|
|
ജോണ്‍ ഗര്ഡന്, ഷിന്യ യമനാക |
സ്റ്റോക്ക്ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനത്തിന് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജോണ്‍ ഗര്‍ഡനും ജപ്പാന് ശാസ്ത്രജ്ഞനായ ഷിന്യ യമനാകയും അര്‍ഹരായി. വിത്തുകോശ ഗവേഷണരംഗത്ത് ഇരുവരും നല്കിയ അടിസ്ഥാന സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം.
പ്രായപൂര്‍ത്തിയായ കോശങ്ങളെ വിത്തുകോശങ്ങള്‍ (stem cells) ആക്കി മാറ്റാന്‍ കഴിയുമെന്നും, വിത്തുകോശങ്ങളെ ശരീരത്തിലെ ഏതിനം കോശങ്ങളായും വളര്‍ത്തിയെടുക്കാമെന്നും തെളിയിച്ച ഗവേഷകരാണ് ഗര്‍ഡനും യമനാകയും.
തവളയുടെ കുടലിലെ കോശങ്ങളുപയോഗിച്ച് തവളകളെ ക്ലോണ്‍ ചെയ്യാമെന്ന് ഗര്ഡന് തെളിയിച്ചപ്പോള്‍, ജീനുകളില്‍ മാറ്റംവരുത്തി കോശങ്ങളെ പുനര്‍പ്രോഗ്രാമിങ് നടത്താമെന്ന് യമനാക ഗവേഷകലോകത്തിന് കാട്ടിക്കൊടുത്തു.
ശാസ്ത്രരംഗത്ത് 'വിപ്ലവം സൃഷ്ടിച്ച' മുന്നേറ്റമാണ് ഇരുവരും നടത്തിയതെന്ന് നൊബേല്‍ കമ്മറ്റി വിലയിരുത്തി.
തവളയുടെ കുടലില്നിന്നെടുത്ത കോശത്തില്‍, ഒരു തവളയെ സൃഷ്ടിക്കാനാവശ്യമായ മുഴുവന്‍ ജനിതകവിവരവും അടങ്ങിയിട്ടുണ്ടെന്ന് 1962 ല്‍ ഗര്ഡന് കണ്ടെത്തി. അത്തരമൊരു കോശത്തില്‍ നിന്നുള്ള ജനിതകദ്രവ്യം അണ്ഡത്തില് സ്ഥാപിച്ച്, തവളയുടെ ക്ലോണ്‍ സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിച്ചു.
ക്ലോണിങിലൂടെ ആദ്യ സസ്തനിയായ ഡോളിയെന്ന ചെമ്മരിയാടിനെ സൃഷ്ടിക്കാന്‍ പില്ക്കാലത്ത് ഉപയോഗിച്ച സങ്കേതം ഇതുതന്നെ.
ഏതാണ്ട് 40 വര്‍ഷത്തിന് ശേഷം, ഗര്ഡന് സ്വീകരിച്ച സമീപനത്തിന് നേരെ വിപരീതമായ രീതിയില്‍ വിത്തുകോശങ്ങള്‍ സൃഷ്ടിക്കാമെന്ന് യമനാക തെളിയിച്ചു.
ചര്മകോശത്തിലേക്ക് പ്രത്യേക ജീനുകളെ സന്നിവേശിപ്പിച്ച് അതിനെ വിത്തുകോശമാക്കി മാറ്റുക എന്നതായിരുന്നു യമനാക വികസിപ്പിച്ച വിദ്യ.
'കോശങ്ങളും ജീവികളും എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് മനസിലാക്കുന്നതില്‍ വിപ്ലവകരമായ പുരോഗതിയുണ്ടാക്കിയ' കണ്ടുപിടിത്തമായിരുന്നു യമനാകയുടേതെന്ന്
നൊബേല്‍ കമ്മറ്റി വിലയിരുത്തി.