ഐസ്‌ക്രീം സാന്‍വിച്ചും ജെല്ലിബീനുമൊക്കെയായി വിലസിനടക്കുന്ന ആന്‍ഡ്രോയ്ഡ് ആരാധകര്‍ക്കിത് വായിക്കുമ്പോള്‍ പുച്ഛം തോന്നിയേക്കാം. പക്ഷേ നോക്കിയയുടെ ഇപ്പോഴുമുള്ള ലക്ഷക്കണക്കിന് ആരാധകരെ ഈ വാര്‍ത്ത സന്തോഷിപ്പിക്കും. കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയ 301 ( Nokia 301 ) ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തി.
ഈ വര്‍ഷമാദ്യം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിക്കപ്പെട്ട ഈ ഫീച്ചര്‍ ഫോണ്‍ 5,149 രൂപയ്ക്കാണ് ഇ-ടെയിലിങ് സൈറ്റായ ഫ്ലാപ്കാര്‍ട്ടില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നത്. ത്രിജി സംവിധാനമുള്ള നോക്കിയയുടെ ആദ്യ ഡ്യുവല്‍ സിം മോഡല്‍ എന്നതാണ് നോക്കിയ 301 ന്റെ സവിശേഷത.
നോക്കിയയുടെ സ്മാര്‍ട്‌ഫോണ്‍ സീരീസായ ലൂമിയയുടെ അതേ രൂപഭംഗിയും സൗന്ദര്യവുമാണ് 301 നുമുള്ളത്. പക്ഷേ ഇതൊരു ടച്ച്‌സ്‌ക്രീന്‍ മോഡല്‍ അല്ലെന്നുമാത്രം. ന്യൂമറിക്കല്‍ കീപാഡോടു കൂടിയ കാന്‍ഡിബാര്‍ മോഡലാണിത്. 240 X 320 പിക്‌സല്‍ റിസൊല്യൂഷനുള്ള 2.4 ഇഞ്ച് എല്‍.സി.ഡി. സ്‌ക്രീനാണ് ഇതിലുള്ളത്.
നോക്കിയയുടെ സ്വന്തമായ സീരീസ് 40 ഒഎസ് ആണ് ഇതിലുണ്ട്. ഇന്റര്‍നെറ്റില്‍ കയറാന്‍ 'നോക്കിയ എക്‌സ്പ്രസ് ബ്രൗസറും' ഇതില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു. വെബ്ബില്‍ നിന്നുള്ള ഡാവീഡിയോ സ്ട്രീമിങ് സാധ്യമായ ഏറ്റവും വിലകുറഞ്ഞ നോക്കിയ ഉത്പന്നമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
മൂന്നോ നാലോ ചിത്രങ്ങള്‍ വരിവരിയായി എടുക്കാന്‍ സഹായിക്കുന്ന സീക്വന്റിയല്‍ ഷോട്ട് സംവിധാനമുള്ള 3.2 മെഗാപിക്‌സല്‍ ക്യാമറയോടുകൂടിയാണ് നോക്കിയ 301 ന്റെ വരവ്. പനോരമ മോഡ്, സെല്‍ഫ് ടൈമര്‍ സങ്കേതങ്ങളോടുകൂടിയ ക്യാമറയില്‍ സ്വന്തം ഫോട്ടേയെടുക്കാവുന്ന സെല്‍ഫ് പോര്‍ട്രെയ്റ്റ് സൗകര്യവുമുണ്ട്. മുഖത്തിന് നേരെ ക്യാമറ പിടിച്ചുനിന്നാല്‍ മതി, മുഖം എങ്ങോട്ട് തിരിക്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഫോണിനുള്ളിലെ വോയ്‌സ് ഇന്റഗ്രേഷന്‍ സംവിധാനം പറഞ്ഞുതരും.
എടുക്കുന്ന ഫോട്ടോകള്‍ ബ്ലൂടൂത്ത് വഴി പങ്കിടാനുള്ള നോക്കിയ സ്ലാം എന്ന ആപ്ലിക്കേഷനും ഫോണിലുണ്ട്. ബ്ലൂടുത്ത് ഉപയോഗിച്ച് പെയര്‍ ചെയ്യാത്ത ഫോണുകളിലേക്കും ഫോട്ടോ അയക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്. നോക്കിയ ഇതര കമ്പനികളുടെ ഫോണുകളിലേക്കും ഇങ്ങനെ പടമയയ്ക്കാം.
എഫ്.എം. റേഡിയോ, ജി.പി.ആര്‍.എസ്. സംവിധാനങ്ങളുള്ള 301 ല്‍ 64 എം.ബി. ഇന്റേണല്‍ സ്്‌റ്റോറേജ് ശേഷിയുണ്ട്. 32 ജി.ബി. എസ്.ഡി. കാര്‍ഡ് വരെ ഇതില്‍ ഉപയോഗിക്കാം.
102 ഗ്രാം ഭാരവും 1200 എം.എ.എച്ച്. ബാറ്ററിയുമുള്ള നോക്കിയ 301 ന് 20 മണിക്കൂര്‍ സംസാരസമയവും (2ജി), 504 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററി ആയുസ്സ്. മജന്ത, കറുപ്പ്, സിയാന്‍ നിറങ്ങളില്‍ നോക്കിയ 301 ലഭ്യമാണ്.