
ഒന്നൊത്താല്‍ മൂന്നൊക്കും എന്ന പഴമൊഴി മൊബൈല്‍ ഫോണുകളുടെ കാര്യത്തിലും സത്യമായി ഭവിക്കുകയാണ്. ആദിയില്‍ ഒരു സിം മാത്രമിടാവുന്ന മൊബൈല്‍ഫോണുകള്‍ പിന്നീടെപ്പോഴോ ഡ്യുവല്‍ സിം ആയി രൂപാന്തരപ്പെട്ടു. ഇപ്പോഴിതാ മൂന്ന് സിമ്മുകള്‍ ഉള്ളില്‍ പേറാന്‍ കഴിവുളള ത്രിബിള്‍ സിം ഫോണുകളാണ് പുത്തന്‍ ട്രെന്‍ഡ്. വന്‍കമ്പനികള്‍ ഇക്കാര്യം ആലോചിച്ചുതുടങ്ങും മുമ്പേ ഇന്ത്യന്‍വിപണിയില്‍ ഇത്തരം ഫോണുകളിറക്കി നാടന്‍ കമ്പനികള്‍ കൈയടി നേടിക്കഴിഞ്ഞു. ഇന്‍ഡക്‌സ് എന്ന ഇന്ത്യന്‍ കമ്പനിയായിരുന്നു രാജ്യത്ത് ആദ്യ ത്രിബിള്‍ സിം ഫോണ്‍ പുറത്തിറക്കിയത്. ഇപ്പോഴിതാ കൂടുതല്‍ സൗകര്യങ്ങളോടെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒലിവ് ടെലികോമും ഇത്തരമൊരു ഫോണ്‍ അവതരിപ്പിച്ചുകഴിഞ്ഞു.
ഒലിവ് വിസ് VGC 800 എന്നു പേരിട്ടിരിക്കുന്ന ഈ മോഡലില്‍ രണ്ട് ജി.എസ്.എം. സിമ്മുകളും ഒരു സി.ഡി.എം.എ. സിമ്മും ഉപയോഗിക്കാനാവും. മികച്ച ഓഫറുകളും ശക്തിയേറിയ കവറേജും ഏതിലാണെന്നു നോക്കി മൊബൈല്‍ കണക്ഷനുകള്‍ മാറിമാറി ഉപയോഗിക്കാന്‍ ഈ ഫോണ്‍ സഹായിക്കും ഉറപ്പ്.
ത്രിബിള്‍ സിം സൗകര്യം മാത്രമല്ല, പുത്തന്‍തലമുറ സ്മാര്‍ട്‌ഫോണുകളിലെ ഒട്ടേറെ സംവിധാനങ്ങള്‍ ഈ മോഡലില്‍ ഉള്‍പ്പെടുത്താന്‍ ഒലിവ് ടെലികോം മറന്നിട്ടില്ല. ഇന്റര്‍നെറ്റ്് പ്രവേശത്തിനായി ഒപേര മിനി ബ്രൗസര്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സൗഹൃദക്കൂട്ടായ്മാ സൈറ്റുകളിലേക്കുള്ള വണ്‍ ക്ലിക്ക് ആക്‌സസ് തുടങ്ങിയ സൗകര്യങ്ങളാണ് അതില്‍ മുഖ്യം.
ടൈപ്പിങ് എളുപ്പമാക്കാനായി കമ്പ്യൂട്ടറിലേതുപോലുള്ള ക്യുവെര്‍ട്ടി കീബോര്‍ഡാണ് ഫോണിലേത്. 2.2 ഇഞ്ച് ഡിസ്‌പ്ലേയും ബ്ലൂടൂത്തും നാല് ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറിയും ഫോണ്‍ സമ്മാനിക്കുന്നുണ്ട്. ഇതിനു പുറമെ രണ്ട് മെഗാപിക്‌സല്‍ കാമറ, എഫ്.എം. റേഡിയോ, മ്യൂസിക് പ്ലെയര്‍, വീഡിയോ പ്ലെയര്‍ എന്നിവയും ഒലിവ് വിസ് ഉറപ്പുനല്‍കുന്നു.
ഒരു വര്‍ഷത്തെ വാറന്റിയോടെയാണ് ഒലിവ് വിസ് വിപണിയിലെത്തുകയെന്ന് ഒലിവ് ടെലികമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അരുണ്‍ഖന്ന പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ആദ്യ നൂറുദിവസം റിപ്ലേസ്‌മെന്റ് വാറന്റിയൂം നല്‍കുന്നു. പുതിയ മോഡല്‍ എന്നു വിപണിയിലെത്തുമെന്നോ എന്താണതിന്റെ വിലയെന്നോ വെളിപ്പെടുത്താന്‍ കമ്പനി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഏന്തായാലും അയ്യായിരം രൂപയില്‍ താഴെയാകും വിലയെന്ന് സൂചനയുണ്ട്.
ഇറ്റാലിയന്‍ മൊബൈല്‍ കമ്പനിയായ ഇന്‍ക്യുവിന്റെ പുതിയ മോഡല്‍ ചാറ്റ് ത്രിജിയുടെ (INQ chat 3G) തനിപ്പകര്‍പ്പാണ് സ്‌പൈസ് വിസെന്ന് അടക്കം പറയുന്നവരുണ്ട്. എയര്‍സെല്ലുമായുള്ള ടൈ-അപ്പില്‍ ചാറ്റ് ത്രിജിയും ഇപ്പോള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. 7500 രൂപയാണ് ഈ മോഡലിനിട്ടിരിക്കുന്ന വില. ഇന്‍ക്യൂവിന്റെ ഒറിജിനലും ഒലിവിന്റെ 'ഡ്യൂപ്പും' കൂടി അങ്കം വെട്ടിയാല്‍ ആരാകും ജയിക്കുകയെന്ന് കാത്തിരുന്നുകാണാം.