എക്‌സ് ടു : നോക്കിയയുടെ ഡ്യുവല്‍ സിം വിസ്മയം

Posted on: 05 Dec 2011


-പി.എസ്.രാകേഷ്‌




ഡ്യുവല്‍ സിം ഫോണുകള്‍ കളം പിടിച്ചടക്കിയ ഇന്ത്യന്‍ മൊബൈല്‍ വിപണിയിലേക്ക് ഒരുവട്ടം കൂടി മത്സരിക്കാന്‍ നോക്കിയ എത്തുന്നു. ഇന്ത്യയില്‍ ഏറെ വിറ്റുപോകുന്ന കമ്പനിയുടെ ഡ്യുവല്‍ സിം മോഡല്‍ എക്‌സ് 1-01 ന് ശേഷം എക്‌സ് 2-02 എന്ന പുത്തന്‍ഫോണുമായാണ് നോക്കിയയുടെ വരവ്. എന്‍ട്രിലെവല്‍ ഫോണായിരുന്ന എക്‌സ് 1-01 നേക്കാള്‍ ഒട്ടേറെ പ്രത്യേകതകള്‍ എക്‌സ് ടുവിലുണ്ട്.

എക്‌സ്‌റ്റേണല്‍ സ്‌ലോട്ടോടു കൂടിയ ഈസി സ്വാപ്പ് ഡ്യുവല്‍ സിം സംവിധാനമാണ് എക്‌സ് ടുവിന്റെ ഏറ്റവും വലിയ ആകര്‍ഷണം. അഞ്ച് സിം കാര്‍ഡുകള്‍ വരെ സൗകര്യപൂര്‍വം മാറിമാറി ഉപയോഗിക്കാന്‍ സഹായിക്കുന്ന ഡെഡിക്കേറ്റഡ് സിം മാനേജര്‍ ഓപ്ഷന്‍ ഇതിലുണ്ട്. ഓരോ സിമ്മിനും പ്രത്യേകം പേരുകള്‍ നല്‍കി അതിന്റെ ഓപ്ഷനുകള്‍ ഫോണ്‍ മെമ്മറിയില്‍ സൂക്ഷിക്കാം. ഓരോ തവണയും സിം ഊരുമ്പോള്‍ ഫോണ്‍ ഓഫാക്കേണ്ട എന്നതാണ് ഇതുകൊണ്ടുള്ള സൗകര്യം.

സംഗീതപ്രേമികളുടെ മനസ് കുളിര്‍പ്പിക്കുന്ന ഒട്ടേറെ വിശേഷങ്ങളും എക്‌സ്-ടുവിലുണ്ട്. ഇന്റേണല്‍ എഫ്.എം. ആന്റിന, എം.പി ത്രീ പ്ലെയര്‍, ഡെഡിക്കേറ്റഡ് മ്യൂസിക് കീ, ഇന്‍ബില്‍ട്ട് ലൗഡ് സ്പീക്കര്‍, റെക്കോഡിങ്...ശബ്ദസുഖം ഉറപ്പുവരുത്താനായി ഈ ഫോണില്‍ സ്‌പ്യെഷല്‍ ഓഡിയോ പ്രൊസസിങ് ഫീച്ചറുണ്ടെന്ന് നോക്കിയ അവകാശപ്പെടുന്നു. ആയിരക്കണക്കിനു പാട്ടുകള്‍ സൂക്ഷിക്കാന്‍ പാകത്തില്‍ 32 ജിബി കാര്‍ഡ് സ്‌ലോട്ടും ഫോണിലുണ്ട്.

നോക്കിയ സീരീസ് 40 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ എക്‌സ് ടുവില്‍ എളുപ്പത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിനായി നോക്കിയ ബ്രൗസറുമുണ്ട്. വെബ്‌പേജുകള്‍ 90 ശതമാനം വരെ കംപ്രസ് ചെയ്യുന്നതിനാല്‍ ഡൗണ്‍ലോഡിങ് ചെലവുകള്‍ ഏറെ കുറയും. ഹോംസ്‌ക്രീനില്‍ തന്നെ സജ്ജമാക്കിയ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ ഷോട്ട്കട്ടുകളും ഉപയോഗപ്രദം തന്നെ.

ത്രീജി, വൈഫൈ കണ്ക്ടിവിറ്റികള്‍ ഇല്ല എന്നതാണ് ഈ ഫോണിന്റെ പ്രധാന പേരായ്മ. ഇന്റര്‍നെറ്റിനായി എഡ്ജ് സൗകര്യം മാത്രം ആശ്രയിക്കേണ്ടി വരുമെന്നര്‍ഥം. ബാറ്ററിയടക്കം 93 ഗ്രാം ഭാരം വരുന്ന ഈ ഫോണിന്റെ ഡിസ്‌പ്ലേ സ്‌ക്രീന്‍ 2.2 ഇഞ്ചാണ്. രണ്ട് മെഗാപിക്‌സല്‍ ക്യാമറയും ഇതിലുണ്ട്.

ബ്രൈറ്റ് റെഡ്, ഡാര്‍ക്ക് സില്‍വര്‍, ഓറഞ്ച്, വയലറ്റ്, ഓഷ്യന്‍ ബ്ലൂ എന്നീ അഞ്ച് നിറങ്ങളിലാണ് നോക്കിയ എക്‌സ് ടുവിന്റെ വരവ്. തുടര്‍ച്ചയായ 9.7 മണിക്കൂര്‍ സംസാരസമയമെന്ന ബാറ്ററി ആയുസ്സ് കമ്പനി വാദാനം ചെയ്യുന്നു.

അറുപതു യൂറോ (4,120 രൂപ) യ്ക്കാണ് നോക്കിയ ഈ ഫോണ്‍ രാജ്യാന്തരവിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ എന്തുവിലയ്ക്കാവും എക്‌സ് ടു വില്‍ക്കുകയെന്ന് നോക്കിയ ഇതുവരെ വ്യക്തമാക്കിയിട്ടില്ല, എന്നു വിപണിയിലെത്തുമെന്നും.
TAGS:
nokia  |  nokia x2-02  |  dual-sim  |  smartphone 


Stories in this Section