ഫോണിന് കൂട്ടാളിയാകാന്‍ സ്മാര്‍ട്ട്‌വാച്ച് വരുന്നു

Posted on: 10 Jan 2013


-സ്വന്തം ലേഖകന്‍




ഓണ്‍ലൈന്‍ വഴി ശേഖരിച്ച ഫണ്ടുപയോഗിച്ച് 'പെബിള്‍' (Pebble) കമ്പനി രൂപപ്പെടുത്തിയ സ്മാര്‍ട്ട്‌വാച്ച് ഉപഭോക്താക്കളിലേക്ക് എത്തുന്നു. ആന്‍ഡ്രോയിഡ് ഫോണുകളുടെയും ഐഫോണിന്റെയും കൂട്ടാളിയായി പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌വാച്ച് ജനവരി 23 ന് അമേരിക്കയില്‍ പുറത്തിറങ്ങും.

ലാസ് വേഗാസില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് (CES 2013) പെബിള്‍ സ്മാര്‍ട്ട്‌വാച്ച് അവതരിപ്പിക്കപ്പെട്ടത്. ഇ-റീഡറുകളിലെ ഇ-ഇന്‍ക് ഡിസ്‌പ്ലേ ഉപയോഗിക്കുന്ന വാച്ചിന്റെ സ്‌ക്രീന്‍ റിസല്യൂഷന്‍ 144 x 168 പിക്‌സല്‍ ആണ്.

ക്രിയാത്മകമായ പദ്ധതികളില്‍ പണംമുടക്കാന്‍ താത്പര്യമുള്ള ആളുകളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ഫണ്ട് സമാഹരിക്കുന്ന 'കിക്ക്സ്റ്റാര്‍ട്ടര്‍' (Kickstarter) പദ്ധതി വഴി യാഥാര്‍ഥ്യമാകുന്ന ഉപകരണമാണ് പെബിള്‍ സ്മാര്‍ട്ട്‌വാച്ച്.


സ്മാര്‍ട്ട്‌വാച്ച് പദ്ധതിക്കായി ഒരു ലക്ഷം ഡോളര്‍ ആവശ്യപ്പെട്ട് കിക്ക്സ്റ്റാര്‍ട്ടറില്‍ പെബിള്‍ തങ്ങളുടെ പദ്ധതി സമര്‍പ്പിക്കുന്നത് 2012 ഏപ്രിലിലാണ്. 38 ദിവസത്തെ ഫണ്ടിങ് ക്യാമ്പയിനിടെ, 70,000 പേര്‍ ചേര്‍ന്ന് 100 ലക്ഷം ഡോളര്‍ നല്‍കി. ആ വെബ്‌സൈറ്റ് വഴി വീണ്ടും ഫണ്ടെത്തി. മൊത്തം 150 ലക്ഷം ഡോളര്‍ സമാഹരിക്കപ്പെട്ടു.

പെബിള്‍ സ്മാര്‍ട്ട്‌വാച്ച് 2012 ല്‍ തന്നെ പുറത്തിറക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും, പദ്ധതി വൈകി. അത് തയ്യാറായ വിവരം പെബിള്‍ കമ്പനി വെളിപ്പെടുന്നത്് ഇപ്പോഴാണ്.

സ്മാര്‍ട്ട്‌വാച്ച് ആഴ്ചതോറും 15,000 യൂണിറ്റുകള്‍ വീതം നിര്‍മിക്കാന്‍ കഴിയുമെന്ന് പ്രോജക്ട് സ്ഥാപകന്‍ എറിക് മിഗികോവിസ്‌കി സി.ഇ.എസില്‍ പറഞ്ഞു. വാച്ചൊന്നിന് 149 ഡോളര്‍ (ഏതാണ്ട് 8000 രൂപ) വില വരുമെന്ന് കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു.

സ്മാര്‍ട്ട്‌ഫോണുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പെബിള്‍ സ്മാര്‍ട്ട്‌വാച്ചിനായി ആപ്ലിക്കേഷനുകളുണ്ടാക്കാന്‍ തേര്‍ഡ്പാര്‍ട്ടി ഡെവലപ്പര്‍മാര്‍ക്ക് അവസരമുണ്ട്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ടിവി പ്രവര്‍ത്തിപ്പിക്കുംപോലെ, സ്മാര്‍ട്ട്‌ഫോണുകളുടെ നിയന്ത്രണം വയര്‍ലെസ്സ് ആയി ഈ വാച്ചുപയോഗിച്ച് നിര്‍വഹിക്കാന്‍ കഴിയും.


സ്മാര്‍ട്ട്‌ഫോണില്‍ മ്യൂസിക് കേള്‍ക്കാനും വീഡിയോ കാണാനും, അവ തിരഞ്ഞെടുക്കാനുമൊക്കെ വാച്ചുപയോഗിക്കാനാകും. ഫോണിലെത്തുന്ന ടെക്‌സ്റ്റ് സന്ദേശങ്ങളും ഈമെയിലുകളും വാച്ചില്‍ കാണാം. മാത്രമല്ല, ഇന്‍കമിങ് കോളുകള്‍ കൈകാര്യം ചെയ്യാനും വാച്ചുപയോഗിച്ച് സാധിക്കും.

If This Then That (IFTTT)
എന്ന നോട്ടിഫിക്കേഷന്‍ സര്‍വീസിന്റെ സേവനം സ്മാര്‍ട്ട്‌വാച്ചില്‍ പെബിള്‍ ലഭ്യമാക്കിയിട്ടുണ്ട്. കാലാവസ്ഥ, ന്യൂസ് വെബ്‌സൈറ്റുകളിലെ പുതിയ അപ്‌ഡേറ്റുകള്‍ തുടങ്ങിയവ സംബന്ധിച്ച അറിയിപ്പുകള്‍ ഈ സേവനം വഴി താത്പര്യമുണ്ടെങ്കില്‍ ഉപഭോക്താവിന് വായിക്കാം.

വാച്ചിലെ ബാറ്ററിച്ചാര്‍ജ് ദിവസവും 5-10 ശതമാനം വീതം കുറയും. ദിവസങ്ങളോളം ബാറ്ററി ചാര്‍ജ് നില്‍ക്കുമെങ്കിലും, റീച്ചാര്‍ജ് ചെയ്യാന്‍ വാച്ചിനെ ഒരു കേബിളുമായി ഘടിപ്പിക്കണം. ഇതൊരു പ്രശ്‌നമാകാമെന്ന് ചിലരെങ്കിലും കരുതുന്നു.


TAGS:


Stories in this Section