ഫാഷന്റെ പുത്തന്‍ യുഗത്തിന് നാന്ദി കുറിക്കുകയാണ് ജപ്പാനിലെ കൗമാരപ്രായക്കാര്‍. സ്വര്‍ണവും വെള്ളിയുമൊന്നുമല്ല, ഒരു ഹൈടെക് തരംഗത്തിനാണ് അവര്‍ തുടക്കമിടുന്നത്. എല്‍.ഇ.ഡി.ലൈറ്റുകള്‍ കൊണ്ട് വായ്ക്കുള്ളില്‍ വര്‍ണവെളിച്ചം സൃഷ്ടിക്കുന്നതാണ് പുതിയ ഫാഷന്‍. ഒരര്‍ഥത്തില്‍ 'എല്‍.ഇ.ഡി.പുഞ്ചിരി'!
ജപ്പാനിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ് പുതിയ ഫാഷന് പ്രചാരമേകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജപ്പാന്‍കാരായ രണ്ട് ഡിസൈനര്‍മാര്‍ പരീക്ഷണാര്‍ഥം രൂപപ്പെടുത്തിയ സങ്കേതമാണ് വായ്ക്കുള്ളിലെ വെളിച്ചം. ജപ്പാനിലെ വസ്ത്രശാലയായ 'ലഫോറെറ്റ് ഹരാജുകു' അവരുടെ വേനല്‍ക്കാല വില്‍പ്പന പരസ്യമായി ഇപ്പോള്‍ അത് ഉപയോഗിക്കുകയും ചെയ്യുന്നു.
വര്‍ണ്ണപുഞ്ചിരിക്കുള്ള എല്‍.ഇ.ഡി. ഉപകരണം പല്ലില്‍ അനായാസേന ഘടിപ്പിക്കാനാകും. ചിരിക്കുമ്പോള്‍ വിവധ വര്‍ണപ്രകാശങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഇരുട്ടിലാണ് 'പുഞ്ചിരി' നന്നായി കാണാനാവുക എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കാന്തത്തിനൊപ്പം എല്‍.ഇ.ഡി.ലൈറ്റ് ഘടിപ്പിച്ച ശേഷം ലോഹപ്രതലത്തില്‍ എറിഞ്ഞു പിടിപ്പിക്കാവുന്ന തരത്തിലുള്ള 'എല്‍.ഇ.ഡി.ത്രോവീസി'ല്‍ നിന്നാണ്, പുതിയ ഫാഷന്‍ സംബന്ധിച്ച ആശയം ലഭിച്ചതെന്ന് ഡിസൈനര്‍മാരിലൊരാളായ മോട്ടോയി ഇഷിബാഷി തന്റെ ബ്ലോഗില്‍ വിശദീകരിക്കുന്നു.
ഇതിലുള്‍പ്പെട്ട രണ്ടാമത്തെ ഡിസൈനറായ ഡായിറ്റോ മനാബിയാണ് ഇതിന്റെ സാങ്കേതിക സംഗതികള്‍ രൂപപ്പെടുത്തുന്നത്. എങ്ങനെ ഫലപ്രദമായി എല്‍.ഇ.ഡി. പുഞ്ചിരി സാധ്യമാക്കാം എന്ന് ദേശീയതലത്തില്‍ ഇരുവരും ചേര്‍ന്ന് വര്‍ക്ക്‌ഷോപ്പുകളും നടത്തുന്നുണ്ട്.