കോഴിക്കോട്: സെല്‍ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ കണ്ണുവെട്ടിച്ച് ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള സാങ്കേതികസംവിധാനങ്ങള്‍ വിപണിയില്‍ ആര്‍ക്കും ലഭിക്കും. ടവറില്‍നിന്നും മൊബൈല്‍ ഫോണിലേക്കുവരുന്ന സിഗ്‌നലുകള്‍ പിടിച്ചെടുത്ത് റെക്കോര്‍ഡുചെയ്യുന്ന ഉപകരണമുപയോഗിച്ച് പ്രമുഖ രാഷ്ട്രീയനേതാക്കളുടെ സംഭാഷണങ്ങള്‍ ചോര്‍ത്തിയതായി ഇംഗ്ലീഷ് മാസികയില്‍ വന്ന ലേഖനം വിവാദമായിരിക്കുകയാണ്. മുമ്പ് ടെലിഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാര്‍സംവിധാനങ്ങളുടെ സഹായത്തോടെ നടന്നിരുന്ന ശ്രമകരമായ ജോലിയായിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം സംവിധാനങ്ങള്‍ സുലഭമായതോടെ ടെലിഫോണ്‍ ചോര്‍ത്തല്‍ ആര്‍ക്കും ചെയ്യാമെന്നായി.
ജി.എസ്.എം മോണിട്ടറിംഗ് സംവിധാനമുപയോഗിച്ചാണ് ഈയിടെ പ്രമുഖരുടെ സെല്‍ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്തിയത്. ഒരു സംശയത്തിനുമിടയാക്കാതെ രണ്ടുകിലോമീറ്ററിനുള്ളിലെ ഏതു സിഗ്‌നലുകളും പിടിച്ചെടുത്ത് ശേഖരിക്കാന്‍ കഴിയുന്ന ഉപകരണമാണിത്. 'വയര്‍ ടാപ്പിങ്' ഉള്‍പ്പടെയുള്ള വിദേശനിര്‍മിത ഉപകരണങ്ങളും സ്മാര്‍ട്ട് ഫോണുകളില്‍ ആരുമറിയാതെ നിക്ഷേപിക്കാവുന്ന ചാര സോഫ്റ്റ്‌വേറുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്.

നോയ്ഡയിലെ പ്രശസ്തമായ കമ്പനി വിതരണം ചെയ്യുന്ന സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് സെല്‍ഫോണുകളിലെ സംഭാഷണങ്ങളും അതിലേക്കു വരുന്നതും പോകുന്നതുമായ സന്ദേശങ്ങളും ചോര്‍ത്തിയെടുക്കാം. ഇതിനുവേണ്ടി സോഫ്റ്റ്‌വേര്‍ ആ സെല്‍ഫോണില്‍ നിക്ഷേപിക്കണമെന്നുമാത്രം. രണ്ടുപേര്‍ തമ്മില്‍ സംഭാഷണം നടക്കുമ്പോള്‍ മാത്രം മൂന്നാമതൊരാള്‍ക്ക് രഹസ്യമായി മറ്റൊരു ഫോണ്‍കോളിലൂടെ സംഭാഷണം ചോര്‍ത്തുന്ന സംവിധാനമാണിത്. പരിസരത്തെ സംഭാഷണങ്ങള്‍പോലും പകര്‍ത്തിയെടുക്കാമെന്നും ഏതു സ്ഥലത്താണ് ഫോണ്‍ ഉപയോഗിക്കുന്നയാളെന്നു തിരിച്ചറിയാമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. സര്‍ക്കാര്‍ സൈനിക സംവിധാനങ്ങള്‍ക്കു വേണ്ടിയാണ് ഇത് തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്ന കമ്പനി ഇത്തരം ചോര്‍ത്തല്‍ തടയാനുള്ള പ്രോഗ്രാമുകളും വില്‍ക്കുന്നുണ്ടെന്നതാണ് രസകരം.
അഹമ്മദാബാദ് ആസ്ഥാനമായുള്ള മറ്റൊരു കമ്പനി പുറത്തിറക്കുന്ന സ്‌പൈസ്, വിദേശനിര്‍മിത സോഫ്റ്റ്‌വേറായ സ്‌പൈഫോണ്‍ തുടങ്ങി ഇത്തരം ഏറെ സോഫ്റ്റ്‌വേറുകള്‍ മുഖ്യമായും ഇന്റര്‍നെറ്റ് വഴിയാണ് വില്പനനടത്തുന്നത്. ഇത്തരം ഫോണ്‍ചോര്‍ത്തല്‍ സംവിധാനങ്ങളെ പ്രതിരോധിക്കാനുള്ള 'സെക്യുര്‍ ജി.എസ്.എം.' പോലുള്ള സോഫ്റ്റ്‌വേറുകളും ലഭ്യമാണ്.
ലാന്‍ഡ് ഫോണിലെ സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള 'യു.എച്ച്.എഫ്. ഫോണ്‍ബഗ്ഗര്‍' പോലുള്ള ഉപകരണങ്ങള്‍ നേരത്തേതന്നെ മാര്‍ക്കറ്റില്‍ ലഭ്യമായിരുന്നു. ടെലിഫോണ്‍ലൈനില്‍ പിടിപ്പിക്കാവുന്ന ഇത്തരം ഉപകരണങ്ങള്‍ വൈദ്യുതകാന്തികതരംഗങ്ങള്‍ പിടിച്ചെടുത്ത് അത് ശബ്ദരൂപത്തിലേക്കുമാറ്റുകയാണ് ചെയ്യുന്നത്.