പഞ്ചവര്‍ണ്ണങ്ങളിലാണ് നോക്കിയ ലൂമിയ 720 എത്തുന്നത് - വെള്ള, കറുപ്പ്, മഞ്ഞ, സിയാന്‍, ചുവപ്പ് നിറങ്ങളില്‍. ഈ 4.3 ഇഞ്ച് വിന്‍ഡോസ് ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ്, ഓണ്‍ലൈന്‍ സ്‌റ്റോറായ ഫ് ളിപ്പ്കാര്‍ട്ട് ആരംഭിച്ചിരിക്കുന്നത് 18,999 രൂപയ്ക്കാണ്. മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 16 ജിബി സാന്‍ഡിസ്‌ക് മെമ്മറികാര്‍ഡും ഫ് ളിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.
കഴിഞ്ഞ മാസം നോക്കിയ പ്രഖ്യാപിച്ച സ്മാര്‍ട്ട്‌ഫോണാണ് ലൂമിയ 720 ( Nokia Lumia 720 ). വിന്‍ഡോസ് ഫോണ്‍ 8 ലോടുന്ന ഇത് ഏപ്രില്‍ അവസാനവാരം ഇന്ത്യന്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുമെന്നാണ് സൂചന.
ഇരുപതിനായിരത്തില്‍ താഴെ വിലയുള്ള മറ്റേത് ഫോണിലും ഇല്ലാത്ത ചില സവിശേഷതകള്‍ ലൂമിയ 720 ലുണ്ട്. വയര്‍ലെസ്സായി ചാര്‍ജ് ചെയ്യാം എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഈ വിലപരിധിയിലുള്ള വേറെ ഒരു സ്മാര്‍ട്ട്‌ഫോണിലും വയര്‍ലെസ്സ് ചാര്‍ജിങ് സങ്കേതം ഇല്ല.
മറ്റൊന്ന് കാള്‍ സീസ് ലെന്‍സോടുകൂടിയ 6.7 മെഗാപിക്‌സല്‍ പിന്‍ക്യാമറയാണ്; എല്‍.ഇ.ഡി.ഫ് ളാഷുമുണ്ട്. താരതമ്യേന വിസ്താരമേറിയ അപ്പെര്‍ച്ചര്‍, കുറഞ്ഞ വെളിച്ചത്തിലും മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. ഈ വിലയ്ക്ക് കിട്ടുന്ന ഏത് ഫോണിലെടുക്കുന്നതിലും മികച്ച ചിത്രങ്ങള്‍ ലൂമിയ 720 കൊണ്ട് പകര്‍ത്താനാകുമെന്ന് സാരം. 720പി എച്ച്.ഡി.വീഡിയോ പിടിത്തവും നടക്കും. വീഡിയോ കോളിങിനായി 1.3 എം.പി.മുന്‍ക്യാമറയുമുണ്ട്.
വീഴ്ചകളില്‍നിന്ന് നോക്കിയ പഠിച്ചു തുടങ്ങുന്നു എന്നതിന്റെ സൂചനകളും ലൂമിയ 720 ലുണ്ട്. നോക്കിയയുടെ മുമ്പുള്ള സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളിലൊന്നും എക്‌സ്പാന്‍ഡബിള്‍ മെമ്മറി ഇല്ലായിരുന്നു. എന്നാല്‍, ഈ ഫോണില്‍ 8 ജിബി ഇന്റേണല്‍ മെമ്മറിക്കൊപ്പം, മൈക്രോഎസ്ഡി കാര്‍ഡിന്റെ സഹായത്തോടെ 64 ജിബി വരെ അത് വര്‍ധിപ്പിക്കുകയുമാകാം.
4.3 ഇഞ്ച് (800 x 480 പിക്‌സല്‍) ക്ലിയര്‍ബ്ലാക്ക് ഡിസ്‌പ്ലെയാണ് ലൂമിയ 720 ലുള്ളത്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 2 ആണെന്നതിനാല്‍ സ്‌ക്രീനില്‍ പോറല്‍ വീഴുമെന്ന പേടി വേണ്ട.
1 ജിഎച്ച്ഇസഡ് ഡ്യുവല്‍ കോര്‍ ക്വാല്‍കൊം സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസര്‍ കരുത്തു പകരുന്ന ഫോണിന് 512 എംബി റാം ഉണ്ട്. 3ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി തുടങ്ങിയവയൊക്കെ ലൂമിയ 720 യിലുണ്ട്. ഫോണിന്റെ കനം 9 മില്ലീമീറ്ററും, ഭാരം 129 ഗ്രാമുമാണ്.
2000 എംഎഎച്ച് ബാറ്ററി ജീവന്‍ പകരുന്ന ലൂമിയ 720 ന് ത്രിജിയില്‍ 13 മണിക്കൂറും, ടുജിയില്‍ 23 മണിക്കൂറും ടോക്ക്‌ടൈമാണ് നോക്കിയ വാഗ്ദാനം ചെയ്യുന്നത്. ത്രിജി സ്റ്റാന്‍ഡ്‌ബൈ സമയം 520 മണിക്കൂറും.
വ്യത്യസ്ത റേഞ്ചിലുള്ള ലൂമിയ ഫോണുകള്‍ വിപണിയിലെത്തിക്കാനുള്ള നോക്കിയയുടെ നീക്കത്തിന്റെ ഭാഗമാണ് ലൂമിയ 720. ഏത് ബജറ്റ് വിഭാഗത്തിനും വാങ്ങാന്‍ കഴിയുന്ന ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വിപണിയിലുണ്ട്. അതേ രീതിയില്‍ ലൂമിയ സ്മാര്‍ട്ട്‌ഫോണുകളുമിറക്കി വിപണി വിഹിതം വര്‍ധിപ്പിക്കുകയാണ് നോക്കിയയുടെ ഉന്നം.