നാവിഗേഷന്‍ ഉപഗ്രഹങ്ങള്‍ വേണ്ട; ജി.പി.എസിന് ബദല്‍

Posted on: 03 Jul 2012


-സ്വന്തം ലേഖകന്‍




ജി.പി.എസ്.എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റ'ത്തിന് ബദലായി പുതിയ നാവിഗേഷന്‍ സംവിധാനം വരുന്നു. കൃത്രിമോപഗ്രഹങ്ങളുടെ പിന്തുണ ആവശ്യമില്ല എന്നതാണ് പുതിയ സങ്കേതത്തിന്റെ സവിശേഷത.

ഉപഗ്രഹ സിഗ്നലുകള്‍ക്ക് പകരം, മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, റേഡിയോ, വൈഫൈ തുടങ്ങിയവ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സിഗ്നലുകള്‍ വഴിയാണ് 'നാവ്‌സോപ്' (NAVSOP) എന്ന് പേരിട്ടിട്ടുള്ള നാവിഗേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ബി.എ.ഇ.സിസ്റ്റംസ് (BAE Systems) എന്ന ബ്രിട്ടീഷ് പ്രതിരോധ കമ്പനിയാണ് ഇതിന് പിന്നില്‍. തീപ്പിടിത്തമുണ്ടാകുമ്പോള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങുന്നവരെയും, മോഷ്ടിച്ച് അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് മേഖലകളില്‍ ഒളിപ്പിച്ച വാഹനങ്ങളുമൊക്കെ കണ്ടെത്താന്‍ 'നാവ്‌സോപ്' സഹായിക്കുമെന്ന് കമ്പനി പറയുന്നു. യുദ്ധവേളയില്‍ ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം നിര്‍ത്തലാക്കിയാല്‍ പുതിയ സങ്കേതം തുണയ്‌ക്കെത്തും.

'നാവിഗേഷന്‍ വയ സിഗ്നല്‍സ് ഓപ് ഒപ്പര്‍ച്യൂണിറ്റി' എന്നതിന്റെ ചുരുക്കപ്പേരാണ് 'നാവ്‌സോപ്'. ഒരു യൂസറുടെ സ്ഥാനം ഏതാനും മീറ്ററുകള്‍ക്കടുത്തുവരെ കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഈ സങ്കേതം, ഭാവിയില്‍ ജി.പി.എസ്.നാവിഗേഷന്റെ ആവശ്യം തന്നെ പരിമിതമാക്കിയേക്കും.

ജി.പി.എസ്.ഉപഗ്രങ്ങളില്‍ നിന്നുള്ള വിവരവും ഏകോപിപ്പിക്കാന്‍ നാവ്‌സോപ്പിനാകും. അതിനാല്‍ നിലവിലുള്ള ജി.പി.എസ്.ഉപകരണങ്ങളുമായി ഇതിനെ സമ്മേളിപ്പിക്കാന്‍ എളുപ്പമാണെന്ന് ബി.എ.ഇ.സിസ്റ്റംസ് കമ്പനി അറിയിക്കുന്നു.

'നാവ്‌സോപ്പിന്റെ യഥാര്‍ഥ ആകര്‍ഷണീയത എന്താണെന്ന് ചോദിച്ചാല്‍, അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട് എന്നതാണ്'-കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. 'ചെലവേറിയ ട്രാന്‍സ്മിറ്റര്‍ ശൃംഖലകള്‍ നിര്‍മിക്കേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല, പുതിയ സംവിധനത്തിനാവശ്യമായ ഹാര്‍ഡ്‌വേര്‍ ഇപ്പോള്‍ തന്നെ ലഭ്യവുമാണ്'.

വിവിധങ്ങളായ സിഗ്നല്‍ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനാല്‍, നാവ്‌സോപ് സങ്കേതത്തിന് ജി.പി.എസ്. ആശ്രിതത്വം കുറയ്ക്കാന്‍ കഴിയും -കമ്പനി പറയുന്നു. സമീപത്ത് ലഭ്യമായ സിഗ്നലുകളെ പിടിച്ചെടുത്താണ് നാവ്‌സോപ് പ്രവര്‍ത്തിക്കുക.

ഇടത്തരം ആവര്‍ത്തിയുള്ള റേഡിയോ തരംഗങ്ങളെയാണ് ഇത് കൂടുതലായി ആശ്രയിക്കുന്നത്. നൂറുവര്‍ഷം മുമ്പ് ഗൂഗ്ലിയേല്‍മോ മാര്‍കോണി റേഡിയോ പ്രക്ഷേപണത്തിന് ഉപയോഗിച്ച തരംഗരാജി (സ്‌പെക്ട്രം) തന്നെയാണിത്.

അതേസമയം, ജി.പി.എസ്.സംവിധാനം ഉപയോഗിക്കുന്നത് ഉപഗ്രഹസിഗ്നലുകളെയാണ്. ഭൂപ്രതലത്തില്‍നിന്ന് 20,000 കിലോമീറ്റര്‍ അകലെ ഭൂമിയെ ചുറ്റുന്ന കൃത്രിമോപഗ്രഹങ്ങളില്‍ നിന്നാണ് സിഗ്നലുകള്‍ ഭൂമിയിലെത്തുന്നത്.

മനുഷ്യസമൂഹം ജി.പി.എസിനെ അമിതമായി ആശ്രയിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. ആ സ്ഥിതിക്ക് മാറ്റമുണ്ടാക്കാന്‍ നാവ്‌സോപ് സങ്കേതം സഹായിക്കുമെന്ന് ബി.എ.ഇ.സിസ്റ്റംസ് നിരീക്ഷിച്ചു. സൈനിക കേന്ദ്രങ്ങളും സാധാരണക്കാരും ഒരേപോലെ ഈ സങ്കേതത്തെ സ്വാഗതം ചെയ്യുന്നതായി കമ്പനി പറയുന്നു.


Stories in this Section