സംസാരിച്ചു സംസാരിച്ചു കാര്യങ്ങള്‍ വഷളാകുമ്പോള്‍ ഫോണ്‍ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലെറിയാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല, ഒരിക്കലെങ്കിലും. നിങ്ങളുടെ ആ ആഗ്രഹം നടപ്പാക്കിത്തരുകയാണ് കാനഡയിലെ ഒരു സംഘം ഗവേഷകര്‍. മടക്കാനും ചുരുട്ടാനും ദേഷ്യം വരുമ്പോള്‍ ഒടിക്കാനുമെല്ലാം കഴിയുന്ന ഒരു പേപ്പര്‍ ഫോണിന്റെ ആദ്യരൂപം (പ്രോട്ടോടൈപ്പ്) അവര്‍ നിര്‍മിച്ചുകഴിഞ്ഞു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ പേപ്പര്‍ഫോണ്‍ വ്യാപാരാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ ഉറപ്പുനല്‍കുന്നു.
കാനഡയിലെ ക്യൂന്‍സ് സര്‍വകലാശാലാ ഹ്യുമന്‍ മീഡിയലാബും, അരിസോണ സര്‍വകലാശാലയിലെ മോട്ടിവേഷനല്‍ എന്‍വയോണ്‍മെന്റ്‌സ് റിസേച്ച് ഗ്രൂപ്പും സംയുക്തമായാണ് ഈ അത്ഭുതഫോണിന്റെ മാതൃക സൃഷ്ടിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ആവരണമുള്ള ഒരു കടലാസ്ഷീറ്റാണ് കാഴ്ചയില്‍ ഈ ഫോണ്‍. എന്നാല്‍ കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും പാട്ടുകേള്‍ക്കാനും ഇബുക്കുകള്‍ വായിക്കാനുമൊക്കെ ഇവന്‍ ധാരാളം മതി.
ഷീറ്റ് മടക്കുന്നതിനും ചുരുട്ടുന്നതിനുമനുസരിച്ചാണ് ഫോണിലെ ഓരോ സേവനവും ലഭ്യമാകുക. ടച്ച്‌സ്‌ക്രീന്‍ ഫോണുകളില്‍ തൊടുന്നതുപോലെ ഈ ഫോണിന്റെ വശങ്ങള്‍ മടക്കിയാല്‍ കാര്യം നടക്കുമെന്നര്‍ഥം. ഫോണിന്റെ പ്രതലത്തിനുമുകളില്‍ എഴുതിയാലും മതി. ഫോണ്‍ ചെയ്യണമെങ്കില്‍ ഫോണിനു മുകളിലൂടെ 'കോള്‍' എന്നെഴുതിയാല്‍ ധാരാളം.