സോഷ്യല്‍ നെറ്റവര്‍ക്ക് സര്‍വീസായ ഗൂഗിള്‍ പ്ലസിന് സമാന്തരമായി, ഗൂഗിള്‍ അവതരിപ്പിച്ച ഫോട്ടോഷെയറിങ് സൈറ്റാണ് 'ഫോട്ടോവൈന്‍'. ഈ സംരംഭത്തെപ്പറ്റി കുറേ ആഴ്ചകളായി ടെക്‌ലോകത്ത് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
ഇത്തരമൊരു സംരംഭം ആരംഭിച്ചതിനെക്കുറിച്ച് ഗൂഗിള്‍ പക്ഷേ, ഔദ്യോഗികമായി ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ വെബ്‌സൈറ്റ് ഇന്റര്‍നെറ്റിലുണ്ട്. മാത്രമല്ല, ഇതിന്റെ ഐഫോണ്‍ ആപ്ലിക്കേഷനും ഗൂഗിള്‍ കഴിഞ്ഞ ദിവസം അധികം പ്രചാരണമൊന്നുമില്ലാതെ റിലീസ് ചെയ്യുകയും ചെയ്തു.
സ്‌ലൈഡ് എന്ന കമ്പനി അവതരിപ്പിച്ച ഫോട്ടോപങ്കിടല്‍ സൈറ്റ് 182 മില്യണ്‍ ഡോളര്‍ നല്‍കി 2010 ല്‍ ഗൂഗിള്‍ സ്വന്തമാക്കിയിരുന്നു. ഈ സൈറ്റാണ് പരിഷ്‌ക്കരിച്ച് പുതിയ രീതിയില്‍ അവതരിപ്പിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ സാധ്യകളാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
'മുമ്പെങ്ങുമില്ലാത്ത വിധം നിങ്ങളുടെ സുഹൃത്തുക്കളെപ്പറ്റി കൂടുതല്‍ അറിയാനും, പുതിയ ആളുകളെ കണ്ടുമുട്ടാനും, നിങ്ങളുടെ ലോകം പങ്കിടാനുമുള്ള രസകരമായ മാര്‍ഗ'മെന്നാണ് സൈറ്റില്‍ ഫോട്ടോവൈനിനെപ്പറ്റി നല്‍കിയിട്ടുള്ള വിവരണം.
ഈ നെറ്റ്‌വര്‍ക്കിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളെ വൈന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഫോട്ടോവൈനിലുള്ള ചിത്രങ്ങളെ മറ്റുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകളിലേക്ക് നല്‍കാനും മറ്റുള്ള നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് ചിത്രങ്ങളെ ഫോട്ടോവൈനിലേക്ക് കൊണ്ടുവരാനും സാധിക്കും.
ചിത്രവിവരണം വഴിയാണ് ചിത്രങ്ങള്‍ തരം തിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് ചിത്രങ്ങള്‍ക്ക് കമന്റ് നല്‍കാനും സമാനമായ ചിത്രങ്ങള്‍ ചേര്‍ക്കാനും സാധിക്കും. ചിത്രങ്ങള്‍കൊണ്ട് കഥപറയുന്ന രസകരമായ അനുഭവമാണ് ഫോട്ടോവൈന്‍ നല്‍കുന്നത്.
ഗൂഗിള്‍ പ്ലസിലേതുപോലെ ക്ഷണിക്കപ്പെടുന്ന അതിഥികള്‍ക്ക് മാത്രമാണ് തുടക്കത്തില്‍ ഇതിലേക്കുള്ള പ്രവേശനം. ട്വിറ്റര്‍ സെര്‍ച്ച് അടുത്തിടെ തുടങ്ങിയ ചിത്രങ്ങളുടെയും വീഡിയോകളുടെയും ഷെയറിങിന് സമാനരീതിയില്‍ തന്നെയാണ് ഫോട്ടോവൈനിന്റെയും അവതരണം. അതിനാല്‍ തന്നെ പുതുമ ഇതിന് അവകാശപ്പെടാന്‍ സാധിക്കില്ല. പിക്കാസഎന്ന ഫോട്ടോഷെയറിങ് സൈറ്റ് ഇപ്പോള്‍തന്നെ ഗൂഗിളിലുണ്ട്. അതില്‍ നിന്ന് എങ്ങനെയാകും ഫോട്ടോവൈന്‍ വ്യത്യസ്തമാകുക എന്ന് ഇപ്പോഴും വ്യക്തമല്ല. മാത്രമല്ല, ഈ സര്‍വീസിന്റെ സൈറ്റില്‍ കാട്ടിയിട്ടുള്ളത് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണല്ല, ആപ്പിളിന്റെ ഐഫോണാണ് എന്നതും ശ്രദ്ധേയമാണ്.