എഫ്.എമ്മും ക്യാമറയുമൊന്നുമല്ല ക്യുവെര്‍ട്ടിയാണ് മൊബൈല്‍ ഫോണുകളില്‍ ഇപ്പോള്‍ ഏവരും തേടുന്നത്. ആയിരം രൂപയില്‍ താഴെയുള്ള ഫോണുകള്‍ അന്വേഷിച്ചെത്തുന്നവര്‍ പോലും ആദ്യം ചോദിക്കുന്നത് ക്യുവെര്‍ട്ടി കീപാഡുള്ള മോഡലാണെന്ന് മൊബൈല്‍കടയുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. കമ്പ്യൂട്ടര്‍ കീബോര്‍ഡുകളിലെ അതേ ലേ-ഔട്ടിലുള്ള കീപാഡുകളെയാണ് ക്യുവെര്‍ട്ടി എന്നുവിളിക്കുന്നത്. കീബോര്‍ഡുകളിലെ ഇംഗഌഷ് അക്ഷരനിരയിലെ ആദ്യ ആറ് അക്ഷരങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ കിട്ടുന്ന പേരാണ് ക്യുവെര്‍ട്ടി (qwerty). കമ്പ്യൂട്ടറില്‍ ചെയ്യുന്ന അതേ വേഗത്തില്‍ മൊബൈല്‍ഫോണില്‍ ടൈപ്പ് ചെയ്യാനാകുമെന്നതാണ് ക്യുവെര്‍ട്ടി കീപാഡ് കൊണ്ടുളള ഗുണം. മിനുട്ടില്‍ പത്ത് എസ്.എം.എസുകള്‍ വീതം തൊടുത്തുവിടുന്ന കോളേജുകുമാരന്‍മാര്‍ക്കും യാത്രയ്ക്കിടയില്‍ ഇമെയില്‍ പരിശോധിച്ച് മറുപടി അയക്കുന്ന ബിസിനസ് എക്‌സിക്യുട്ടീവുകള്‍ക്കും ഏറെ ഉപകാരപ്രദമാണ് ക്യുവെര്‍ട്ടി.
ഇന്ത്യക്കാര്‍ക്ക് പൊടുന്നനെയുണ്ടായ ക്യുവെര്‍ട്ടി ഭ്രമം മുതലാക്കാനിറങ്ങിയിരിക്കുകയാണ് നോക്കിയ കമ്പനി. മൂന്ന് പുതുപുത്തന്‍ ക്യുവെര്‍ട്ടി മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് സമ്മാനിച്ചുകൊണ്ട് വാര്‍ത്ത സൃഷ്ടിക്കുകയാണ് നോക്കിയ. ഈ മൂന്നെണ്ണവും ഇതുവരെ ലോകവിപണിയില്‍ നോക്കിയ അവതരിപ്പിച്ചിട്ടില്ലെന്നു കൂടി അറിയുമ്പോഴേ സംഭവത്തിന്റെ പ്രാധാന്യം മനസിലാവുകയുള്ളൂ. സി-3, സി-6, ഇ-5 എന്നിവയാണ് നോക്കിയ കുടുംബത്തില്‍ നിന്ന് ഇന്ത്യയിലെത്തുന്ന നവാതിഥികള്‍.
വന്‍വില്പന നടക്കുന്ന മിഡ്-റെയിഞ്ച് ശ്രേണിയിലേക്കാണ് ഈ മൂന്നു മോഡലുകളുടെയും വരവ്. അയ്യായിരത്തിനും പതിമൂവായിരത്തിനുമിടയിലാണ് ഇവയുടെ വില. ക്യുവെര്‍ട്ടി കീപാഡും ഡബിള്‍ സിമ്മുമുള്ള മോഡലുകള്‍ രണ്ടായിരം രൂപയ്ക്ക് ഇന്ത്യന്‍കമ്പനികള്‍ ഇഷ്ടംപോലെ വിറ്റഴിക്കുമ്പോള്‍ ഇത്ര തുക മുടക്കി ആരെങ്കിലും നോക്കിയ വാങ്ങുമോ എന്നു സംശയിക്കുന്നവരുണ്ടാകാം. പക്ഷേ നോക്കിയ ഫോണുകളോടുള്ള ശരാശരി ഇന്ത്യക്കാരന്റെ ആരാധന ഒന്നു വേറെത്തന്നെയാണ്. ഈ ബ്രാന്‍ഡ് ലോയല്‍റ്റി തങ്ങളെ തുണയ്ക്കുമെന്ന കാര്യത്തില്‍ കമ്പനിക്ക് സംശയമേതുമില്ല. നോക്കിയയുടെ ക്യുവെര്‍ട്ടി താരങ്ങളുടെ സവിശേഷതകള്‍ പരിചയപ്പെടാം.
നോക്കിയ സി-3 (Nokia C3) : മൂന്ന് മോഡലുകളില്‍ ഏറ്റവും വിലക്കുറവുള്ളത് സി-മൂന്നിനാണ്, 5,317 രൂപ. 2.4 ഇഞ്ച് വിസ്താരമുള്ള എളുപ്പതിലുപയോഗിക്കാവുന്ന ഹോം സ്‌ക്രീനാണ് ഈ മോഡലിന്റെ പ്രത്യേകത. സൗഹൃദക്കൂട്ടായ്മ സൈറ്റുകളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാവുന്ന ഡയറക്ട് ആക്‌സസ് സൗകര്യവും സി-മൂന്നിലുണ്ട്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും അപ്‌ഡേറ്റുകള്‍ അയക്കാനും ചിത്രങ്ങള്‍ പങ്കുവെക്കാനും ഏറെ പ്രയോജനപ്രദമാണിത്. രണ്ട് മെഗാപിക്‌സല്‍ കാമറ, വൈ-ഫൈ, എട്ട് ജി.ബി. എക്‌സാപന്‍ഡബിള്‍ മെമ്മറി എന്നിവയും സി-3 വാഗ്ദാനം ചെയ്യുന്നു.
നോക്കിയ സി-6 (Nokia C6) : ക്യുവെര്‍ട്ടി കീപാഡിനൊപ്പം ടച്ച് സ്‌ക്രീനുമായി അല്പം ഗമയില്‍ തന്നെയാണ് നോക്കിയ സി-6 ന്റെ വരവ്. പുതുമോഡലുകളില്‍ ഏറ്റവും വിലക്കൂടുതലും ഇവന് തന്നെ, 13,000 രൂപ. സി-3ലുള്ളതുപോലെ നെറ്റ്‌വര്‍ക്കുകളിലേക്കുള്ള ഈസി ആക്‌സസ് സൗകര്യം സി-6 ലുമുണ്ട്. മൊബൈല്‍ഫോണിന്റെ ഹോം സ്‌ക്രീനില്‍ തന്നെ ട്വിറ്റര്‍, ഫേസ്ബുക്ക് സൈറ്റുകള്‍ കാണാനാവും. ആരെങ്കിലും പുതുട്വീറ്റുകളയച്ചുവോ എന്നറിയാന്‍ ഫോണ്‍ എടുത്തുനോക്കിയാല്‍ മതിയെന്നര്‍ഥം. 3.2 ഇഞ്ച് വിസ്താരമുള്ളതാണ് ഇതിന്റെ സ്‌ക്രീന്‍. ഓട്ടോഫോക്കസും ഫ്ലഷുമുള്ള അഞ്ച് മെഗാപിക്‌സല്‍ കാമറയും സി-6 നു സ്വന്തം. നോക്കിയ അപ്ലിക്കേഷന്‍ സങ്കേതമായ ഒവിയുടെ എല്ലാ സൗകര്യങ്ങളും ഈ ഫോണിലൂടെ ഉപയോഗപ്പെടുത്താനാകും.
നോക്കിയ ഇ-5 (Nokia E5) : നോക്കിയ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇറക്കിയ ഇ-63 എന്ന മോഡല്‍ ഉപയോഗിച്ചവരെ ഇ-5 പരിചയപ്പെടുേത്തണ്ടിവരില്ല. ഇ-63, ഇ-72 എന്നീ മോഡലുകള്‍ അല്പം പരിഷ്‌കരിച്ചുകൊണ്ടാണ് നോക്കിയ ഇ-5 നിര്‍മിച്ചിരിക്കുൃന്നത്. എല്ലാവിധ സൗകര്യങ്ങളുമുള്ള തികഞ്ഞൊരു ബിസിനസ് ഫോണാണിത്. തമാശയ്ക്കും കളിക്കുമല്ല ഗൗരവമായ കാര്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗപ്പെടുത്തുന്നവരെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഇ-5. കണക്ടിവിറ്റിക്കുള്ള നിരവധി സൗകര്യങ്ങളും ജി.പി.എസുമാണ് ഫോണിന്റെ ഹൈലൈറ്റ്. ഇമെയിലുകളും എക്‌സല്‍ ഷീറ്റുകളും പരിശോധിക്കാനും അയക്കാനുമൊക്കെ ഈ ഫോണില്‍ വളരെ എളുപ്പം. അഞ്ച് മെഗാപിക്‌സല്‍ ക്യാമറയുണ്ട് ഇ-5 ല്‍. 11,100 രൂപയാണ് ഇന്ത്യയില്‍ വില.
നോക്കിയ പുതുതായി അവതരിപ്പിച്ച പുഷ് ഇമെയില്‍ സൗകര്യമായ 'നോക്കിയ മെസേജിങ്' ഉള്ളവയാണ് ഈ മൂന്നു മോഡലുകളുമെന്നത് ശ്രമദ്ധയമാണ്. വിവിധ ഇന്റര്‍നെറ്റ് സര്‍വീസുകളുടെ ഇ-മെയിലുകള്‍ ഒറ്റ ഇന്‍ബോക്‌സില്‍ തുറന്നുവായിക്കാനാകുമെന്നതാണ് 'നോക്കിയ മെസേജിങിന്റെ' പ്രത്യേകത. ജിമെയിലും ഹോട്ട്‌മെയിലും യാഹൂവുമൊക്കെ ഒരു ഇന്‍ബോക്‌സില്‍ വായിക്കാനാകുമെന്നത് ഇതിന്റെ ഗുണം.