പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടായിയെന്ന് ഐതീഹ്യം. ആ പാരമ്പര്യം കേരളീയര്‍ ഇന്നും നിലനിര്‍ത്തിപ്പോരുന്നുണ്ട്, മാവിലേറിലൂടെയും കല്ലേറിലൂടെയും ചാത്തനേറിലൂടെയുമൊക്കെ. പ്രതിഷേധ പ്രകടനം നടന്നാല്‍ ബസ്സുകള്‍ക്ക് കല്ലേറ് ഏതാണ്ട് ഉറപ്പിക്കാം!
ക്രിക്കറ്റിലാണെങ്കിലോ എറിയുന്നവരുടെ കഴിവ് പോലിരിക്കും എതിരാളികള്‍ തോല്‍ക്കുന്നതും ജയിക്കുന്നതും. ഏറിയുക എന്ന പ്രവര്‍ത്തിക്ക് ഇങ്ങനെ നാനാര്‍ഥങ്ങളുണ്ട്.
പക്ഷേ, എന്നായിരിക്കും മനുഷ്യന്‍ ഏറ് തുടങ്ങിയിരിക്കുക? ഇത് കേള്‍ക്കുമ്പോള്‍, എന്തൊരു മണ്ടന്‍ ചോദ്യമെന്ന് ആദ്യം തോന്നാം. മനുഷ്യന്‍ എന്നും എറിഞ്ഞിട്ടില്ലേ, അപ്പോള്‍ പിന്നെ എന്നാണ് ഏറ് തുടങ്ങിയതെന്ന് ചോദിക്കുന്നതില്‍ അര്‍ഥമുണ്ടോ എന്ന് വിചാരിച്ചേക്കാം.
എന്നാല്‍, ഈ ചോദ്യത്തില്‍ കാര്യമുണ്ട്, ഈ ചോദ്യത്തിന് ഉത്തരവുമുണ്ട്. ആ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരുസംഘം യു.എസ്.ഗവേഷകര്‍. ആധുനിക മനുഷ്യന്റെ പൂര്‍വ്വികവര്‍ഗക്കാര്‍ രണ്ടുലക്ഷം വര്‍ഷം മുമ്പേ എറിയാനുള്ള കഴിവ് ആര്‍ജിച്ചുവെന്നാണ് അവരുടെ കണ്ടെത്തല്‍.
മനുഷ്യന്റെ അന്യംനിന്നുപോയ പൂര്‍വികവര്‍ഗമായ 'ഹോമോ ഇറക്ടസി'ന് ഏറ് നടത്താന്‍ പാകത്തിലുള്ള ശാരീരിക മാറ്റങ്ങള്‍ രണ്ടുലക്ഷം വര്‍ഷം മുമ്പ് ഉണ്ടായതായി,
'നേച്ചര്‍' ഗവേഷണവാരിക പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.
വേട്ടയാടല്‍ ശക്തിപ്പെട്ട സമയമാണത് എന്ന് പുരാവസ്തുശാസ്ത്ര തെളിവുകള്‍ വ്യക്തമാക്കുന്നു. എറിയാനുള്ള കഴിവ് വര്‍ധിച്ചതും വേട്ടയാടലില്‍ പ്രാഗത്ഭ്യമേറിയതും തമ്മില്‍ നേരിട്ടുബന്ധമുണ്ടെന്ന് ഗവേഷകര്‍ കരുതുന്നു.
വേട്ടയാടാനുള്ള ശേഷി വര്‍ധിച്ചതോടെ പ്രാചീന മനുഷ്യരുടെ കഴിവുകള്‍ കൂടുതല്‍ വികസിക്കാന്‍ വഴിതെളിഞ്ഞു. ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് കുടിയേറാന്‍ അതവരെ പ്രാപ്തരാക്കി - പഠനറിപ്പോര്‍ട്ട് പറയുന്നു. ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ നീല്‍ റോത്തിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.
നിശ്ചിതലക്ഷ്യത്തില്‍ കൃത്യതയോടെ വേഗത്തിലെറിയാനുള്ള കഴിവ് മനുഷ്യന് മാത്രമാണുള്ളത്. പരിണാമശ്രേണിയില്‍ മനുഷ്യന്റെ അടുത്തുള്ള ചിമ്പാന്‍സികളെ അപേക്ഷിച്ച് വളരെ വേഗത്തിലെറിയാന്‍ മനുഷ്യന് കഴിയും. ചിമ്പാന്‍സികള്‍ക്ക് മണിക്കൂറില്‍ 20 മൈല്‍ വേഗത്തിലാണ് എറിയാന്‍ കഴിയുന്നതെങ്കില്‍, മനുഷ്യന് മണിക്കൂറില്‍ 90 മൈല്‍ വേഗത്തില്‍ എറിയാന്‍ ശേഷിയുണ്ട്.

എറിയാനുള്ള മനുഷ്യന്റെ ശേഷി പരിണമിച്ചുണ്ടായത് എങ്ങനെയെന്നറിയാന്‍, ഇപ്പോള്‍ ഏറ് നടത്തുന്ന മനുഷ്യന്റെ ശരീരത്തിന്റെ ബയോമെക്കാനിക്‌സ് ( biomechanics ) പ്രത്യേകതകള്‍ മനസിലാക്കേണ്ടിയിരുന്നു. അതിനായി ബേസ്‌ബോള്‍ കളിക്കാരുടെ ശരീരചലനം ക്യാമറകളില്‍ പിടിച്ച് വിശകലനം ചെയ്യുകയാണ് ഗവേഷകര്‍ ചെയ്തത്. എറിയുമ്പോള്‍ തോളിന്റെയും പേശികളുടെയും സൂക്ഷ്മചലനങ്ങള്‍ പഠനവിധേയമാക്കി.
എറിയാന്‍ പാകത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ രണ്ടുലക്ഷം വര്‍ഷംമുമ്പ് പ്രാചീനമനുഷ്യരുടെ ശരീരഘടനയില്‍ പ്രത്യക്ഷപ്പെട്ടതായി പഠനത്തില്‍ തെളിഞ്ഞു. വേഗത്തിലെറിയാനാവശ്യമായ ഊര്‍ജം ചുമലിലെ പേശികളില്‍ സംഭരിക്കാന്‍ ആ മാറ്റങ്ങള്‍ പ്രാചീനമനുഷ്യനെ സഹായിച്ചു - പഠനത്തിന് നേതൃത്വം നല്‍കിയ നീല്‍ റോത്ത് പറഞ്ഞു.
അതോടെ വേട്ടയാടാനും മാംസഭക്ഷണം ഭാഗികമായി ശീലിക്കാനും പ്രാചീനമനുഷ്യന് കഴിയുമെന്നായി. കലോറിയും കൊഴുപ്പം അങ്ങനെ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെട്ടു തുടങ്ങി. സ്വാഭാവികമായും ശരീരത്തിന്റെ വലിപ്പമേറാനും തലച്ചോര്‍ വളരാനുമുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടു.
മുന്തിയ ഭക്ഷണം കൂടുതല്‍ ലഭ്യമാണെന്ന് വന്നതോടെ, കൂടുതല്‍ സന്താനങ്ങളാകാം എന്നുവന്നു. പ്രാചീനമനുഷ്യരുടെ സാമൂഹിക ഘടനയില്‍ താത്പര്യജനകമായ പലതും സംഭവിക്കാനാരംഭിച്ചു. തൊഴില്‍ വിഭജനം ആരംഭിക്കുന്നതും ആ സമയത്താണെന്ന് റോത്ത് ചൂണ്ടിക്കാട്ടുന്നു. ചിലര്‍ വേട്ടയാടാന്‍ പോകുമ്പോള്‍, മറ്റു ചിലര്‍ വേറെ ഭക്ഷ്യവസ്തുക്കള്‍ തേടാന്‍ നിയോഗിക്കപ്പെട്ടു.
മാത്രമല്ല, പുതിയ പരിസ്ഥിതികളിലേക്ക് കുടിയേറാനും ഇത് പ്രാചീനമനുഷ്യരെ പ്രാപ്തമാക്കി. ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് ഹോമോ ഇറക്ടസ് എന്ന പ്രാചീനവര്‍ഗം കുടിയേറാന്‍ തുടങ്ങുന്നത് അങ്ങനെയാണ്.
വേഗത്തില്‍ എറിയാനുള്ള മനുഷ്യന്റെ ശക്തി വരുന്നത് തോളില്‍ സംഭരിക്കപ്പെട്ട ഇലാസ്റ്റിക് ഊര്‍ജത്തില്‍ നിന്നാണ് എന്ന കാര്യമാണ് ഈ പഠനത്തിലെ വിചിത്രമായ ഒരു കണ്ടെത്തലെന്ന്, പഠനസംഘത്തില്‍പെട്ട ഹാര്‍വാഡിലെ ഡാനിയല്‍ ലിബര്‍മാന്‍ പറഞ്ഞു.