലെ അര്‍പോഡര്‍ ജില്ലയിലാണ് ക്യു.ആര്‍.കോഡുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്‌സ് ബാര്‍കോഡുകളാണ്
'ക്വിക് റെസ്‌പോണ്‍സ് കോഡുകള്‍' അഥവാ ക്യു.ആര്‍. കോഡുകള്‍. പരമ്പരാഗത ബാര്‍കോഡുകളേക്കാള്‍ നൂറുമടങ്ങ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ ക്യു.ആര്‍. കോഡുകള്‍ക്കാകും. ക്യു.ആര്‍. റീഡര്‍ എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട്‌ഫോണുകളില്‍ ഇതിന്റെ ചിത്രമെടുത്താല്‍ ഉടന്‍ തന്നെ അതിലുള്ള ഡേറ്റ ഫോണിലേക്ക് വരും.
റിയോയില്‍ നടപ്പാതകളില്‍ സ്ഥാപിക്കുന്ന ക്യു.ആര്‍.കോഡുകളില്‍ ബന്ധപ്പെട്ട വിവരങ്ങളുള്ള ടൂറിസം സൈറ്റുകളിലേക്കുള്ള ലിങ്കുകളാകും ഉള്ളത്. ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോള്‍ ക്യു.ആര്‍.കോഡില്‍ സന്നിവേശിപ്പിച്ചിട്ടുള്ള ലിങ്ക് ഫോണിലെത്തും. ആ ലിങ്കില്‍ പോയി ആവശ്യമുള്ള വിവരങ്ങള്‍ മനസിലാക്കാം. ഭൂപടങ്ങളിലേക്കുള്ള ലിങ്കുകളുമുണ്ടാകും അതില്‍.
ക്യൂ.ആര്‍.കോഡുകളില്‍ 30 എണ്ണം സ്ഥാപിക്കുക നഗരത്തിലെ ബീച്ചുകളിലും ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളിലുമായിരിക്കും.
പോര്‍ച്ചുഗലിലെ ലിസ്ബണ്‍ നഗരത്തില്‍ ടൂറിസ്റ്റുകള്‍ക്ക് പ്രയോജനപ്പെടാന്‍ പാകത്തില്‍ കഴിഞ്ഞ വര്‍ഷം ക്യു.ആര്‍.കോഡുകള്‍ സ്ഥാപിക്കുകയുണ്ടായി. ടൂറിസംരംഗത്ത് ഏറെ പ്രയോജനം ചെയ്യുന്ന സങ്കേതമാണിത്. എഴുതി വെച്ചിരിക്കുന്ന ബോര്‍ഡിലുള്ളത് വായിക്കാന്‍ മിനക്കെടാത്തവര്‍ പോലും, ക്യു.ആര്‍.കോഡില്‍ ആ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാല്‍ വായിച്ചുനോക്കും.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ബ്രിട്ടനില്‍ തെക്കുകിഴക്കന്‍ വെയ്ല്‍സിലെ മാന്‍മത്ത് പട്ടണത്തില്‍ ആയിരത്തോളം ക്യു.ആര്‍.കോഡുകള്‍ സ്ഥാപിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ലോകത്തെ
ആദ്യ 'വിക്കിപീഡിയ പട്ടണ'മെന്ന പദവി മാന്‍മത്ത് കരസ്ഥമാക്കി.
ക്യാനഡയില്‍ ബൊഡെല്‍വ്യാഡനിലെ സെന്റ് മാര്‍ഗ്രറ്റ് ദേവാലയത്തിന് സമീപമുള്ള സെമിത്തേരിയില്‍, ഒന്നാംലോക മഹായുദ്ധകാലത്ത് മരിച്ച
സൈനികരുടെ വിവരങ്ങള്‍ ക്യു.ആര്‍.കോഡുകളുടെ രൂപത്തില്‍ രേഖപ്പെടുത്തുന്നത് കഴിഞ്ഞ കഴിഞ്ഞ മാസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.