പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ പുതിയ യുഗം ടാബ്‌ലറ്റുകളിലൂടെയാണ് പിറന്നിരിക്കുന്നത്. ഐപാഡ് തുടങ്ങിവെച്ച ടാബ്‌ലറ്റ് വിപ്ലവത്തില്‍ പങ്കുചേരാന്‍ ഗൂഗിളും രംഗത്തെത്തുമോ. ടെക് ലോകത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന അഭ്യൂഹം ശരിയാണെങ്കില്‍, എല്‍ജിയുമായി ചേര്‍ന്ന് ഗൂഗിള്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ രൂപപ്പെടുത്തുകയാണ്. ആന്‍ഡ്രോയിഡ് 3.0 (ഹണികോമ്പ്) പതിപ്പ് അടിസ്ഥാനമായുള്ള ഗൂഗിള്‍ ടാബ്‌ലറ്റ് ഈ വര്‍ഷം തന്നെ രംഗത്തെത്തിയേക്കുമത്രേ.
നെക്‌സസ് വണ്‍, നെക്‌സസ് എസ് എന്നീ ഫോണുകളുടെ ചുവടു പിടിച്ച് ഗൂഗിള്‍ നെക്‌സസ് ടാബ്‌ലറ്റ് നിര്‍മിക്കുന്നതായി 'ക്രഞ്ച് ഗിയറി'ലെ ജോണ്‍ ബിഗ്ഗ്‌സ് ആണ്
റിപ്പോര്‍ട്ടു ചെയ്തത്. സംഭവം അഭ്യൂഹമാണെങ്കിലും ഗൂഗിള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വാര്‍ത്ത നിഷേധിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിക്കണമെന്നും ടെക്‌നോളജി നിരീക്ഷകര്‍ പറയുന്നു. സംഭവം സത്യമാണെങ്കില്‍, ആപ്പിളിന്റെ ഐപാഡ് 2 നോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ തന്നെയാണ് ഗൂഗിളിന്റെ ആലോചനയെന്ന് വ്യക്തം.
ഗൂഗിള്‍ ക്രോം ഒ.എസിന്റെ ഡെവലപ്മാരുടെ സൈറ്റായ ക്രോമിയം. ഓര്‍ഗില്‍ പോസ്റ്റ് ചെയ്യപ്പെട്ട ടാബ്ലറ്റിന്റെ ചിത്രമാണ് ഇതുസംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടത്. ഐ-പാഡ് രണ്ട് പുറത്തിറങ്ങുന്നതിന് രണ്ടുദിവസം മുമ്പേ ഈ ചിത്രങ്ങള്‍ ക്രോമിയം സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ആരുടെയും ശ്രദ്ധയില്‍ അതുപെട്ടിരുന്നില്ല. കഴിഞ്ഞയാഴ്ച തൊട്ടാണ് ഇക്കാര്യം ചര്‍ച്ചയായത്.
വലിയ ഐക്കണുകളും വശങ്ങളില്‍ നാവിഗേഷന്‍ ടാബുകളും രണ്ടു പ്രോഗ്രാമുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാവുന്ന സൈഡ്-ബൈ-സൈഡ് വിന്‍ഡോയുമുളളതാണ് ഗൂഗിളിന്റെ ടാബ്‌ലെറ്റെന്ന് ആദ്യചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.
ഇതാദ്യമായല്ല ഗൂഗിള്‍ മറ്റു കമ്പനികളുമായി സഹകരിച്ച് ഗാഡ്ജറ്റുകളുണ്ടാക്കുന്നത്. എച്ച്.ടി.സി.യുമായി ചേര്‍ന്ന് നെക്‌സസ് വണ്‍ എന്ന സ്മാര്‍ട്‌ഫോണായിരുന്നു ഗൂഗിളിന്റെ ആദ്യ സംയുക്ത സംരംഭം. നെക്‌സസ് എസ് എന്ന സ്മാര്‍ട്‌ഫോണിനായി സാംസങുമായി സഹകരിച്ചു. രണ്ടു ഫോണുകളും ജനങ്ങള്‍ കൈയൊഴിഞ്ഞു എന്നത് ഗൂഗിള്‍ ഇപ്പോള്‍ മറക്കാനാഗ്രഹിക്കുന്ന കാര്യമാകും. 2010 ന്റെ അവസാനത്തില്‍ വിപണിയിലെത്തിയ നെക്‌സസ് എസ് തുടക്കത്തില്‍ നന്നായി വിറ്റുപോയിരുന്നുവെങ്കിലും പുത്തന്‍ സ്മാര്‍ട്‌ഫോണ്‍ മോഡലുകളുടെ മലവെള്ളപ്പാച്ചിലില്‍ അതിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. ആ പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാകും കമ്പനി എല്‍.ജി.യുമായി ചേര്‍ന്ന് ടാബ്‌ലറ്റ് ഉണ്ടാക്കുകയെന്നുറപ്പ്.
ഇപ്പോള്‍ തന്നെ വ്യത്യസ്തമോഡലുകളുടെ തള്ളിക്കയറ്റം കാരണം ശ്വാസം മുട്ടുന്ന ടാബ്‌ലറ്റ് രംഗത്ത് ഗൂഗിളിന്റെ രംഗപ്രവേശം എന്തുമാത്രം ചലനം സൃഷ്ടിക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. നെക്‌സസ് ഫോണുകളുടെ വിധി നെക്‌സസ് ടാബ്‌ലറ്റിനും നേരിടേണ്ടി വരുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
വിലനിലവാരം, ഉപയോഗിക്കാനുള്ള സൗകര്യം, ഹാര്‍ഡ്‌വേര്‍ മികവ്, ഡൗണ്‍ലോഡ് ചെയ്യാവുന്ന അപ്ലിക്കേഷനുകളുടെ എണ്ണം തുടങ്ങിയവയാണ് ടാബ്‌ലറ്റ് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ വിലയിരുത്തുന്ന ഘടകങ്ങള്‍. നിലവില്‍ ആപ്പിളിന്റെ ആപ്‌സ് സ്‌റ്റോറില്‍ നിന്ന് മൂന്നു ലക്ഷത്തിലേരെ ആപ്ലിക്കേഷനുകളുണ്ട്. ആപ്ലിക്കേഷനുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആന്‍ഡ്രോയിഡും അത്ര മോശമല്ല. നിലവില്‍ രണ്ടു ലക്ഷത്തോളം ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലുണ്ട്.
ഗൂഗിളിന്റെ ടാബ്‌ലറ്റ് വരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ തിരിച്ചടിയായത് എല്‍ജിക്കാണ് എന്നതാണ് ഏറെ രസകരമായ വസ്തുത. ഗൂഗിളുമായി സഹകരിച്ച് നിലവില്‍ ജി-സ്ലേറ്റ് എന്നൊരു ടാബ്ലറ്റ് എല്‍ജി നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഗൂഗിളിന്റെ സ്വന്തം ടാബ്‌ലറ്റ് വരുന്നുണ്ടെന്നറിഞ്ഞാല്‍ ജി-സ്ലേറ്റ് വാങ്ങാന്‍ ആളുണ്ടാകുമോ എന്ന ആശങ്കയിലാണ് എല്‍ജി ഇപ്പോള്‍.