വിരല്‍ തൊടുമ്പോള്‍ വൈദ്യുതി ; സ്മാര്‍ട്ട് ഫോണുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകും

Posted on: 03 May 2010


-ജോസഫ് ആന്റണി



ടച്ച് സ്‌ക്രീനിന്റെ കാലമാണിത്. സ്മാര്‍ട്ട് ഫോണുകള്‍ മാത്രമല്ല, കമ്പ്യൂട്ടറുകള്‍ പോലും ടച്ചായി മാറുന്നു. ഫോണിലായാലും കമ്പ്യൂട്ടറിലായാലും വിരല്‍സ്​പര്‍ശത്തിലൂടെ എന്തും നടക്കും. എന്നാല്‍, ടച്ച്‌സ്‌ക്രീനില്‍ സ്​പര്‍ശിക്കുമ്പോള്‍ വൈദ്യുതി കൂടി ഉത്പാദിപ്പിക്കാം എന്നു വന്നാലോ. സ്മാര്‍ട്ട് ഫോണുകള്‍ തീര്‍ച്ചയായും കൂടുതല്‍ സ്മാര്‍ട്ടാകും. ബാറ്ററി ബാക്കപ്പിനെക്കുറിച്ചുള്ള വേവലാതികള്‍ പഴങ്കഥയാകും.

ഇത്തരമൊരു മുന്നേറ്റത്തിന് കളമൊരുങ്ങുന്നതായി 'ടെക്‌നോളജി റിവ്യൂ' റിപ്പോര്‍ട്ടു ചെയ്യുന്നു. ദക്ഷിണകൊറിയയില്‍ സങ്കിയുങ്ക്വാന്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ സഹകരണത്തോടെ സാംസങാണ് വിരല്‍സ്​പര്‍ശത്തില്‍ നിന്ന് വൈദ്യുതിയുത്പാദിപ്പിക്കാന്‍ സഹായിക്കുന്ന സങ്കേതം വികസിപ്പിക്കുന്നത്.

സുതാര്യവും ലോലവുമായ ഇലക്ട്രോഡുകള്‍ വൈദ്യുത ശേഖരണശേഷിയുള്ള വസ്തുവുമായി സമ്മേളിപ്പിച്ച് നേര്‍ത്ത ഫിലിമിന്റെ രൂപത്തിലാക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. തൊടുമ്പോള്‍ വളയുന്നതാണ് ഫിലിം. അതിനാല്‍, ഈ ഫിലിംകൊണ്ടുള്ള ടച്ച്‌സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ വൈദ്യുതിയുണ്ടാകും. പക്ഷേ, ഈ സങ്കേതം വിപണിയിലെത്താന്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും കാക്കണമെന്നാണ് റിപ്പോര്‍ട്ട്.

ചില വസ്തുക്കളുണ്ട്, സമര്‍ദമേല്‍ക്കുമ്പോള്‍ ഇലക്ട്രിക് പൊട്ടന്‍ഷ്യലുണ്ടാകാനുള്ള പ്രവണതയുള്ളവ. ഇത് 'പീസോഇലക്ട്രിക് പ്രഭാവം' (piezoelectric) എന്നാണറിയപ്പെടുന്നത്. ഈ പ്രതിഭാസത്തിന്റെ സഹായത്തോടെയാണ്, ടച്ച്‌സ്‌ക്രീനില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാനുള്ള വിദ്യ ഗവേഷകര്‍ വികസിപ്പിക്കുന്നത്.

ഉയര്‍ന്ന വൈദ്യുതി പ്രവാഹക്ഷമതയുള്ള ഗ്രാഫീന്‍ ഇലക്ട്രോഡുകള്‍ക്കിടിയില്‍ പീസോഇലക്ട്രിക് നാനോദണ്ഡുകള്‍ സ്ഥാപിക്കുന്നു. ആ ഇലക്ട്രോഡുകള്‍ ലോലമായ പ്ലാസ്റ്റിക് ഷീറ്റിന് മേല്‍ സ്ഥാപിക്കുന്നു. ഈ ഘടനയാണ് സാംസങിന്റെ പരീക്ഷണ ടച്ച്‌സ്‌ക്രീനിനുള്ളത്.

വൈദ്യുതി ഉപയോഗിക്കുന്ന ദൃഢതയേറിയ ഇലക്ട്രോഡുകളാണ് നിലവിലുള്ള ടച്ച്‌സ്‌ക്രീനുകളില്‍ ഉപയോഗിക്കുന്നത്. ടച്ച്‌സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍, ഫോണിലെ ബാറ്ററി വേഗം കാലിയാകുന്നു. അതിന് പകരം, ഫോണിലെ ബാറ്ററിയെ ആശ്രയിക്കാതെ, സ്വയം വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോലമായ ടച്ച്‌സ്‌ക്രീനുകളാണ് സാംസങ് ഗവേഷകരുടെ ലക്ഷ്യം.

ആത്യന്തികമായി ഈ സംവിധാനം വഴി, ഫോണിലെ ബാറ്ററിയെയും ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞേക്കും. എന്നുവെച്ചാല്‍, ബാഹ്യഊര്‍ജസ്രോതസ്സ് ആവശ്യമില്ലാത്തവയായി ടച്ച്‌സ്‌ക്രീന്‍ ഉപകരണങ്ങള്‍ മാറുമെന്ന് സാരം!

പുതിയ ലക്കം 'അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വിരല്‍സ്​പര്‍ശത്തില്‍ വൈദ്യുതിയുണ്ടാക്കുന്ന സങ്കേതത്തെക്കുറിച്ച് സാംസങ് ഗവേഷകര്‍ വിശദീകരിച്ചിട്ടുള്ളത്.





Stories in this Section