
ബാംഗ്ലൂര്‍: ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണായ നെക്‌സസ് വണ്ണി (Nexus One) നായുള്ള ട്രേഡ് മാര്‍ക്ക് അപേക്ഷ തള്ളി. ഫോണിന് ഇനി പുതിയ പേര് തിരയേണ്ടി വന്നേക്കാം. ഇന്റഗ്ര എന്ന അമേരിക്കന്‍ കമ്പനിയ്ക്ക് നിലവില്‍ ഈ പേരിന് അവകശമുളളതായി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് അമേരിക്കന്‍ അധികൃതര്‍ ഈ പേര് ഉപയോഗിക്കുന്നതില്‍ നിന്ന് ഗൂഗിളിനെ വിലക്കിയതായും റിപ്പോര്‍ട്ട് പറയുന്നു.
ഗൂഗിളില്‍ നിന്നും പ്രതികരണം ലഭിക്കുന്നതു വരെയുള്ള ഇടക്കാല ഉത്തരവാണ് പേറ്റന്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. ഇന്‍റ്റര്‍നെറ്റ് സെര്‍ച്ച് ഭീമനായ ഗൂഗിളുമായി ഇതു സംബന്ധിച്ച് ധാരണയിലെത്താന്‍ ഇന്റഗ്രയ്ക്ക് താത്പര്യമുണ്ട്. എന്നാല്‍, ഇവിടെയും പ്രശ്‌നം അവസാനിക്കുന്ന മട്ടില്ല.
അമേരിക്കന്‍ നോവലിസ്റ്റായ ഫിലിപ്പ്. കെ. ഡിക്കിന്റെ ഡു ആന്‍ഡ്രോയിഡ്‌സ് ഡ്രീം ഓഫ് ഇലക്ട്രിക്ക് ഷീപ്പ് എന്ന നോവലിലെ ആന്‍ഡ്രോയിഡുകളുടെ പേരാണ് ഗൂഗിള്‍ തട്ടിയെടുത്തിരിക്കുന്നതെന്ന ആരോപണവും നിലവിലുണ്ട്. നോവലിലെ ആന്‍ഡ്രോയിഡുകളുടെ പേര് നെക്‌സസ്-സിക്‌സ് എന്നാണ്. ഇതു സംബന്ധിച്ച് ഗൂഗിളുമായി നിയമ യുദ്ധത്തിനൊരുങ്ങുകയാണ് ഡിക്കിന്റെ കുടുംബം.