നോക്കിയ ആശ 303 ഇന്ത്യയില്‍; വില 8899 രൂപ

Posted on: 19 Mar 2012




സ്മാര്‍ട്ട്‌ഫോണിന്റെയും സാദാഫോണിന്റെയും ഫീച്ചറുകള്‍ ചേര്‍ന്നിട്ടുള്ള സങ്കരഉത്പന്നമാണ് നോക്കിയയുടെ ആശ പരമ്പര ഫോണുകള്‍. അതില്‍ പെട്ട 'ആശ 303' ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി, 8899 രൂപയാണ് വില.

ക്വവെര്‍ട്ടി കീപ്പാഡും, 2.6 ഇഞ്ച് (320 ഗുണം 240 പിക്‌സല്‍സ്) കപ്പാസിറ്റീവ് ടച്ച് ഡിസ്‌പ്ലെയും ഉള്ള മോഡലാണ് ഈ ഫോണ്‍. 1 GHz പ്രൊസസറും തീജി ശേഷിയുമുള്ള ഫോണ്‍ ആണ് ആശ 303. 170 എംബിയാണ് ഫോണിന്റെ ഇന്റേണല്‍ മെമ്മറി, 32 ജിബി കാര്‍ഡ് സ്ലോട്ടുമുണ്ട്.

3.2 എംപി ക്യാമറയാണ് ഫോണിലേത്. സംഗീതപ്രേമികളെ ലാക്കാക്കി 'നോക്കിയ മ്യൂസിക് അണ്‍ലിമിറ്റഡി'ന്റെ സേവനം ലഭ്യമാണ്. 40 ലക്ഷം പാട്ടുകള്‍ ആസ്വദിക്കാനും പങ്കുവെയ്ക്കാനുമുള്ള അവസരമാണ് ഈ സേവനം ഉറപ്പുനല്‍കുന്നത്.

ത്രീജി കൂടാതെ, എച്ച്എസ്പിഎ ക്വാഡ്ബാന്‍ഡ്, വൈഫൈ, ബ്ലൂടൂത്ത്, സ്റ്റീരിയ എഫ്എം റേഡിയോ, എംപി ത്രീ മ്യൂസിക് പ്ലെയര്‍ എന്നീ സൗകര്യങ്ങളും ആശ 303 യില്‍ നോക്കിയ ഒരുക്കിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക് മുതലായ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ ബില്‍ട്ടിന്‍ ആപ്പ്‌സും ഉണ്ട്.


1300 mAh ബാറ്ററി ആശ 303 ന് 7.2 മണിക്കൂര്‍ സംസാരസമയം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു, സ്റ്റാന്‍ഡ്‌ബൈ 731 മണിക്കൂറും. ചുവപ്പ്, ഗ്രാഫൈറ്റ് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

എന്നാല്‍, ഇതിലും കുറഞ്ഞ വിലയ്ക്ക് സാമാന്യം ഭേദപ്പെട്ട ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാണ്. ഉദാഹരണത്തിന് 'സാംസങ് ഗാലക്‌സി വൈ എസ്5360' (Samsung Galaxy Y S5360) എന്ന ആന്‍ഡ്രോയിഡ് ഫോണിന്റെ വില 7650 രൂപ മാത്രമാണ്. മൈക്രോമാക്‌സ് എ70 (Micromax A70) മോഡലിന്റേത് 7500 രൂപയും. എല്‍ജി ഓപ്ടിമസ് മി പി350 (LG Optimus Me P350) ന് വില 6999 രൂപ മാത്രം.

ആശ 303 മോഡലിനെക്കാള്‍ കുറഞ്ഞവിലയ്ക്ക് ഇത്തരം ഒട്ടേറെ മികച്ച ഫോണുകള്‍ വിപണിയില്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍, നോക്കിയയ്ക്ക് ഈ ഫോണ്‍ എത്രത്തോളം ജനപ്രിയമാക്കാന്‍ കഴിയുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.
TAGS:


Stories in this Section