അന്തരിച്ച ആപ്പിള്‍ മുന്‍മേധാവി സ്റ്റീവ് ജോബ്‌സിനോടുള്ള ആദരസൂചകമായി, നെക്‌സസ് പ്രൈം സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറിക്കുന്നത് സാംസങ് നീട്ടി. ഒക്ടോബര്‍ 11 ന് സാന്‍ ഡിയാഗോയില്‍ പുതിയ ഫോണ്‍ പുറത്തിറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.
ലോകം സ്റ്റീവിന്റെ വേര്‍പാടില്‍ വിലപിക്കുന്ന വേളയില്‍, ഇത്തരമൊരു സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നത് ഔചിത്യപൂര്‍ണമാകില്ലെന്ന് സാംസങ് കമ്പനി അറിയിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് 2011 ആഗസ്ത് 24 ന് ആപ്പിളിന്റെ സിഇഒ പദം ഒഴിഞ്ഞ
സ്റ്റീവ്, ഒക്ടോബര്‍ ആറിനാണ് അന്തരിച്ചത്.
ആപ്പിള്‍ ഉപകരണങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയെന്ന നിലയ്ക്ക് സാംസങും ആപ്പിളും അടുത്ത ബന്ധം പുലര്‍ത്തുന്ന സ്ഥാപനങ്ങളാണ്. അതേസമയം, പേറ്റന്റ് ലംഘനങ്ങളുടെ പേരില്‍ ഇരുകമ്പനികളും നിയമ പോരാട്ടത്തിലുമാണ്.
അനുമതിയില്ലാതെ തങ്ങളുടെ പേറ്റന്റുകള്‍ ഉപയോഗിക്കുന്നതായി ഇരുകമ്പനികളും പരസ്പരം ആരോപിക്കുന്നു. മാത്രമല്ല,
ഗാലക്‌സി ടാബ് 10.1 ന്റെ കാര്യത്തില്‍ സാംസങ് തങ്ങളുടെ ടാബ്‌ലറ്റായ ഐപാഡിന്റെ രൂപഘടനയും സ്വഭാവവും കോപ്പിയടിച്ചതായും ആപ്പിള്‍ ആരോപിക്കുന്നു.
ആപ്പിളിന്റെ പരാതിയെ തുടര്‍ന്ന് ജര്‍മനിയില്‍ ഗാലക്‌സി ടാബ് 10.1 ന്റെ വില്‍പ്പന കോടതി വിലക്കിയിരിക്കുകയാണ്. സാംസങ് സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന വിലക്കിക്കൊണ്ടുള്ള ഉത്തരവ് നെതര്‍ലന്‍ഡ്‌സില്‍ ഈമാസം നിലവില്‍ വരും. കോടതി നടപടിയുടെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ തങ്ങളുടെ ടാബ്‌ലറ്റ് അവതരിപ്പിക്കുന്നത് സാംസങ് നീട്ടിയിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിലും സ്റ്റീവിന് ആദരാഞ്ജലി അര്‍പ്പിക്കേണ്ടത് പ്രധാനപ്പെട്ടതാണെന്ന് സാംസങിന് തോന്നിയതാണ്, നെക്‌സസ് പ്രൈമിന്റെ റിലീസിങ് നീട്ടാന്‍ കാരണമായത്.
ഗൂഗിള്‍ നെക്‌സസ്, നെക്‌സസ് വണ്‍ എന്നിവയ്ക്ക് ശേഷം പുറത്തുവരുന്ന ഗൂഗിളിന്റെ സ്വന്തം ഫോണണ്
നെക്‌സസ് പ്രൈം. സാംസങാണ് ഫോണ്‍ നിര്‍മിക്കുന്നത്. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ആന്‍ഡ്രോയിഡ് 4.0 അഥവാ 'ഐസ് ക്രീം സാന്‍ഡ്‌വിച്ച്' ഉപയോഗിക്കുന്ന ആദ്യ ഫോണാണ് നെക്‌സസ് പ്രൈം.
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ ഐഫോണിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് സാംസങിന്റെ ആന്‍ഡ്രോയിഡ് ഫോണുകളാണ്. ആഗോളതലത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 19.25 ശതമാനം ഐഫോണിനാണെങ്കില്‍, സാംസങിന്റെ ഫോണുകള്‍ക്കാണ് 16.2 ശതമാനം.
പരസ്പരം രൂക്ഷമായ മത്സരത്തിലാണ് ഇരു കമ്പനികളുമെങ്കിലും, സാംസങ് ഏറ്റവുമധികം പണം സമ്പാദിക്കുന്ന മാര്‍ഗങ്ങളിലൊന്ന് ആപ്പിളാണ്. ഐഫോണിന്റെയും ഐപാഡിന്റെയും സ്‌ക്രീനുകളുള്‍പ്പടെ, ആപ്പിള്‍ ഉപകരണങ്ങളുടെ പല പ്രധാനഭാഗങ്ങളും കരാര്‍ വ്യവസ്ഥയില്‍ നിര്‍മിച്ച് നല്‍കുന്നത് സാംസങ് ആണ്. 2011 ഫിബ്രവരിയില്‍ ഈ മേഖലയില്‍ 780 കോടി ഡോളറിന്റെ കരാറാണ് ഇരുകമ്പനികളും ഒപ്പിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.