പൂര്‍ണ റിസല്യൂഷനില്‍ 1080പി ഹൈഡെഫിനിഷന്‍ വീഡിയോ ആസ്വദിക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ദക്ഷിണകൊറിയന്‍ കമ്പനിയായ പാന്‍ടെക് അവതരിപ്പിച്ചു. 5.9 ഇഞ്ച് ഡിസ്പ്ലേയൊടുകൂടിയ
'വേഗ നമ്പര്‍ 6' (Vega No 6), ലോകത്തെ ആദ്യ 'പൂര്‍ണ എച്ച്.ഡി.വീഡിയോ ഫോണ്‍' ആണെന്ന് കമ്പനി പറയുന്നു.
ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും വലിയ ഫുള്‍ എച്ച്.ഡി. സ്മാര്‍ട്ട്ഫോണാണ് വേഗ. ചൈനീസ് കമ്പനിയായ ഹ്വാവേ അടുത്തയിടെ 6.1 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള ഫോണ്‍ പുറത്തിറക്കിയിരുന്നു. അതിന്റെ ഡിസ്പ്ലെ, പക്ഷേ 720പി മാത്രമേ ഉണ്ടായിരുന്നുള്ളു.
'ഫാബ്ലറ്റ്' ('phablet') എന്ന വിഭാഗത്തില്‍ പെടുന്ന സ്മാര്‍ട്ട്ഫോണ്‍ ആണ് വേഗ. ടാബ്ലറ്റ് കമ്പ്യൂട്ടറുകളെക്കാള്‍ സ്ക്രീന്‍ വലിപ്പം കുറഞ്ഞതും, എന്നാല്‍ സാധാരണ സ്മാര്‍ട്ട്ഫോണുകളെക്കാളും വലിപ്പം കൂടിയതുമായ സ്മാര്‍ട്ട്ഫോണുകളെയാണ് ഫാബ്ലറ്റ് എന്ന് വിളിക്കാറ്.
സ്ക്രീന്‍ വലിപ്പത്തിന്റെ കാര്യത്തില്‍ ഉപഭോക്താക്കളുടെ സ്വീകാര്യതയെക്കുറിച്ച് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ഉറപ്പുണ്ടായിരുന്നില്ല. സാംസങ് 2011 ല്‍ 5.3 ഇഞ്ചുള്ള ഗാലക്സി നോട്ട് (Galaxy Note) അവതരിപ്പിച്ചപ്പോള്‍, വലുപ്പക്കൂടുതല്‍ കൊണ്ട് അതൊരു പരാജയമാകുമെന്ന് പല ടെക് വിദഗ്ധരും പ്രവചിച്ചു. എന്നാല്‍, സാംസങിന്റെ വിജയങ്ങളിലൊന്നായി ഗാലക്സി നോട്ട് മാറി.
സ്ട്രീക്ക് 5 (Streak 5) എന്ന അഞ്ചിഞ്ച് സ്മാര്‍ട്ട്ഫോണ്‍ ഡെല്‍ അവതരിപ്പിച്ചെങ്കിലും, ഏഴിഞ്ച് ടാബ്ലറ്റില് കൂടുതല്‍ ശ്രദ്ധിക്കാനായി ആ ഫോണ്‍ പരമ്പര അവര്‍ തുടര്‍ന്നില്ല. സോണി, എല്‍.ജി, എച്ച്.ടി.സി. എന്നിങ്ങനെ പ്രമുഖ ഹാന്‍സെറ്റ് നിര്‍മാതാക്കളെല്ലാം സമീപകാലത്ത് അഞ്ചിഞ്ച് സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തിക്കുകയുണ്ടായി.
സൂപ്പര്‍ വലിപ്പമുള്ള കൂടുതല്‍ ഫോണുകള്‍ അടുത്ത മാസം അവസാനം ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്.