ഡബിള്‍ സിമ്മുമായി നോക്കിയയും

Posted on: 06 Jun 2010


-പി.എസ്.രാകേഷ്‌




ഒടുവില്‍ നോക്കിയയ്ക്കു ബുദ്ധിയുദിച്ചുവെന്നു തോന്നുന്നു. ലോകം മുഴുവനുമുള്ള മൊബൈല്‍ കമ്പനികള്‍ ഡ്യുവല്‍ സിം മോഡലുകള്‍ അവതരിപ്പിച്ചപ്പോഴൂം വിപണിയിലെ മേധാവികളായ നോക്കിയ കോര്‍പ്പറേഷന്‍ ആ വഴിക്ക് ചിന്തിച്ചില്ല. മത്സരത്തില്‍ തൊട്ടു പുറകിലുള്ള സാംസങ്ങ് ഒട്ടേറെ ഡ്യൂവല്‍ സിം മോഡലുകളിറക്കി കൈയടി നേടി. നോക്കിയയുടെ പ്രധാന ശക്തികേന്ദ്രമായ ഇന്ത്യയിലാകട്ടെ ഡ്യുവല്‍ സിം മോഡലുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പത്തിലധികം പുതുകമ്പനികള്‍ ഉദയം കൊണ്ടു. അതില്‍ ഒലിവ് എന്ന കമ്പനിയാകട്ടെ ട്രിപ്പിള്‍ സിം മൊബൈലിറക്കിക്കൊണ്ട് ഏവരെയും ഞെട്ടിക്കുകയും ചെയ്തു.

ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കളില്‍ നല്ലൊരു വിഭാഗവും ഇപ്പോള്‍ ഒന്നിലേറെ സിം കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നവരാണ്. സ്വകാര്യതയ്ക്കും വിവിധ മൊബൈല്‍ കമ്പനികളുടെ വ്യത്യസ്തമായ ഓഫറുകളൂടെ സൗജന്യം ആസ്വദിക്കാനും വേണ്ടിയാണിത്. നോക്കിയ ഡ്യുവല്‍ സിം മോഡലിറക്കാത്തതുകൊണ്ടു മാത്രം ഈ സൗകര്യം ഉപയോഗിക്കാത്ത എത്രയോ പേരുണ്ട്, മൊബൈല്‍ ഫോണെന്നാല്‍ നോക്കിയ മാത്രമാണെന്ന് ഉറച്ചുവിശ്വസിക്കുന്നവര്‍. ലോകത്ത് ഏറ്റവും വിശ്വാസതയേറിയ ബ്രാന്‍ഡ് നാമങ്ങളിലൊന്നാണ് ഈ ഫിന്‍ലാന്‍ഡ് കമ്പനിയുടേതെന്നറിയുക. ഈ വസ്തുതകളൊക്കെ തിരിച്ചറിഞ്ഞുകൊണ്ടാകും ഡ്യുവല്‍ സിം മൊബൈല്‍ ഫോണുകളിറക്കാന്‍ നോക്കിയ തീരുമാനമെടുത്തത്.

സി-1, സി 2 എന്നീ പേരുകളിലാണ് നോക്കിയ ഡ്യുവല്‍ സിംമോഡലുകള്‍ ഇറക്കിയിരിക്കുന്നത്. വിലകുറഞ്ഞ ഫോണുകളുടെ ശ്രേണിയായ എന്‍ട്രി ലെവല്‍ സെഗ്‌മെന്റിലുള്‍പ്പെടുത്തിയ രണ്ടു മോഡലുകളും അവതരിപ്പിക്കാന്‍ കമ്പനി തിരഞ്ഞെടുത്ത് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയയായിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവുമധികം മൊബൈല്‍ഫോണുകള്‍ വിറ്റഴിയുന്ന രാജ്യമാണ് കെനിയ. ഇന്ത്യയിലേതുപോലെ അയ്യായിരം രൂപയില്‍ താഴെയുള്ള മൊബൈല്‍ഫോണുകള്‍ക്കാണ് കെനിയയില്‍ ഏറെ പ്രിയം. ഡ്യുവല്‍ സിം മോഡലിനും അവിടെ ആവശ്യക്കാരേറെയുണ്ട്.

ആറാഴ്ചത്തെ ബാറ്ററി ആയുസാണ് സി-1 ന് നോക്കിയ അവകാശപ്പെടുന്നത്. എഫ്.എം. റേഡിയോ, ടോര്‍ച്ച്, കളര്‍ സ്‌ക്രീന്‍ എന്നീ സൗകര്യങ്ങളും ഫോണിലുണ്ട്. ഒരൊറ്റ ബട്ടണ്‍ അമര്‍ത്തുന്നതിലുടെ ഒരു സിമ്മില്‍ നിന്ന് മറ്റൊരു സിമ്മിലേക്ക് മാറാനാകും. രണ്ടു സിമ്മുകളും ഒരേസമയം ആക്ടിവേറ്റ് ആകില്ലെന്ന പോരായ്മ ഇതിനുണ്ട്. ആക്ടിവേറ്റ് ആക്കാത്ത സിമ്മിലേക്ക് ആരെങ്കിലും വിളിച്ചാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാകും ലഭിക്കുക. 1700 രൂപയാണ് ഈ ഫോണിന്റെ വില.

രണ്ടു സിമ്മുകളും ഒരേസമയം ആക്ടിവേറ്റ് ആകുന്ന മോഡലാണ് നോക്കിയ സി-2. സ്‌ക്രീനില്‍ രണ്ടു മൊബൈല്‍ കമ്പനികളുടെയും പേരുകള്‍ തെളിഞ്ഞുകാണും. രണ്ടു സിമ്മിലേക്കും വരുന്ന കോളുകള്‍ സ്വീകരിക്കുകയും ചെയ്യാം. ഫോണ്‍ ഓഫാക്കാതെ തന്നെ രണ്ടാമത്തെ സിം ഊരിയെടുക്കാവുന്ന 'ഹോട്ട് സ്വാപ്പ്' സൗകര്യവും ഈ മോഡലിലുണ്ട്. എഫ്.എം. റേഡിയോ, മ്യൂസിക് പ്ലെയര്‍, മൈക്രോ എസ്.ഡി. കാര്‍ഡ് സൗകര്യം എന്നിവയ്‌ക്കൊപ്പം നോക്കിയ ആപ്ലിക്കേഷന്‍സ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഫോണില്‍ ലഭ്യമാണ്. 2500 രൂപയാണ് വില. പുതിയ ഡ്യുവല്‍സിം മോഡലുകള്‍ ഈ വര്‍ഷം അവസാനത്തോടു കൂടി ലോകമെങ്ങുമുള്ള നോക്കിയ സ്‌റ്റോറുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.



TAGS:
nokia c1-01  |  nokia c2-01  |  nikia  |  dual sim  |  mobile phones 


Stories in this Section