
ചൂടന്‍ സൈറ്റുകള്‍ പരതി സമയം കളയുന്നവര്‍ ശ്രദ്ധിക്കുക. ആ ശീലം നിങ്ങളുടെ കമ്പ്യൂട്ടറിനെയും അതില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങളെയും അപകടത്തിലാക്കിയേക്കാം. അല്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളും പാസ്‌വേഡുകളും ചോര്‍ത്തപ്പെട്ടേക്കാം. ഏറെ സന്ദര്‍ശകരുള്ള ചില പോര്‍ണോഗ്രാഫി സൈറ്റുകള്‍ യൂസര്‍മാരെ വലിയ അപകടത്തിലാക്കുന്നതായി പുതിയൊരു ഗവേഷണം പറയുന്നു.
ആ സൈറ്റുകളില്‍ ഡിസ്‌പ്ലെ ചെയ്യുന്ന പരസ്യങ്ങളാണത്രെ ഉപഭോക്താക്കളെ കെണിയില്‍ പെടുത്തുന്നത്. യൂസറുടെ അറിവോ അനുമതിയോ ഇല്ലാതെ യൂസറുടെ കമ്പ്യൂട്ടറില്‍ അത്തരം പരസ്യങ്ങള്‍ ദുഷ്ടപ്രോഗ്രാമുകള്‍ (മാള്‍വെയര്‍) ഇന്‍സ്റ്റാള്‍ ചെയ്യുന്നു എന്നാണ് ഗവേഷണത്തില്‍ കണ്ടത്.
രണ്ട് പോണ്‍ സൈറ്റുകള്‍ - ഷാംസ്റ്റര്‍ ( xhamster ), പോണ്‍ഹബ്ബ് ( pornhub ) - ആണ് ഏറ്റവും വലിയ ഭീഷണിയെന്ന്, കോണ്‍റാഡ് ലോങ്‌മോര്‍ എന്ന ഗവേഷകന്റെ പഠനത്തില്‍ വ്യക്തമായി.
പോണ്‍ സൈറ്റുകളിലെ ഡിസ്‌പ്ലെ പരസ്യങ്ങള്‍ കെണിയില്‍ പെടുത്തുന്നത് കൂടുതലും വിന്‍ഡോസ് യൂസര്‍മാരെയാണെന്ന് ലോങ്‌മോര്‍ അറിയിച്ചു. എന്നാല്‍, ദുഷ്ടപ്രോഗ്രാമുകള്‍ക്കും വൈറസുകള്‍ക്കും പിന്നിലുള്ള ക്രിമിനലുകള്‍ തങ്ങളുടെ ശ്രദ്ധ കൂടുതലായി ഇപ്പോള്‍ മൊബൈല്‍ ഉപകരണങ്ങളിലേക്ക് തിരിക്കുന്നതായി അദ്ദേഹം ചുണ്ടിക്കാട്ടി.
ഈ സൈറ്റുകളിലൊന്നും ഏതെങ്കിലും വൈറസിന് ഇടംകൊടുത്തിട്ടില്ല. ആ സൈറ്റുകളില്‍ പതിച്ചുവെച്ചിരിക്കുന്ന പരസ്യങ്ങളാണ് കുഴപ്പക്കാര്‍. 'ദുഷ്ടപ്രോഗ്രാമുള്ള ഇത്തരം പരസ്യങ്ങളെ 'മാല്‍വെര്‍ട്ടൈസിങ്' ( malvertising ) എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്'
ലോങ്‌മോര്‍ പറയുന്നു.
വെബ്ബ്‌സൈറ്റുകളിലെ അപകടകരമായ ഉള്ളടക്കം വിശകലനം ചെയ്യാന്‍ സഹായിക്കുന്ന ഗൂഗിളിന്റെ ഡയഗ്നോറ്റിക്ക് അഡൈ്വസ് സര്‍വീസ് ഉപയോഗിച്ചാണ് ലോങ്‌മോര്‍ തന്റെ പഠനത്തിനാവശ്യമായ വിവരങ്ങള്‍ സംഘടിപ്പിച്ചത്.
'ഷാംമാസ്റ്റര്‍' സൈറ്റില്‍ 90 ദിവസത്തിനിടെ സ്‌ക്രീന്‍ ചെയ്ത 20,986 പേജുകളില്‍ 1067 (അഞ്ചു ശതമാനം) എണ്ണത്തിലും മാല്‍വെര്‍ട്ടൈസിങ് ഉള്ളതായി, ലോങ്‌മോര്‍ ശേഖരിച്ച ഡേറ്റ വ്യക്തമാക്കി. റേറ്റിങ് സര്‍വീസായ അലക്‌സയുടെ കണക്ക് പ്രകാരം, ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന 46 -ാമത്തെ സൈറ്റാണ് ഷാംമാസ്റ്റര്‍.
അലക്‌സയുടെ കണക്ക് പ്രകാരം, ഷാംമാസ്റ്ററില്‍ ഒരു യൂസര്‍ ശരാശരി 10.3 പേജുകള്‍ വീതം സന്ദര്‍ശിക്കുന്നു. അതിനര്‍ഥം ഒരോ സന്ദര്‍ശനവേളയിലും അപകടകരമായ പരസ്യങ്ങള്‍ക്കിരയാകാന്‍ 42 ശതമാനം സാധ്യതയുണ്ടെന്നാണ്.
പോണ്‍ഹബ്ബ് എന്ന സൈറ്റിന്റെ 12.7 ശതമാനം പേജുകളിലും അപകടകാരികളായ ഡിസ്‌പ്ലെ പരസ്യങ്ങളുള്ളതായി പഠനത്തില്‍ കണ്ടു.