കാല്‍ക്കീഴില്‍നിന്ന് മണ്ണ് പൂര്‍ണമായി ഒലിച്ചുപോകാതെ കഴിയുന്നത്ര പിടിച്ചുനിര്‍ത്താനുള്ള ബദ്ധപ്പാടിലാണ് മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ നോക്കിയ ലിമിറ്റഡ്. ഇന്ത്യന്‍ വിപണിയില്‍ ഇപ്പോഴും രാജാക്കന്‍മാര്‍ ഈ ഫിന്നിഷ് കമ്പനി തന്നെയാണെങ്കിലും അവരുടെ മേധാവിത്തത്തിന് ഭീഷണി തട്ടിയിട്ട് നാളേറെയായി.
2010 ല്‍ 49.3 ശതമാനം വില്‍പനപങ്കാളിത്തവുമായി നോക്കിയ ഇന്ത്യന്‍വിപണി കൈയടക്കി വെച്ചിരുന്നു. 2011 ല്‍ അത് 38 ശതമാനമായി. ഇങ്ങനെ പോകുകയാണെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍വിപണിയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുമെന്ന് കമ്പനി ഭയക്കുന്നു.
സ്മാര്‍ട്‌ഫോണ്‍ മേഖലയില്‍ കൊറിയന്‍ കമ്പനിയായ സാംസങ് നടത്തിയ കുതിച്ചുചാട്ടമാണ് നോക്കിയയ്ക്ക് തിരിച്ചടിയായത്. ഇന്നിപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും വിറ്റഴിയുന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുകളെല്ലാം സാംസങിന്റേതാണ്. വോയ്‌സ് ആന്‍ഡ് ഡാറ്റ പുറത്തുവിട്ട കണക്കു പ്രകാരം 2010-2011 സാമ്പത്തികവര്‍ഷത്തില്‍ 5720 കോടി രൂപയുടെ കച്ചവടം സാംസങ് മൊബൈല്‍ ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ 21.7 ശതമാനം കൂടുതല്‍.
നോക്കിയയുടെ ഏറ്റവും പുതിയ ആശ സീരീസില്‍ പെട്ട ഫോണുകളെ ഈയൊരു സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍. പേരില്‍തന്നെ ഭാരതീയ സ്വാധീനമുള്ള ഈ ശ്രേണിയിലെ ഫോണുകള്‍ പ്രധാനമായും ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി ഇറക്കിയതാണെന്നു വ്യക്തം. 4,000 മുതല്‍ 7000 രൂപവരെ വിലവരുന്ന ആശ സീരീസ് ഫോണുകള്‍ സാദാഫോണും സ്മാര്‍ട്‌ഫോണും കൂടിയുള്ള സങ്കരഉല്‍പ്പന്നമാണ്. പൂര്‍ണമായ അര്‍ഥത്തില്‍ ഇതിനെ സ്മാര്‍ട്‌ഫോണ്‍ എന്നു വിളിക്കാന്‍ കഴിയില്ലെങ്കിലും എന്‍ട്രി ലെവല്‍ ഫോണുകളേക്കാള്‍ ഒട്ടേറെ ഫീച്ചറുകള്‍ ഇതിലുണ്ട്.
ഈ സീരീസില്‍പെട്ട
ആശ 300 എന്ന മോഡല്‍ കഴിഞ്ഞയാഴ്ച മുതല്‍ ഇന്ത്യയില്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. 6200 രൂപ വിലയുള്ള ഈ ഫോണ്‍ ത്രിജി കണക്ടവിറ്റിയോടു കൂടിയതാണ്. നോക്കിയ ഫോണുകളുടെ പൊതുസവിശേഷതയായ നിര്‍മാണത്തിലെ ഫിനിഷിങ്ങും ചെറുകാര്യങ്ങളില്‍ പോലുമുള്ള സൂക്ഷ്മതയും ആശ 300 ലുമുണ്ട്. കാന്‍ഡിബാര്‍ ആകൃതിയിലുള്ള ഈ ഫോണ്‍ ടച്ച് ആന്‍ഡ് ടൈപ്പ് വിഭാഗത്തില്‍ പെടുന്നു. കീപാഡിനൊപ്പം ടച്ച്‌സ്‌ക്രീനും ഫോണിലുണ്ടെന്നര്‍ഥം. ക്യുവെര്‍ട്ടി കീപാഡില്‍ ടൈപ്പ്‌ചെയ്തു ശീലിച്ചവരെ പഴയമട്ടിലുള്ള കീപാഡ് അല്‍പമൊന്നു നിരാശപ്പെടുത്തിയേക്കുമെന്നു മാത്രം. 2.4 ഇഞ്ച് റെസിസ്റ്റീവ് ടച്ച് സ്‌ക്രീനിനും അത്ര മേന്മയൊന്നും അവകാശപ്പെടാനില്ല.
സീരീസ് 40 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആശ 300 ല്‍ ഒരു ജിഗാഹെര്‍ട്‌സ് സിപിയു, 128 എംബി റാം എന്നിവയാണുള്ളത്. സിംബിയന്‍ 3.0 വെര്‍ഷനോട് സാമ്യമുള്ളതാണ് ഇതിലെ ഇന്റര്‍ഫേസ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവിയിലേക്കു പ്രവേശിക്കാവുന്ന വിജറ്റുകള്‍ ഹോം സ്‌ക്രീനില്‍ തന്നെ സെറ്റ് ചെയ്തിരിക്കുന്നു.
ത്രിജിയുണ്ടെങ്കിലും ഫ്രണ്ട് ക്യാമറയില്ലാത്തതിനാല്‍ വീഡിയോ കോളിങ് അസാധ്യമാക്കുന്നു. ഫോണിലെ അഞ്ച് മെഗാപിക്‌സല്‍ ക്യാമറ നല്ല മിഴിവുള്ള ചിത്രങ്ങള്‍ സമ്മാനിക്കുന്നുണ്ട്. ജിപിആര്‍എസ്, എഡ്ജ് സൗകര്യങ്ങളുണ്ടെങ്കിലും വൈഫൈ ഇല്ലാത്തതു പോരായ്മയാണെന്നു പറയാതെ വയ്യ.
ശബ്ദഗുണമാണ് ഈ ഫോണിലെ എടുത്തുപറയാവുന്ന മികവ്. എല്ലാതരം ഫോര്‍മാറ്റിലുള്ള ഫയലുകളും പ്രവര്‍ത്തിപ്പിക്കാവുന്ന മ്യൂസിക് പ്ലെയറില്‍ നിന്നുള്ള ശബ്ദം അതീവ ഗുണമേന്‍മയുള്ളതുതന്നെ. ഇക്വലൈസര്‍ സെറ്റിങും എഫ്എം റേഡിയോയും ഫോണില്‍ ഉള്‍പ്പെടുത്താന്‍ നോക്കിയ മറന്നിട്ടില്ല. ഒരു തവണ ഫുള്‍ചാര്‍ജ് ചെയ്താല്‍ രണ്ടുദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാമെന്ന് ഈ ഫോണിന്റെ ബാറ്ററി ആയുസ്സിനെക്കുറിച്ച നോക്കിയ ഉറപ്പുതരുന്നു.
ജനപ്രിയ ഗെയിമായ ആന്‍ഗ്രി ബേഡ്‌സ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ആദ്യമൊബൈല്‍ ഫോണ്‍ എന്ന പെരുമ കൂടി ആശ 300 നുണ്ട്. 6000 രൂപ മുടക്കിയാല്‍ സ്മാര്‍ട്‌ഫോണുകള്‍ കിട്ടുന്ന ഇന്ത്യയില്‍ അത്രത്തന്നെ തുക ചെലവിട്ട് ഒരു അര്‍ധ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ എത്രപേര്‍ തയ്യാറാകും എന്നതാണ് പ്രധാന ചോദ്യം. അങ്ങനെ നോക്കുമ്പോള്‍ ഈ ഫോണ്‍ നോക്കിയയ്ക്ക് ആശയേക്കാള്‍ നിരാശയാകും സമ്മാനിക്കുകയെന്ന് പ്രവചിക്കുന്നവരേറെ.