മനുഷ്യചരിത്രത്തില്‍ ഏറ്റവും പ്രശസ്തമായ നക്ഷത്രം ഒരുപക്ഷേ അതായിരിക്കും - പൊളാരിസ്. ധ്രുവനക്ഷത്രം എന്ന പേരിലത് അറിയപ്പെട്ടു. നാവികരുടെയും മുക്കുവരുടെയും മരുഭൂമിയില്‍ ദിക്കറിയാതെ ഉഴലുന്നവരുടെയും അഭയകേന്ദ്രമായി മാറി അത്. എന്നിട്ടും അതെത്ര അകലെയാണെന്ന തര്‍ക്കം ശാസ്ത്രലോകത്ത് ഇപ്പോഴും തുടരുന്നു.
ഇംഗ്ലീഷുകാര്‍ നോര്‍ത്ത് സ്റ്റാര്‍ എന്നുവിളിക്കുന്ന ധ്രുവനക്ഷത്രത്തിലേക്ക്, കരുതിയിരുന്നത്ര അകലമില്ലെന്ന് പുതിയൊരു പഠനം പറയുന്നു. നമ്മളില്‍നിന്ന് 434 പ്രകാശവര്‍ഷമകലെയാണ് പൊളാരിസ് എന്നാണ് കരുതിയിരുന്നത്. പുതിയ പഠനം അനുസരിച്ച് അകലം വെറും 323 പ്രകാശവര്‍ഷം മാത്രം!
കാനഡയില്‍ ഹാലിഫെക്‌സിലുള്ള സെന്റ് മേരീസ് സര്‍വകലാശാലയിലെ ഡേവിഡ് ടേര്‍ണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ പഠനം നടത്തിയത്. പൊളാരിസ് നക്ഷത്രത്തില്‍ നിന്നുള്ള പ്രകാശത്തിന്റെ വര്‍ണരാജി വിശകലനം ചെയ്തായിരുന്നു പഠനം.
1990 കളില്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ 'ഹിപ്പാര്‍കസ്' (Hipparcos) പേടകമാണ് 434 പ്രകാശവര്‍ഷമകലെയാണ് പൊളാരിസ് എന്ന് കണക്കുകൂട്ടിയത്. എന്നാല്‍, നക്ഷത്രത്തിലേക്ക് അത്രയും അകലമുണ്ടാകാന്‍ സാധ്യതയില്ലെന്ന് മറ്റ് ചില പഠനങ്ങള്‍ സൂചന നല്‍കിയിരുന്നു (പ്രകാശം ഒരുവര്‍ഷം സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവര്‍ഷം. ഒരു പ്രകാശവര്‍ഷം ഏതാണ്ട് 10 ലക്ഷംകോടി കിലോമീറ്റര്‍ വരും).
സെഫീഡ് വേരിയബില്‍ താരങ്ങളില്‍പെട്ട ഒന്നാണ് പൊളാരിസ് നക്ഷത്രം. പ്രപഞ്ചത്തിലെ ദൂരമളക്കാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ ആശ്രയിക്കുന്ന പ്രമാണദീപങ്ങളാണ് സെഫീഡ് വേരിയബിള്‍ താരങ്ങള്‍. സെഫീഡ് താരത്തിന്റെ തിളക്കത്തിലുണ്ടാകുന്ന വ്യത്യാസം അളന്ന് ദൂരം കണക്കുകൂട്ടാന്‍ കഴിയും.
അതിനാല്‍, പൊളാരിസിലേക്കുള്ള കൃത്യമായ ദൂരം മനസിലാക്കാനാകുന്നത്, തമോദ്രവ്യം (ഡാര്‍ക്ക് മാറ്റര്‍) പോലുള്ള പ്രാപഞ്ചിക നിഗൂഢതകള്‍ തേടാന്‍ ശാസ്ത്രലോകത്തിന് സഹായകമാകും. 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണല്‍ ലറ്റേഴ്‌സി'ലാണ് പഠനവിവരം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ആകാശത്ത് ഭൂമിയുടെ അച്ചുതണ്ടിന്റെ നേര്‍ദിശയിലാണ് പൊളാരിസിന്റെ സ്ഥാനം. അതിനാല്‍ മറ്റ് നക്ഷത്രങ്ങള്‍ മുഴുവന്‍ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി കാണുമ്പോള്‍, പൊളാരിസ് മാത്രം വടക്കന്‍ ആകാശത്ത് ഒരേ സ്ഥാനത്ത് കാണപ്പെടുന്നു. അതിനെ ധ്രുവനക്ഷത്രം എന്ന് വിളിക്കാന്‍ അതാണ് കാരണം.
യഥാര്‍ഥത്തില്‍ മൂന്നു നക്ഷത്രങ്ങളടങ്ങിയ ഒരു സംവിധാനത്തില്‍ പെട്ടതാണ് പൊളാരിസ്. സൂര്യനെ അപേക്ഷിച്ച് 4000 മടങ്ങ് കൂടുതല്‍ തിളക്കം അതിനുണ്ട്.
എക്കാലവും പൊളാരിസായിരിക്കും ധ്രുവനക്ഷത്രമെന്ന് കരുതരുതെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഭൂമിയുടെ അച്ചുതണ്ടിന് ചെറിയ ദിശാവ്യതിയാനം സംഭവിക്കാറുണ്ട്. ഇന്നത്തെ നിലയ്ക്ക് 14000 വര്‍ഷം കഴിയുമ്പോള്‍, ഭൂമിയുടെ അച്ചുതണ്ട് നീളുന്നത് വേഗ നക്ഷത്രത്തിന് നേരെ ആയിരിക്കും. അപ്പോള്‍ ധ്രുവനക്ഷത്രം വേഗയാകും, പൊളാരിസിന് ആ വിശേഷണം നഷ്ടമാകും.