ആവേശം പകരാതെ പുതിയ നോക്കിയ സമാര്‍ട്ട്‌ഫോണുകള്‍

Posted on: 06 Sep 2012


-സ്വന്തം ലേഖകന്‍



ലൂമിയ 920, ലൂമിയ 820 എന്നീ വിന്‍ഡോസ് ഫോണുകളാണ് നോക്കിയയുടെ മൈക്രോസോഫ്റ്റും ചേര്‍ന്ന് അവതരിപ്പിച്ചത്.



നോക്കിയ പുതിയതായി അവതരിപ്പിച്ച ലൂമിയ ഫോണുകള്‍ നിക്ഷേപകരില്‍ ആവശമുണര്‍ത്തിയില്ലെന്ന് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റിന്റെ 'വിന്‍ഡോസ് ഫോണ്‍ 8' പ്ലാറ്റ്‌ഫോമിലുള്ള ലൂമിയ 920, ലൂമിയ 820 എന്നീ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് നോക്കിയ അവതരിപ്പിച്ചത്.

എന്നാല്‍, പുതിയ ഫോണുകളുടെ അവതരണത്തിന് ശേഷം നോക്കിയയുടെ ഓഹരികളില്‍ 13 ശതമാനം ഇടിവുണ്ടായി. വിന്‍ഡോസ് ഫോണുകള്‍ വഴി നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള നോക്കിയയുടെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്.

മൈക്രോസോഫ്റ്റും നോക്കിയയും ചേര്‍ന്ന് ബുധനാഴ്ചയാണ് പുതിയ ലൂമിയ ഫോണുകള്‍ അവതരിപ്പിച്ചത്. വിന്‍ഡോസ് ഫോണ്‍ 8 ഒഎസ് ഉപയോഗിക്കുന്ന നോക്കിയയുടെ ആദ്യ സ്മാര്‍ട്ട്‌ഫോണുകളായിരുന്നു അവ.

അതില്‍ തന്നെ, വയര്‍ലെസ്സ് ചാര്‍ജിങ് സംവിധാനവും 'പ്യുവര്‍വ്യൂ' (PureView) ക്യാമറയുമുള്ള ലൂമിയ 920 ആണ് പ്രധാനി. ഡ്യുവല്‍കോര്‍ 1.5 GHz സ്‌നാപ്പ്ഡ്രാഗണ്‍ എസ് 4 പ്രൊസസറും 1 ജി.ബി. റാമുമുള്ള ലൂമിയ 920 ല്‍ നാലരയിഞ്ച് 'കേര്‍വ്ഡ്' (curved) സ്‌ക്രീനാണുള്ളത്. കൈയുറ ഇട്ടുകൊണ്ടും ഉപയോഗിക്കാം എന്നതാണ് ലൂമിയ 920 സ്‌ക്രീനിന്റെ സവിശേഷത.

ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യതകളുപയോഗിക്കുന്ന 'സിറ്റി ലെന്‍സ് ആപ്' (City Lens app) ഉള്‍പ്പടെ ഒട്ടേറെ നൂതന സംഗതികള്‍ കൂട്ടിയിണക്കിയാണ് ലൂമിയ 920 ന് നോക്കിയ രൂപംനല്‍കിയിട്ടുള്ളത്.



എന്‍.എഫ്.സി (NFC- near field communication), ബ്ലൂടൂത്ത്, ഹോട്ട്‌സ്‌പോട്ട് പിന്തുണ നല്‍കുന്ന വൈഫൈ, ഓഫ്‌ലൈന്‍ നാവിഗേഷനും സാധ്യമാകുന്ന ജി.പി.എസ്. ഒക്കെ ഈ സ്മാര്‍ട്ട്‌ഫോണിലുണ്ട്. 32 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജും 7 ജി.ബി. സ്‌കൈഡ്രൈവ് (ക്ലൗഡ് സ്‌റ്റോറേജ്) സൗകര്യവും ലൂമിയ 920 ന് നല്‍കുന്നു.

2000 mAh ബാറ്ററി ഉള്ള ലൂമിയ 920 യ്ക്ക് ടുജിയില്‍ 17 മണിക്കൂറും ത്രീജിയില്‍ 10 മണിക്കൂറും സംസാരസമയം നോക്കിയ വാഗ്ദാനം ചെയ്യുന്നു. മ്യൂസിക് പ്ലേബാക്കാണെങ്കില്‍ 67 മണിക്കൂറും, വീഡിയോ പ്ലേബാക്കിന് ആറു മണിക്കൂറുമാണ് ബാക്കപ്പ് ലഭിക്കുക.

വിന്‍ഡോസ് ഫോണ്‍ 8 ഒഎസ് ഉപയോഗിക്കുന്നത് തന്നെയാണ് ലൂമിയ 820 എങ്കിലും, ലൂമിയ 920 നെ അപേക്ഷിച്ച് വില കുറഞ്ഞ മോഡലാണത്. വലിപ്പം കുറഞ്ഞ സ്‌ക്രീനും കുറഞ്ഞ ക്യാമറയുമാണ് അതിലുള്ളത്.

പുതിയ ഫോണുകളുടെ വിലയോ എന്ന് പുറത്തിറങ്ങുമെന്നോ നോക്കിയ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നവംബറോടെ ഇവ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

വിന്‍ഡോസ് ഫോണുകളുടെ വില കുറയ്ക്കുന്നു

മൊബൈല്‍ രംഗത്ത് നോക്കിയയ്ക്കുണ്ടായ തളര്‍ച്ച മുതലെടുത്തത് ആപ്പിള്‍, സാംസങ് മുതലായ കമ്പനികളാണ്. ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും (iOS), ഗൂഗിളിന്റെ ആന്‍ഡ്രോയിഡും മൊബൈല്‍ രംഗത്ത് ആധിപത്യം സ്ഥാപിച്ചതോടെ, വിന്‍ഡോസ് വഴി പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഒഎസില്‍ കുത്തകയായിരുന്ന മൈക്രോസോഫ്റ്റിന് മൊബൈല്‍ രംഗത്ത് പങ്കില്ലാതെ വന്നു.

നോക്കിയയ്ക്ക് അതിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനും, മൈക്രോസോഫ്റ്റിന് മൊബൈല്‍ ഒഎസ് രംഗത്ത് കരുത്ത് തെളിയിക്കാനുമുള്ള അവസരമായാണ് ലൂമിയ സ്മാര്‍ട്ട്‌ഫോണുകളെ വിലയിരുത്തുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഒരോ കമ്പനികളും അവയുടെ നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും വേര്‍ഷനുകളുമായി മുന്നേറുമ്പോഴാണ്, നോക്കിയ ഒന്നാംപാഠത്തില്‍ നിന്നാരംഭിക്കുന്നത്-ആര്‍.ബി.സി.വിശകലന വിദഗ്ധന്‍ മാര്‍ക്ക് സ്യൂ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ നോക്കിയ ഈ രംഗത്ത് ചുവടുറിപ്പിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍.

നിക്ഷേപകരില്‍ ആവേശമുണര്‍ത്താന്‍ നോക്കിയയുടെ പുതിയ ഫോണുകള്‍ക്ക് കഴിയാത്തതില്‍ അത്ഭുതമില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

നോക്കിയയുടെ പുതിയ മോഡലുകള്‍ക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ കമ്പനി അടിസ്ഥാനമോഡലുകളുടെ വില വെട്ടിക്കുറച്ചു. വിന്‍ഡോസ് ഫോണ്‍ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ലൂമിയ 800 ശൃംഖലയിലെ മധ്യനിര ഫോണുകളുടെ വിലയാണ് 15 ശതമാനം കുറച്ചത്. മറ്റ് വിന്‍ഡോസ് ഫോണുകള്‍ക്കും ചെറിയ വിലക്കുറവ് വരുത്തിയിട്ടുണ്ട്.

വ്യാജപരസ്യം, ഖേദപ്രകടനം

അതിനിടെ, ലൂമിയ 920 ഫോണിലെ പ്യൂവര്‍വ്യൂ ക്യാമറയുടെ സവിശേഷത വ്യക്തമാക്കാന്‍ തയ്യാറാക്കിയ പരസ്യത്തിന്റെ പേരില്‍ നോക്കിയയ്ക്ക് ഖേദപ്രകടനം നടത്തേണ്ടി വന്നിരിക്കുന്നു.

ലൂമിയ 920 ഫോണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്ത വീഡിയോ എന്ന നിലയ്ക്ക് അവതരിപ്പിക്കുന്ന പരസ്യത്തിലെ വീഡിയോ, മറ്റൊരു ഉപകരണമുപയോഗിച്ചാണ് ഷൂട്ട് ചെയ്തതെന്ന വസ്തുത വെളിപ്പെട്ടതിനെ തുടര്‍ന്നാണ് നോക്കിയയ്ക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നത്.

വീഡിയോയിലെ ഒരു പ്രതിഫലനത്തില്‍ ഒരാള്‍ എസ്.എല്‍.ആര്‍.ക്യാമറയുപയോഗിച്ച് ഷൂട്ട് ചെയ്യുന്ന കാര്യം കണ്ടെത്തി 'ദി വെര്‍ജ്' ടെക് സൈറ്റാണ് അക്കാര്യം പുറത്തുകൊണ്ടുവന്നത.

ഒരാള്‍ തന്റെ കാമുകിയുടെ വീഡിയോ, ഇരുവരും വെവ്വേറെ സൈക്കിളുകളില്‍ സഞ്ചരിക്കുമ്പോള്‍ ലൂമിയ 920 ഫോണില്‍ പകര്‍ത്തുന്നതാണ് വീഡിയോ പരസ്യത്തിലുള്ളത്. പ്യൂവര്‍വ്യൂ ക്യാമറയുടെയും നോക്കിയയുടെ 'ഓപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍' സങ്കേതത്തിന്റെയും മേന്‍മ കാട്ടിക്കൊടുക്കുന്നതാണ് വീഡിയോ.

എന്നാല്‍, ആ ഫൂട്ടേജിന്റെ ക്ലോസപ്പില്‍ നിന്നാണ്, ലൂമിയ ഫോണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്തതെന്ന് കരുതുന്ന വീഡിയോ വേറൊരു ക്യാമറയുപയോഗിച്ച് പിടിക്കുന്ന കാര്യം വെളിവാകുന്നത്. നോക്കിയയുടെ വിവാദ പരസ്യം ചുവടെ-


TAGS:
nokia  |  windows phone 8  |  microsoft  |  lumia 920  |  lumia 820  |  windows phones  |  mobile market 


Stories in this Section