ഫിലിപ്‌സിന്റെ ബ്ലൂടൂത്ത് സ്പീക്കര്‍

Posted on: 05 Feb 2013


-പി.എസ്.രാകേഷ്‌





ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകളെ ഡെസ്‌ക്‌ടോപ്പ് പോലെ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ഡോക്കിങ് സ്‌റ്റേഷനുകള്‍ വിപണിയിലെത്തിയിട്ട് നാളേറെയായി. സ്മാര്‍ട്‌ഫോണുകളെ മ്യൂസിക് സിസ്റ്റമാക്കുന്ന ഡോക്കിങ് സ്‌റ്റേഷനുകളാണ് പുതിയ ട്രെന്‍ഡ്. മൊബൈലിലുളള മ്യൂസിക് ഫയലുകള്‍ സ്പീക്കറിലൂടെ കേള്‍ക്കാന്‍ സൗകര്യമൊരുക്കുന്ന ഇത്തരമൊരു ഡോക്കിങ് സ്‌റ്റേഷന്‍ ഫിലിപ്‌സ് കമ്പനി ഈയിടെ അവതരിപ്പിച്ചു. ഫിലിപ്‌സ്് എ.എസ്. 111 (Philips AS111) എന്നു പേരിട്ടിരിക്കുന്ന ഈ ഗാഡ്ജറ്റിന് ഏതാണ്ട് 6000 രൂപയാണ് വില.

ഇത്രയും തുക മുടക്കി ഇങ്ങനെയൊരു കുന്ത്രാണ്ടം വാങ്ങിയിട്ടെന്താണ് കാര്യമെന്ന് നമുക്ക് പരിശോധിക്കാം. ഡോക്കിങ് സ്‌റ്റേഷനൊപ്പം ഇതൊരു വയര്‍ലെസ് സ്പീക്കര്‍ കൂടിയാണ്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ മാത്രമല്ല ബ്ലൂടൂത്ത് ഉള്ള ഏതൊരു ഫോണും ഈ ഗാഡ്ജ്റ്റിനോട് കണക്ട് ചെയ്യാം. വോള്യം കണ്‍ടോള്‍ ബട്ടന്‍, പവര്‍ ഓണ്‍/ഓഫ് ബട്ടന്‍, നൈറ്റ് ലൈറ്റ് കണ്‍ട്രോള്‍ ബട്ടന്‍ എന്നിവയാണ് എ.എസ്. 111 ലുള്ളത്.

ഇതിന്റെ താഴെഭാഗത്തുള്ള ലൈറ്റ് ബെഡ് ലാംപ് പോലെ പ്രവര്‍ത്തിക്കും. മുന്‍വശത്തായി ഒരു ഡിജിറ്റല്‍ ക്ലോക്കും അലാം സംവിധാനവും എ.എസ്. 111 ലുണ്ട്. കിടപ്പുമുറിയില്‍ ബെഡ് ലാംപായും അലാം ആയും ഇതു പ്രവര്‍ത്തിപ്പിക്കാമെന്നര്‍ഥം. ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ട ശേഷം അല്പം പാട്ടും കേട്ട് സുഖമായുറങ്ങാം, രാവിലെ ഉണരേണ്ട സമയത്ത് കുത്യമായി എ.എസ്. 111 അലാം അടിച്ച്് ഉണര്‍ത്തിക്കൊള്ളും.

ആറര ഇഞ്ച് വിസ്താരവും രണ്ടിഞ്ച് ഘനവുമുള്ള എസ് 111 ന്റെ മുകള്‍ ഭാഗത്താണ് സ്പീക്കറുള്ളത്. കറന്റില്‍ കുത്തിയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടത്. മൈക്രോ-യു.എസ്.ബി. പോര്‍ട്ടും ഇതിലുണ്ട്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മാത്രമേ ഈ യു.എസ്.ബി. പോര്‍ട്ട് ഉപകരിക്കൂ എന്നറിയുക. ഫോണിലെ പാട്ടുകള്‍ യു.എസ്.ബി. കോഡ് വഴി ഡോക്കിങ് സ്‌റ്റേഷനിലേക്ക്് അയക്കാന്‍ കഴിയില്ല. അതെല്ലാം ബ്ലൂടുത്ത് വഴി സാധിക്കണം.

സ്മാര്‍ട് ഫോണ്‍ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഗൂഗിള്‍ സ്‌റ്റോറില്‍ നിന്ന് ഡോക്ക് സ്റ്റുഡിയോ, സോങ് ബേര്‍ഡ് എന്നീ ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. എങ്കില്‍ ഫോണിലെ പാട്ടുകള്‍ എ.എസ്. 111 ലൂടെ കേള്‍ക്കാനാകും. അക്യൂവെതര്‍.കോം എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കാലാവസ്ഥാ വിവരങ്ങള്‍ എ.എസ്. 111 ലൂടെ കേള്‍ക്കാം.

എ്.എസ്. 111 പ്രവര്‍ത്തിപ്പിക്കുകയെന്നത് കൊച്ചുകുട്ടികള്‍ക്ക് പോലും സാധിക്കുന്ന കാര്യമാണ്. പ്ലഗില്‍ കുത്തി സ്വിച്ച് ഓണ്‍ ആക്കിയ ശേഷം മൊബൈല്‍ ഫോണിലെ ബ്ലൂടുത്ത് ഓണാക്കിയശേഷം ഫോണ്‍ പെയര്‍ ചെയ്യേണ്ടതുണ്ട്. ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ രണ്ടു ഫോണുകള്‍ പെയര്‍ ചെയ്യുന്നതുപോലെ തന്നെ. അതിനുശേഷം ഫോണിലെ മ്യൂസിക് ഫയലുകള്‍ എ.എസ്. 111 ലൂടെ ഉച്ചത്തില്‍ കേള്‍ക്കാം.

ബ്ലൂടൂത്ത് ആയതിനാല്‍ ഫോണ്‍ സദാസമയവും ഡോക്കിങ് സ്‌റ്റേഷനുമുകളില്‍ തന്നെ വെക്കണമെന്നില്ല. അഥവാ ഫോണ്‍ അതിനുമുകളില്‍ വച്ചാല്‍ തന്നെ ശബ്ദസുഖത്തിന് യാതൊരു കോട്ടവും സംഭവിക്കുകയുമില്ല. കമ്പ്യൂട്ടറിനു മുന്നില്‍ നിന്ന് മൊബൈലില്‍ സംസാരിച്ചാലുണ്ടാകുന്ന അലോസരങ്ങളൊന്നും ഇതിലുണ്ടാകില്ല. നിയോഡൈമിയം സ്പീക്കറുകളാണ് ഫിലിപ്‌സ് ഇതിലുപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ശബ്ദം മുഴുവനും കൂട്ടി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പോലും മികച്ച ശബ്ദസുഖം ഈ ഗാഡ്ജറ്റ് ഉറപ്പാക്കുന്നു.

6000 രൂപയാണ് കമ്പനിയിട്ടിരിക്കുന്ന വിലയെങ്കിലും ഫ്ലിപ്കാര്‍ട്ട് പോലുള്ള ഇ-ടെയ്‌ലിങ് സൈറ്റുകള്‍ 5600 രൂപയ്ക്ക് ഫിലിപ്‌സ് എ.എസ്. 111 വില്പനയ്ക്ക് വെച്ചിട്ടുണ്ട്.


Stories in this Section