തിരുവനന്തപുരം: പന്തളം സ്വദേശി ജിമ്മി കോരുതിനെ കാണാതായിട്ട് അപ്പോഴേക്കും 12 വര്‍ഷമായിരുന്നു. അന്വേഷിക്കാന്‍ ബാക്കി ഒരിടമില്ല. അങ്ങനെയിരിക്കെ ജിമ്മി മിന്നിമറയുന്നു; പന്തളത്തല്ല, ഓര്‍ക്കുട്ടില്‍. ശേഷം കഥ പോലീസിലേക്ക്.... തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ അവസാന വര്‍ഷം ഡിഗ്രിക്ക് പഠിയ്ക്കുമ്പോഴാണ് ജിമ്മി കോരുതിനെ കാണാതാകുന്നത്. 1998 നവംബര്‍ 11 മുതല്‍ മകനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് വി.വി.കോരുത് പന്തളം സി.ഐ.യ്ക്ക് പരാതി നല്‍കി. പോലീസ് ചട്ടപ്പടി അന്വേഷണം തുടങ്ങി. പതിവുപോലെ കുറച്ചുനാള്‍ അന്വേഷിച്ച് കേസ്ഫയല്‍ ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞു.
ജിമ്മിയെ ലോകം മറന്നു തുടങ്ങി. അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ ജനവരിയില്‍ കോരുത് എന്ന പേര് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇന്റര്‍നെറ്റിലെ സൗഹൃദവേദിയെന്നറിയപ്പെടുന്ന ഓര്‍ക്കുട്ടില്‍ ജിമ്മിയുടെ ഒരു ബന്ധുവാണ് 'കോരുത്' എന്ന പേര് കണ്ടെത്തിയത്. ബന്ധു ഇക്കാര്യം ജിമ്മിയുടെ പിതാവ് വി.വി.കോരുതിനെ അറിയിച്ചു. അദ്ദേഹം ഉടന്‍ പന്തളം സി.ഐ. സക്കറിയ മാത്യുവിന് വിവരം കൈമാറി. കേസ് തിരുവനന്തപുരത്തെ സൈബര്‍ പോലീസ് ഏറ്റെടുത്തു.
ഓര്‍ക്കുട്ടിന്റെ ഉടമസ്ഥരായ ഗൂഗിളുമായി സൈബര്‍പോലീസ് ബന്ധപ്പെട്ടു. 2008 ഒക്ടോബര്‍ 18 ന് ചെന്നൈയിലുള്ള ഒരു സൈബര്‍ കഫെയില്‍ വെച്ചാണ് മേല്‍പ്പറഞ്ഞ ഓര്‍ക്കുട്ട് വിലാസമുണ്ടാക്കിയിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ ജനവരിയില്‍ പോലീസ് അവിടെ അന്വേഷിച്ചെത്തുമ്പോഴേക്ക് സൈബര്‍കഫെ പൂട്ടിപ്പോയിരുന്നു. തുടര്‍ന്ന് ഓര്‍ക്കുട്ടിലെ വിശദാംശങ്ങള്‍ പരതുകയും ഓര്‍ക്കുട്ട് വിലാസക്കാരന്‍ ഉപയോഗിച്ചിരുന്ന ഇമെയില്‍ വിലാസം ലഭ്യമാക്കുകയും ചെയ്തു.
യാഹുവിലെ വിലാസമായിരുന്നു ഓര്‍ക്കുട്ടില്‍ നല്‍കിയിരുന്നത്. തുടര്‍ന്ന് സൈബര്‍ പോലീസ് യാഹു ഓഫീസുമായി ബന്ധപ്പെട്ട്, ചെന്നൈയിലെ അഡയാറില്‍ എയര്‍ടെല്ലിന്റെ സേവനം ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ നിന്നാണ് ഈ വിലാസക്കാരന്‍ സ്ഥിരമായി ഇമെയില്‍ ചെയ്യുന്നതെന്നും മനസ്സിലാക്കി.
തുടര്‍ന്നുള്ള അന്വേഷണം അഡയാറിലെ സൈബര്‍കഫെയിലെ കമ്പ്യൂട്ടറിലേക്ക് പോലീസിനെ എത്തിച്ചു. കഫെയില്‍ ബ്രൗസ് ചെയ്യാനെത്തുന്നവരുടെതിരിച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പ് തങ്ങള്‍ വാങ്ങിവെയ്ക്കാറുണ്ടെന്നും കഫെയില്‍ നിരീക്ഷണ വീഡിയോ ക്യാമറ ഉപയോഗിക്കുന്നുണ്ടെന്നും ഉടമസ്ഥര്‍ അറിയിച്ചു. വി.വി.കോരുതിനെ പോലീസ് അഡയാറിലെത്തിച്ചു. വീഡിയോചിത്രങ്ങളില്‍ നിന്ന് കോരുത്, ജിമ്മിയെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ചെന്നൈയിലെ ശാസ്ത്രിനഗറില്‍ നിന്ന് കേരള പോലീസ് ജിമ്മി കോരുതിനെ കണ്ടെത്തുകയായിരുന്നു.
വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കരുതെന്ന് ജിമ്മി ആദ്യമേ പറഞ്ഞതിനാല്‍ എന്തുകൊണ്ടാണ് അയാള്‍ വീട്ടുകാരെ ഉപേക്ഷിച്ച് അജ്ഞാതവാസം നടത്തിയതെന്ന കാര്യം വ്യക്തമല്ല. ഗോവയിലും ചെന്നൈയിലുമായി കോള്‍സെന്ററില്‍ താന്‍ ജോലി ചെയ്തിരുന്നുവെന്നുമാത്രം ജിമ്മി പറയുന്നു. ഭൗതികലോകത്ത് നഷ്ടപ്പെട്ടയാളെ സൈബര്‍ ലോകത്തുനിന്ന് കണ്ടെത്താനായതില്‍ താന്‍ കൃതാര്‍ത്ഥനാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഐ.ജി ടോമിന്‍ തച്ചങ്കരിയും പറഞ്ഞതോടെ ജിമ്മിയുടെ തിരോധാനം ശുഭപര്യവസായിയായി. എസ്.പി. ഗിരിജാനാഥന്‍ നായര്‍, ഡിവൈ.എസ്.പി ജെ.സുകുമാരപിള്ള, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.എസ്.ബിജുമോന്‍, അജിത് മോഹന്‍ എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.