ലൂമി എന്ന ഫിന്നിഷ് വാക്കിനര്‍ഥം മഞ്ഞ് എന്നാണ്. ഫിന്നിഷ് കമ്പനിയായ നോക്കിയ 2011 ല്‍ പുറത്തിറക്കിയ സ്മാര്‍ട്‌ഫോണുകള്‍ക്ക് 'ലൂമിയ' എന്നു പേരിട്ടത് മാതൃഭാഷയോടുള്ള പ്രേമം കൊണ്ടുതന്നെ. ലോകം മുഴുവന്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് പിറകെ പായുന്നത് കണ്ട് പരിഭ്രാന്തരായ നോക്കിയ ഇറക്കിയ തുരുപ്പുചീട്ട് കൂടിയായി ലൂമിയ നിരയിലെ ഫോണുകള്‍. അതുവരെ സിംബിയന്‍ ഒ.എസില്‍ പ്രവര്‍ത്തിച്ചുവന്ന നോക്കിയ സ്മാര്‍ട്‌ഫോണുകള്‍ വിന്‍ഡോസ് ഫോണ്‍ ഒ.എസ്. സ്വീകരിച്ചത് ലൂമിയ തൊട്ടായിരുന്നു.
ലൂമിയ 800, 710 എന്നിവയായിരുന്നു നോക്കിയ ആദ്യമിറക്കിയ മോഡലുകള്‍. പിന്നീട് ലൂമിയ 610, 900 എന്നീ മോഡലുകളെത്തി. സപ്തംബര്‍ 2012 ലാണ് വിന്‍ഡോസ് ഫോണ്‍ 8 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 920, 820 എന്നീ മോഡലുകള്‍ നോക്കിയ വിപണിയിലെത്തിച്ചത്. സ്മാര്‍ട്‌ഫോണ്‍ എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളും ഐഫോണുകളും മാത്രമാണെന്ന പൊതുധാരണ തിരുത്താന്‍ ലൂമിയ ഫോണുകള്‍ക്കായി. പക്ഷേ, ഉയര്‍ന്നവില കാരണം സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു ഇവ. അതു തിരിച്ചറിഞ്ഞ് ലൂമിയ 620, 720, 520 എന്നീ ബജറ്റ് മോഡലുകള്‍ കൂടി നോക്കിയ വളരെ പെട്ടെന്ന് അവതരിപ്പിച്ചു.
ഇവയില്‍
ലൂമിയ 520 എന്ന ഫോണ്‍ കഴിഞ്ഞയാഴ്ച തൊട്ട് ഇന്ത്യയിലും വില്പനയ്‌ക്കെത്തിയിട്ടുണ്ട്. 10,500 രൂപയാണ് കമ്പനിയിട്ടിരിക്കുന്ന വിലയെങ്കിലും 10,000 രൂപയ്ക്ക് ഓണ്‍ലൈന്‍ റീട്ടെയ്‌ലിങ് വഴി ലഭിക്കും. എല്ലാവരുടെയും കൈയ്യിലുള്ള ഒരേ നിറത്തിലും രൂപത്തിലുമുള്ള സാംസങ് സ്മാര്‍ട് ഫോണുകള്‍ കണ്ടുമടുത്തവര്‍ക്ക് പുതിയൊരു സാധ്യത സമ്മാനിക്കുകയാണ് ലൂമിയ 520. മനോഹരമായ രൂപകല്പന ഈ ഫോണിന്റെ ഭംഗി കൂട്ടുന്നു. പതിനായിരം രൂപ റേഞ്ചില്‍ ഇന്ന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും സുന്ദരമായ സ്മാര്‍ട്‌ഫോണ്‍ മോഡലാണിതെന്നതില്‍ സംശയമില്ല.
800 X 480 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ നാലിഞ്ച് ഐ.പി.എസ്. ഡിസ്‌പ്ലേയാണ് ഫോണിലുളളത്. ലൂമിയ 720, 820 എന്നീ വില കൂടിയ മോഡലുകളിലും ഇതേ ഡിസ്‌പ്ലേയാണുള്ളത് എന്നകാര്യം ഓര്‍ക്കണം. സൂര്യപ്രകാശത്തിന്റെ കീഴിലാണെങ്കില്‍ കോണ്‍ട്രാസ്റ്റ് തനിയെ അഡ്ജസ്റ്റ് ചെയ്യുന്ന സംവിധാനത്തോടു കൂടിയതാണ് ഈ ഡിസ്‌പ്ലേ. നഖമോ താക്കോലോ തട്ടിയാല്‍ പോലും ഡിസ്‌പ്ലേ പ്രവര്‍ത്തിക്കും.
ഒരു ഗിഗാഹെര്‍ട്‌സിന്റെ ഡ്യുവല്‍കോര്‍ സി.പി.യു.വും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ്4 ചിപ്‌സെറ്റും അഡ്രിനോ 305 ജി.പി.യുവും ആണ് ഇതിലുള്ളത്. അഞ്ച് മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറ, 512 എം.ബി. റാം, എട്ട് ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ്, 64 ജി.ബി. എസ്.ഡി. കാര്‍ഡ് വരെയിടാനുള്ള സൗകര്യം എന്നിവയും ലൂമിയ 520 ലുണ്ട്്.
ലൂമിയയുടെ ആദ്യമോഡലുകളില്‍ യു.എസ്.ബി. മാസ് സ്‌റ്റോറേജ്, ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള ഫയല്‍ കൈമാറ്റം അസാധ്യമായിരുന്നു. എന്നാല്‍ ലൂമിയ 520 ല്‍ അത്തരം പോരായ്മകളൊക്കെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.
സിനിമാഗ്രാഫ്, സ്മാര്‍ട്ഷൂട്ട്, പനോരമ എന്നീ വ്യത്യസ്തമായ ഡിജിറ്റല്‍ ലെന്‍സുകളുണ്ട് ലൂമിയ 520 യിലെ അഞ്ച് മെഗാപിക്‌സല്‍ ക്യാമറയില്‍. എന്നാല്‍ ഫ് ളാഷില്ലാത്തത് ചെറിയ പ്രശ്‌നം സൃഷ്ടിക്കും. ലൈവ് ടൈലുകളുപയോഗിച്ചുള്ള വിന്‍ഡോസിന്റെ യൂസര്‍ ഇന്റര്‍ഫേസ് കാഴ്ചയിലും പ്രവര്‍ത്തനമികവിലും കിടിലം തന്നെ. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സൗഹൃദക്കൂട്ടായ്മാസൈറ്റുകളുമായി ലൈവ് ഇന്റഗ്രേഷനുള്ളതിനാല്‍ മുഴുവന്‍ സമയവും ഓണ്‍ലൈനായി കഴിയാനും ലൂമിയ 520 സഹായിക്കും.
1430 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിന് ഊര്‍ജ്ജം പകരുന്നത്. 2ജിയില്‍ 14.8 മണിക്കൂര്‍ സംസാരസമയവും ത്രിജിയില്‍ 9.6 മണിക്കൂര്‍ സംസാരസമയവുമാണ് ലൂമിയ 520 യ്ക്ക് നോക്കിയ അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ് (ചിത്രങ്ങള്‍ കടപ്പാട് : Nokia ).