ത്രിജി സേവനം ലഭ്യമാകുന്ന ഫോണുകള്‍ തേടി ജനം നെട്ടോടമോടുന്നത് കണ്ടിട്ടാകാം നോക്കിയ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഒന്നും രണ്ടുമല്ല ഒറ്റയടിക്ക് മൂന്ന് ത്രിജി ഫോണുകളാണ് കമ്പനി ഇന്ത്യക്കാര്‍ക്കുവേണ്ടി അവതരിപ്പിക്കുന്നത്. എല്ലാം സാധാരണക്കാരനു താങ്ങാവുന്ന വിലയില്‍. ത്രിജി മത്സരം കൊടുമ്പിരി കൊള്ളുന്ന ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ മേല്‍ക്കൈ നിലനിര്‍ത്താനുള്ള കമ്പനിയുടെ ബദ്ധപ്പാട് തന്നെ ഈ തീരുമാനത്തിനു പുറകില്‍. ഇ-52 (E52), 6700, 7230 എന്നീ മോഡല്‍ ഫോണുകളാണ് നോക്കിയ ഏറ്റവുമൊടുവില്‍ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.
ഓരോ മോഡലിന്റെയും വിശേഷങ്ങള്‍ പരിശോധിക്കാം...
1. നോക്കിയ ഇ-52 : നോക്കിയയുടെ സ്മാര്‍ട് ഫോണ്‍ നിരയായ ഇ-സീരീസിലെ ഏറ്റവും പുതിയ അവതാരമാണിത്. നോക്കിയ ഇ-51 കണ്ടിട്ടുള്ളവര്‍ക്ക് ഈ പുതിയ മോഡല്‍ കണ്ടാല്‍ വലിയ കൗതുകമൊന്നും തോന്നില്ല. കാഴ്ചയില്‍ ശരിക്കും ഇ-51 ന്റെ പിന്‍ഗാമി തന്നെയാണിത്. പക്ഷേ ഇ-51 നേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നുമാത്രം.
2.4 ഇഞ്ച് ഡിസ്‌പ്ലേയും 160 ലക്ഷം കളര്‍ സപ്പോര്‍ട്ടുമുള്ളതിനാല്‍ സ്‌ക്രീനിന് മിഴിവേറുമെന്നുറപ്പ്. ഫോട്ടോഗ്രാഫി താത്പര്യക്കാര്‍ക്കായി 3.2 മെഗാപിക്‌സല്‍ കാമറയും ഫ്ലഷും ഫോണിലുണ്ട്. വ്യക്തതയേറിയ ശബ്ദമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. എത്ര തിരക്കേറിയ സ്ഥലത്തുനിന്നു സംസാരിക്കുമ്പോഴും അന്തരീക്ഷത്തിലെ ബഹളങ്ങള്‍ ഫോണ്‍ പിടിച്ചെടുത്ത് മറുതലയ്ക്കല്‍ കേള്‍പ്പിക്കില്ല. ഇന്‍ബിള്‍ട്ട് നോയ്‌സ് കാന്‍സലേഷന്‍ എന്നൊരു നൂതനസംവിധാനമാണ് ശബ്ദസുഖം ഉറപ്പുവരുത്തുന്നത്.
ഫേസ്ബുക്ക്, യൂട്യൂബ് എന്നിവിടങ്ങളിലേക്കുള്ള ഈസി ആക്‌സസ്, വിവിധ സര്‍വീസുകളില്‍ നിന്നുള്ള ഇമെയിലുകള്‍ ഒറ്റ ഇന്‍ബോക്‌സില്‍ വായിക്കാവുന്ന സൗകര്യം എന്നിവയും ഇ-52 വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം മ്യൂസിക് പ്ലെയര്‍, ജി.പി.എസ്. വെബ് ബ്രൗസര്‍ എന്നിവയും ഫോണിലുണ്ട്. അറുപത് എം.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഫോണില്‍ 16 ജി.ബി. കാര്‍ഡ് വരെ ഉപയോഗിക്കാനാവും. ഒരു ദിവസം മുഴുവന്‍ സംസാരം, ഒരു മാസത്തേക്ക് സ്റ്റാന്‍ഡ്‌ബൈ-ഇതാണ് ഇ-52 ന് നോക്കിയ അവകാശപ്പെടുന്ന ബാറ്ററി ആയുസ്. 12,400 രൂപയാണ് വില.
2. നോക്കിയ 6700 സ്ലൈഡ് : 6700 ക്ലാസിക് എന്ന പേരില്‍ നോക്കിയ മുമ്പിറക്കിയ മോഡലുമായി ഒരു ബന്ധവുമില്ലാത്ത ഫോണാണ് 6700 സ്ലൈഡ്. പേരു സൂചിപ്പിക്കുന്നതുപോലെ തുറക്കാവുന്ന രീതിയിലുള്ള ഫോണാണിത്. കാമറയ്ക്കാണ് ഈ മോഡലില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളതെന്നു തോന്നുന്നു. അഞ്ച് മെഗാപിക്‌സല്‍ കാമറയും ഡ്യുവല്‍ എല്‍.ഇ.ഡി. ഫ്ലഷും ക്ലിക്ക് ചെയ്യാനുള്ള പ്രത്യേക ബട്ടനുമെല്ലാം അതാണ് സൂചിപ്പിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവെക്കാനും സൗഹൃദക്കൂട്ടായ്മാസൈറ്റുകളില്‍ ഊളിയിടാനുമൊക്കെ ഈ ഫോണിന് ഏറെ മിടുക്കുണ്ട്. കാണാനും സൗന്ദര്യമേറെ.
ഇന്‍ബോക്‌സില്‍ പുതിയ മെസേജുകള്‍ വരുമ്പോള്‍ മിന്നിച്ചിതറുന്ന ഇതിലെ എല്‍.ഇ.ഡി. ലൈറ്റ് സംവിധാനം തന്നെ സൗന്ദര്യത്തിന്റെ ദൃഷ്ടാന്തമാകുന്നു. സൗകര്യങ്ങള്‍ ഏറെയുള്ളതിനാലാവാം ബാറ്ററി ആയുസിന്റെ കാര്യത്തില്‍ വലിയ അവകാശവാദങ്ങള്‍ക്കൊന്നും നോക്കിയ നില്‍ക്കുന്നില്ല. തുടര്‍ച്ചയായി നാലുമണിക്കൂര്‍ നേരത്തെ സംസാര സമയമേ ഈ ഫോണില്‍ ലഭിക്കൂ. അതിനുശേഷം സംസാരം തുടരണമെങ്കില്‍ ഫോണ്‍ ചാര്‍ജറില്‍ കുത്തിയിടണമെന്നര്‍ഥം. ആറു വ്യത്യസ്ത നിറങ്ങളിലെത്തുന്ന നോക്കിയ 6700 സ്‌ലൈഡറിന് 11,500 രുപയാണ് വില.
3. നോക്കിയ 7230 : സിംബിയന്‍ എസ്-40 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട് ഫോണില്‍ 3.2 മെഗാപിക്‌സല്‍ കാമറയും 15 ഫ്രെയിംസ് പെര്‍ സെക്കന്‍ഡ് വീഡിയോ റെേക്കാഡറുമുണ്ട്. ചിത്രങ്ങളും വീഡിയോകളും അടിപൊളിയാകുമെന്നതില്‍ സംശയം വേണ്ടെന്നു സാരം. 3.5 എം.എം. ഓഡിയോപോര്‍ട്ട്, ഇന്‍ബിള്‍ട്ട് സ്റ്റീരിയോ എഫ്.എം., രണ്ട് ജി.ബി. മെമ്മറി കാര്‍ഡ്, 16 ജി.ബി. മെമ്മറി കാര്‍ഡ് സ്‌ലോട്ട് എന്നിങ്ങനെ പുത്തന്‍ തലമുറ ഫോണുകളിലെ ഏതാണ്ടെല്ലാ സൗകര്യങ്ങളും ഈ ഫോണിലുമുണ്ട്. പുതിയ മൂന്ന് മോഡലുകളില്‍ ഏറ്റവും വിലക്കുറവും ഈ മോഡലിനാണ്- 7000 രൂപ.