ഗൂഗിളിന്റെ ആദ്യ ബ്രാന്‍ഡഡ് ഫോണായിരുന്നു നെക്‌സസ് വണ്‍. തയ്‌വാനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ എച്ച്.ടി.സി.യുടെ സഹകരണത്തോടെയാണ് ആ ആന്‍ഡ്രോയിഡ് ഫോണ്‍ 2010 ജനവരി ആദ്യം ഗൂഗിള്‍ പുറത്തിറക്കിയത്. ഇപ്പോഴിതാ നെക്‌സസ് രണ്ട് വരുന്നു. ഗൂഗിളിന്റെ സഹകരണത്തോടെ സാംസങ് പുറത്തിറക്കുന്ന ഈ ഫോണില്‍ ആന്‍ഡ്രോയിഡ് 2.3 പതിപ്പ് (ജിന്‍ഗര്‍ബ്രെഡ്) ആകും ഉപയോഗിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നുവെച്ചാല്‍, അടുത്ത തലമുറ ആന്‍ഡ്രോയിഡ് ഫോണാകും 'സാംസങ് നെക്‌സസ് രണ്ട്' (Samsung Nexus Two) എന്ന് സാരം. ഔദ്യോഗികമായി അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെങ്കിലും, നവംബറില്‍ പുതിയ ഫോണ്‍ അവതരിപ്പിക്കപ്പെടുമെന്നാണ് ടെക് ബ്ലോഗുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'ഗിസ്‌മോഡോ' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്, നെക്‌സസ് വണ്‍ പോലെ അതിന്റെ പിന്‍ഗാമിയും ഫുള്‍ടച്ച് സ്‌ക്രീന്‍ ഫോണ്‍ ആയിരിക്കും എന്നാണ്. വീഡിയോകോളിങ് സംവിധാനത്തിന് ഫ്രണ്ട് ക്യാമറയുണ്ടാകും. മുഖ്യക്യാമറ അഞ്ച് മെഗാപിക്‌സല്‍ ശേഷിയുള്ളതായിരിക്കും.
ആന്‍ഡ്രോയിഡ് ആന്‍ഡ് മി (AndroidandMe) എന്ന ബ്ലോഗില്‍ ടെയ്‌ലര്‍ വിമ്പെര്‍ലി, നെക്‌സസ് രണ്ടിന്റേതെന്ന് കരുതുന്ന സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 2.3 പതിപ്പ്. 1.2 ഗിഗാഹെര്‍ട്‌സ് പ്രോസസര്‍. നാലിഞ്ച് അമൊലെഡ് (AMOLED) ഡിസ്‌പ്ലേ. ചിലപ്പോള്‍ അത് സൂപ്പര്‍ അമൊലെഡ് ആകാമെന്നും സൂചനയുണ്ട്.
അഞ്ച് മെഗാപിക്‌സല്‍ ക്യാമറയ്‌ക്കൊപ്പം ഹൈഡെഫിനിഷന്‍ (എച്ച് ഡി) വീഡിയോ റിക്കോര്‍ഡിങും നെക്‌സസ് രണ്ടില്‍ സാധ്യമാകും. ഇന്റേണല്‍ മെമ്മറി 512 റാം ആയിരിക്കും. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുണ്ടാകും നെക്‌സസ് രണ്ടില്‍. സാധാരണ സ്മാര്‍ട്ട് ഫോണുകളിലുള്ള വൈഫൈ, ബ്ലൂടൂത്ത്, 3.5 എം.എം.ഹെഡ്‌സെറ്റ് ജാക്ക് മുതലായവയും ഉണ്ടാകും.
ഈ പ്രത്യേകതകളുടെ വെളിച്ചത്തില്‍ എത്താവുന്ന നിഗമനം ഇതാണ്. ഇതുവരെ ലഭ്യമായതില്‍ ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണാണ് ഗൂഗിളും സാംസങും ചേര്‍ന്ന് പുറത്തിറക്കാന്‍ പോകുന്നത്.
ഒരു സംശയം തോന്നാം. ഗൂഗിള്‍ ഈ സൂപ്പര്‍ഫോണ്‍ നിര്‍മിക്കാന്‍ എന്തുകൊണ്ട് സാംസങിനെ കൂട്ടുപിടിച്ചു. ഇന്ന് ലഭ്യമായ ഭൂരിപക്ഷം സ്മാര്‍ട്ട്‌ഫോണുകളിലെയും സിപിയു, ജിപിയു ചിപ്പുകള്‍ നിര്‍മിക്കുന്നത് സാംസങാണ്. അതാകാം ഒരു കാരണം. മാത്രമല്ല, ലഭ്യമായതില്‍ ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണ്‍ എന്ന് ഖ്യാതി നേടിയ 'ഗാലക്‌സി എസ്' പുറത്തിറക്കിയതും സാംസങ് തന്നെയാണ്.
നാലിഞ്ച് സ്‌ക്രീനും 1.2 ഗിഗാഹെര്‍ട്‌സ് മൈക്രോപ്രൊസസറും ചേരുമ്പോള്‍, നെക്‌സസ് രണ്ട് തീര്‍ച്ചയായും
നെക്‌സസ് ഒന്നിന്റെ പിന്‍ഗാമിയാകുമെന്നുറപ്പ്.