|
|
ബുധഗ്രഹത്തിന്റെ ഉത്തരധ്രുവത്തിന്റെ റഡാര്‍ ദൃശ്യം. പ്യുവര്‍ട്ടോ റിക്കോയിലുള്ള അരെസിബോ ഒബ്‌സര്‍വേറ്ററി എടുത്ത ദൃശ്യവും, മെസഞ്ചര്‍ പകര്‍ത്തിയ അതേ മേഖലയുടെ ദൃശ്യവും സംയോജിപ്പിച്ചപ്പോള്‍ ലഭിച്ചത്. |
സൗരയൂഥത്തില്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള ബുധനില്‍ ഹിമപാളികളും ഓര്‍ഗാനിക് വസ്തുക്കളുമുള്ളതായി കണ്ടെത്തല്‍. ബുധന്‍ പര്യവേക്ഷണത്തിനായി അയച്ച 'മെസെഞ്ചര്‍' വാഹനമാണ്, ഗ്രഹത്തിന്റെ ഉത്തരധ്രുവത്തിലെ വിള്ളലുകളില്‍ ഹിമത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഭൂമിയില്‍നിന്ന് ടെലസ്‌കോപ്പുകള്‍ വഴി നടത്തിയ നിരീക്ഷണത്തില്‍, ബുധനില്‍ ഹിമത്തിന്റെ സാന്നിധ്യമുള്ളതായി സൂചന ലഭിച്ചിരുന്നു. എന്നാല്‍, ടാര്‍, കല്‍ക്കരി പോലെയുള്ള കാര്‍ബണ്‍ അധിഷ്ഠിത ഓര്‍ഗാനിക് വസ്തുക്കള്‍ അവിടെയുണ്ട് എന്നകാര്യം ആശ്ചര്യജനകമാണെന്ന് നാസ ഗവേഷകര്‍ പറഞ്ഞു. 'സയന്‍സ്' ജേര്‍ണലിലാണ് പഠനവിവരം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ബുധഗ്രഹത്തെക്കുറിച്ച് പഠിക്കാന്‍ അയച്ച
ആദ്യ ബഹിരാകാശ പേടകമാണ് മെസെഞ്ചര്‍. ചൊവ്വാഗ്രഹത്തില്‍ പര്യവേക്ഷണം നടത്തുന്ന ക്യൂരിയോസിറ്റിയില്‍ നിന്ന് വ്യത്യസ്തമാണ് മെസെഞ്ചര്‍. ക്യൂരിയോസിറ്റി ഗ്രഹോപരിതലത്തിലിറങ്ങി മണ്ണുംകല്ലുമൊക്കെ നേരിട്ട് പരീക്ഷിക്കുന്ന വാഹനമാണ്.
അതേസമയം, ഗ്രഹത്തെ ചുറ്റിസഞ്ചരിച്ച് ലേസര്‍ കിരണങ്ങളുടെ സഹായത്തോടെയാണ് മെസഞ്ചര്‍ പഠനം നടത്തുന്നത്. പരോക്ഷ പരിശോധനയാണ് മെസഞ്ചര്‍ നടത്തുന്നതെന്ന് സാരം. കൊളംബിയ സര്‍വകലാശാലയിലെ സീന്‍ സോളമനാണ് മെസെഞ്ചര്‍ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
|
|
സ്ഥിരമായി നിഴല്‍പരന്നു കിടക്കുന്ന ബുധന്റെ ഉത്തരധ്രുവം. സ്ഥിരമായി നിഴലിലുള്ള ഭാഗമാണ് ചുവപ്പ് നിറത്തില്‍ കാണപ്പെടുന്നത്. |
യുഗങ്ങള്‍ക്ക് മുമ്പ് ധൂമകേതുക്കളോ ക്ഷുദ്രഗ്രഹങ്ങളോ വഴി എത്തിയതാകാം ബുധന്റെ ഉപരിതലത്തിലെ ഹിമപാളികളും ഓര്‍ഗാനിക് വസ്തുക്കളുമെന്ന് ഗവേഷകര്‍ കരുതുന്നു. ധ്രുവമേഖലയിലെ വിള്ളലുകളില്‍ തണുപ്പേറിയ സ്ഥലങ്ങളിലാണ് ഹിമപാളികളുടെ സാന്നിധ്യമുള്ളതെന്ന് റഡാര്‍ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഹിമത്തിന്റെയും ഓര്‍ഗാനിക് വസ്തുക്കളുടെയും സാന്നിധ്യമുണ്ടെന്നു കരുതി, ഏതെങ്കിലും കാലത്ത് സൂക്ഷ്മരൂപത്തില്‍ പോലും ബുധനില്‍ ജീവന്‍ നിലനിന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ കരുതുന്നില്ല.
എന്നാല്‍, സൗരയൂഥത്തിന്റെ ആന്തരഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രഹത്തില്‍ ഓര്‍ഗാനിക് വസ്തുക്കളും ഹിമവും ഉണ്ടെന്ന കണ്ടെത്തല്‍, ഭൂമിയില്‍ എങ്ങനെ ജീവനുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സഹായിച്ചേക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.
'ഭൂമിയില്‍ ജീവന്റെ ഉത്ഭവത്തിന് കാരണമായ രാസവസ്തുക്കള്‍, സൗരയൂഥത്തിന്റെ ആന്തരഭാഗത്ത് ഒരു ഗ്രഹത്തില്‍ കണ്ടെത്തുകയെന്നത് തീര്‍ച്ചയായും ആവേശജനകമാണ്'-ഗവേഷകര്‍ പറയുന്നു.
'മെര്‍ക്കുറി സര്‍ഫേസ്, സ്‌പേസ് എണ്‍വിരോണ്‍മെന്റ്, ജിയോകെമിസ്ട്രി ആന്‍ഡ് റേഞ്ചിങ്' എന്നതിന്റെ ചുരുക്കപ്പേരാണ് 'മെസഞ്ചര്‍'. ഈ മാര്‍ച്ചില്‍ മെസഞ്ചര്‍ അതിന്റെ രണ്ടുവര്‍ഷം ദൗത്യകാലയളവ് പൂര്‍ത്തിയാക്കും. മൂന്നാമതൊരു വര്‍ഷംകൂടി ദൗത്യം തുടരാന്‍ നാസയോട് ഫണ്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ഗവേഷകര്‍.
ദൗത്യം തുര്‍ന്നാലും ഇല്ലെങ്കിലും, ബുധഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ മെസഞ്ചര്‍ തുടരും, ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണം മൂലം അത് ഗ്രഹത്തില്‍ പതിക്കുന്ന കാലം വരെ. (ചിത്രങ്ങള്‍ കടപ്പാട്:
നാസ)