കമ്പ്യൂട്ടറിലെ സമ്പര്‍ക്കമുഖം ഏതെല്ലാം വിധത്തില്‍ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് ലോകമെങ്ങും കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ തല പുകച്ചുകൊണ്ടിരിക്കുകയാണ്. ടച്ച്‌സ്‌ക്രീന്‍ ഫോണുകളും ടാബ്‌ലറ്റുകളും വ്യാപകമായതോടെ പഴയ മട്ടില്‍ കീബോര്‍ഡില്‍ നിന്നുള്ള ആഞ്ജകള്‍ മാത്രം സ്വീകരിക്കുന്ന കമ്പ്യൂട്ടറുകള്‍ പഴഞ്ചനായിക്കഴിഞ്ഞു.
കമ്പ്യൂട്ടര്‍ വെയ്ക്കുന്ന ഡെസ്‌ക്‌ടോപ്പ് അഥവാ മേശപ്പുറം വരെ ടച്ച്‌സ്‌ക്രീനായി പ്രവര്‍ത്തിക്കുന്ന പുത്തന്‍ സാങ്കേതം ഇതാ യാഥാര്‍ഥ്യമാകുന്നു. ഇന്റല്‍, മൈക്രോസോഫ്റ്റ് കമ്പനികളിലെ ഗവേഷകരും വാഷിങ്ടന്‍ സര്‍വകലാശാലയിലെ വിദഗ്ധരും ചേര്‍ന്ന് ഇത്തരം സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റിന്റെ പ്രോട്ടോടൈപ്പ് നിര്‍മിച്ചു കഴിഞ്ഞു. ഒക്‌ടോബറില്‍ കാലിഫോര്‍ണിയയില്‍ നടക്കുന്ന എ.സി.എം. യൂസര്‍ ഇന്റര്‍ഫേസ് ടെക്‌നോളജി സിമ്പോസിയത്തില്‍ ഈ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിക്കും.
പോര്‍ട്ടിക്കോ എന്നാണ് പുത്തന്‍ സങ്കേതം ഉപയോഗിക്കുന്ന ടാബ്‌ലറ്റിനു പേരിട്ടിരിക്കുന്നത്. ടാബ്‌ലറ്റിന്റെ ഡിസ്‌പ്ലേ സ്‌പേസിനു പുറത്തുള്ള സ്ഥലങ്ങള്‍ കൂടി ടച്ച്‌സ്‌ക്രീന്‍ പോലെ ഇന്ററാക്ടീവ് ആക്കുകയാണ് പോര്‍ട്ടിക്കോ ചെയ്യുന്നത്. ടാബ്‌ലറ്റ് ഒരു മേശപ്പുറത്തുവച്ചിരിക്കുകയാണെന്നു സങ്കല്‍പ്പിക്കുക. സ്‌ക്രീനിനു ചുറ്റുമുള്ള ഭാഗങ്ങളിലെ ചലനങ്ങള്‍ ക്യാമറയിലൂടെ ഒപ്പിയെടുത്ത് അവ സ്‌ക്രീനിലേക്കുള്ള കമാന്‍ഡുകളായി മാറ്റുകയാണ് പോര്‍ട്ടിക്കോയുടെ രീതി.
മേശപ്പുറത്ത് ഒരു പന്തുരുണ്ട് വരുന്നുണ്ടെങ്കില്‍ അത് സ്‌ക്രീനിനുള്ളില്‍ ഉരുളുന്നതായി കാണാം. ഫുട്‌ബോള്‍ വീഡിയോഗെയിം ഇനി ശരിക്കുമുള്ള കൊച്ചുപന്തു കൊണ്ട് കളിക്കാനാകും. ടാബ്‌ലറ്റിന് അല്പം ദൂരെനിന്ന് പന്ത് ടാബ്‌ലറ്റിലേക്ക് തട്ടിയാല്‍ േഗാള്‍പോസ്റ്റിലേക്ക് തട്ടുന്നതായാണ് സ്‌ക്രീനില്‍ തെളിയുക. സ്‌പേസ്ഷട്ടില്‍ ഗെയിം കളിക്കുമ്പോള്‍ ഷട്ടിലിന്റെ ഒരു ചെറുമാതൃക മേശപ്പുറത്ത് വച്ച് നിങ്ങള്‍ക്ക് ആക്രമം തുടങ്ങാനാകും. അത്തരത്തിലുള്ള നൂറുകണക്കിന് ആപ്ലിക്കേഷനുകള്‍ക്ക് മിഴിവേകാന്‍ പോര്‍ട്ടിക്കോയ്ക്ക് സാധിക്കും.
12 ഇഞ്ചുളള ടാബ്‌ലറ്റിനെ 26 ഇഞ്ച് സ്‌ക്രീനാക്കിമാറ്റാന്‍ പോര്‍ട്ടിക്കോയ്ക്ക് സാധിക്കുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ വാഷിങ്ടണ്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ജേക്കബ് വോബ്‌റോക്ക് പറയുന്നു. 'ഗാഡ്ജറ്റുകള്‍ ചെറുതാകുന്നതനുസരിച്ച് അതിന്റെ സ്‌ക്രീന്‍വലിപ്പവും കുറയ്‌േക്കണ്ടിവരുന്നു. നഷ്ടപ്പെടുന്ന സ്‌ക്രീന്‍വലിപ്പം വീണ്ടെടുക്കാനുള്ള പദ്ധതിയാണ് പോര്‍ട്ടിക്കോ. ടച്ച്‌സ്‌ക്രീനുകളുടെ ഏറ്റവും വലിയ ന്യൂനത സ്‌ക്രീനിന്റെ ഉപരിതലത്തിനു പുറത്തു നടക്കുന്നതൊന്നും അതിനു കണ്ടുപിടിക്കാനാവില്ല എന്നതാണ്. ഇതിനും പോര്‍ട്ടിക്കോ പരിഹാരം കണ്ടെത്തുന്നു'- വോബ്‌റോക്കിന്റെ വാക്കുകള്‍.
നിലവില്‍ ഫോള്‍ഡൗട്ട് ക്യാമറകളാണ് പോര്‍ട്ടിക്കോയില്‍ സ്ഥാപിച്ചിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ അതിനുപകരം ക്ലിപ്പ്ഓണ്‍ കാമറകളാകും ഉപയോഗിക്കുക. മേശപ്പുറത്തെ ഏതുഭാഗം തൊട്ടാണ് ഇന്ററാക്ടീവ് ഏരിയ ആരംഭിക്കുകയെന്നോ എവിടെ അത് അവസാനിക്കുമെന്നോ മനസിലാക്കാന്‍ നിലവില്‍ സൗകര്യങ്ങളില്ല എന്നതാണ് പോര്‍ട്ടിക്കോയുടെ പ്രധാനപേരായ്മ. അതുകൂടി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ സൃഷ്ടാക്കള്‍.
Portico: Tangible Interaction on and around a Tablet from Daniel Avrahami on Vimeo.