നാളത്തെ വാര്‍ത്തകള്‍ ഇന്നേ അറിയാന്‍ !

Posted on: 05 Feb 2013



പകര്‍ച്ചവ്യാധികളും അക്രമങ്ങളും പൊട്ടിപ്പുറപ്പെടുന്നത് മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വേര്‍. അതിന്റെ പ്രാഥമികരൂപം ഉപയോഗിച്ച് നടത്തിയ പ്രവചനങ്ങള്‍ 70-90 ശതമാനം കൃത്യമായിരുന്നു



പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നത് പോലുള്ള ഭാവി സംഭവങ്ങള്‍ പ്രവചിക്കാന്‍ ശേഷിയുള്ള സോഫ്റ്റ്‌വേര്‍ ഗവേഷകര്‍ വികസിപ്പിച്ചു. 'ന്യൂയോര്‍ക്ക് ടൈംസി'ലെ രണ്ട് പതിറ്റാണ്ട് കാലത്തെ വാര്‍ത്താ റിപ്പോര്‍ട്ടുകളുടെയും മറ്റ് ഓണ്‍ലൈന്‍ വിവരങ്ങളുടെയും സഹായത്തോടെ നടത്തിയ പഠനത്തില്‍, സോഫ്റ്റ്‌വേര്‍ നടത്തിയ പ്രവചനങ്ങള്‍ ഏറെക്കുറെ കൃത്യമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

മൈക്രോസോഫ്റ്റ് റിസര്‍ച്ച്, ടെക്‌നിയോണ്‍-ഇസ്രായേല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയിലെ ഗവേഷകരാണ് പുതിയ സോഫ്റ്റ്‌വേര്‍ വികസിപ്പിച്ചത്. സോഫ്റ്റ്‌വേര്‍ മികച്ച രീതിയില്‍ പരിഷ്‌ക്കരിച്ചാല്‍ പകര്‍ച്ചവ്യാധികളുടെ വരവ് മുതല്‍ മറ്റനേകം പ്രശ്‌നങ്ങള്‍ വരെ മുന്‍കൂട്ടി അറിയാന്‍ അത് സഹായിക്കുമെന്നാണ് ഗവേഷകരുടെ വിശ്വാസം.

1986 മുതല്‍ 2007 വരെ, 22 വര്‍ഷക്കാലത്തെ 'ന്യൂയോര്‍ക്ക് ടൈംസ്' വാര്‍ത്തകളാണ് സോഫ്റ്റ്‌വേറിന്റെ പ്രവര്‍ത്തനം മനസിലാക്കാന്‍ ഉപയോഗിച്ചത്. ഏത് സംഗതികളാണ് പ്രധാനപ്പെട്ട വാര്‍ത്തകളിലേക്ക് നയിക്കുന്നതെന്ന് മനസിലാക്കാന്‍ നെറ്റ് സ്രോതസ്സുകളെയും സോഫ്റ്റ്‌വേര്‍ ആശ്രയിച്ചു.

ശ്രദ്ധേയമായ ചില പ്രവചനങ്ങള്‍ സോഫ്റ്റ്‌വേര്‍ നടത്തിയ കാര്യം ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 2006 ല്‍ അംഗോളയില്‍ കഠിനമായ വരള്‍ച്ചയുണ്ടായ കാര്യം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ വെളിച്ചത്തില്‍ അവിടെ താമസിയാതെ കോളറ പൊട്ടിപ്പുറപ്പെടാമെന്ന് സോഫ്റ്റ്‌വേര്‍ പ്രവചിച്ചു. ഇത്തരം വരള്‍ച്ചയുണ്ടാകുമ്പോള്‍, അതിന്റെ തുടര്‍ച്ചയായി കോളറ ഉണ്ടാകാമെന്ന് സോഫ്റ്റ്‌വേര്‍ മുന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കിയിരുന്നു. 2007 ആദ്യവും വരള്‍ച്ചയെ തുടര്‍ന്ന് കോളറ ബാധയ്ക്ക് സാധ്യതയുണ്ടാകാമെന്ന് സോഫ്റ്റ്‌വേര്‍ പ്രവചിച്ചു. ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ കോളറ ബാധ അവിടെ ഉണ്ടായതായി കണ്ടു.

22 വര്‍ഷത്തെ വാര്‍ത്തകളുപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍, രോഗബാധ മാത്രമല്ല, അക്രമങ്ങള്‍, വന്‍തോതിലുള്ള മരണങ്ങള്‍ തുടങ്ങി ഒട്ടേറെ സംഗതികളെക്കുറിച്ച് സോഫ്റ്റ്‌വേര്‍ നടത്തിയ പ്രവചങ്ങള്‍ 70-90 ശതമാനവും ശരിയാണെന്ന് ഗവേഷകര്‍ കണ്ടു.

ഈ സോഫ്റ്റ്‌വേറിന്റെ കുറ്റമറ്റ വകഭേദം യഥാര്‍ഥ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന്, മൈക്രോസോഫ്റ്റ് റിസര്‍ച്ചിലെ ഗവേഷകന്‍ എറിക് ഹോര്‍വിറ്റ്‌സ് പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മറ്റും ആസൂത്രണ പ്രക്രിയയില്‍ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും.

വാര്‍ത്തകള്‍ കൂടാതെ, ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന മറ്റൊരു നെറ്റ് സ്രോതസ്സ് DBpedia ആണെന്ന് ഗവേഷകര്‍ പറഞ്ഞു. വിക്കീപീഡിയയിലെ വിവരങ്ങള്‍ പ്രത്യകരീതിയില്‍ ക്രമീകരിച്ചിട്ടുള്ള സൈറ്റാണിത്. വാക്കുകളുടെ അര്‍ഥം മനസിലാക്കാന്‍ WordNet പോലുള്ള സൈറ്റുകളാണ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചത്. ഡേറ്റാബേസായ OpenCyc പോലുള്ള നെറ്റ് സ്രോതസ്സുകളും സോഫ്റ്റ്‌വേര്‍ പ്രയോജനപ്പെടുത്തുന്നതായി 'ടെക്‌നോളജി റിവ്യൂ' റിപ്പോര്‍ട്ട് ചെയ്തു.

പ്രത്യേക സാഹചര്യങ്ങളില്‍ വിവരങ്ങള്‍ മനസിലാക്കാനും വിശകലനം ചെയ്യാനും ഇത്തരം നെറ്റ് സ്രോതസ്സുകളാണ് സോഫ്റ്റ്‌വേറിന് പിന്തുണയേകുന്നത്. ഉദാഹരണത്തിന്, റുവാണ്ടയിലെയും അംഗോളയിലെയും നഗരങ്ങളെക്കുറിച്ച് പറയുമ്പോള്‍ അവ ആഫ്രിക്കയിലാണെന്ന് തിരിച്ചറിയാന്‍ സോഫ്റ്റ്‌വേറിനെ സൈറ്റുകള്‍ സഹായിക്കുന്നു.


Stories in this Section