സ്മാര്‍ട്ട്‌ഫോണ്‍രംഗം ഒരര്‍ഥത്തില്‍ വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളുടെ കിടമത്സരവേദി കൂടിയാണ്. ഏതു കമ്പനി നിര്‍മിക്കുന്നു എന്നായിരുന്നു അടുത്തകാലം വരെ മൊബൈലുകളുടെ കാര്യത്തില്‍ കൂടുതല്‍പേരും പ്രാധാന്യത്തോടെ നോക്കിയിരുന്നത്. അതിനിപ്പോള്‍ മാറ്റംവന്നിരിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണ്‍, ഐഫോണ്‍, വിന്‍ഡോസ് ഫോണ്‍ എന്നൊക്കെ പറയുമ്പോള്‍, അതില്‍ ഐഫോണ്‍ മാത്രമേ കൃത്യമായി ഈ കമ്പനി നിര്‍മിക്കുന്നത് എന്ന് പറയാനൊക്കൂ. എന്നുവെച്ചാല്‍, മൊബൈലുകളെ സംബന്ധിച്ച് പ്ലാറ്റ്‌ഫോം ഏതാണ് എന്നതിന് പ്രാധാന്യം ഏറി വരുന്നു.
ഗൂഗിളിന്റെ ആന്‍ഡ്രോയിഡും ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും (ഐഒഎസ്) അടക്കിവാഴുന്ന മേഖലയിലേക്ക് കഴിഞ്ഞ വര്‍ഷമാണ് മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ ഒഎസ് എത്തിയത്. അതോടെ മത്സരം കൂടുതല്‍ ശക്തമായ ഈ മേഖലയിലേക്ക് പുതിയൊരു മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം കൂടി എത്തുകയാണ്. ഫയര്‍ഫോക്‌സ് വെബ് ബ്രൗസറിന്റെ നിര്‍മാതാക്കളായ മോസിലയാണ് പുതിയ ഒഎസിന്റെ നിര്‍മാതാക്കള്‍.
'ബൂട്ട് ടു ഗിക്കോ' (Boot to Gecko - B2G) എന്നു പേരിട്ടിരിക്കുന്ന ആ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ആദ്യമായി ബ്രസീലിലാണ് എത്തുക. ബ്രസീലിലെ വമ്പന്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനിയായ ടെലിഫോണിക്ക വിവോയുമായി സഹകരിച്ചുകൊണ്ടാണ് ബിടുജി വിപണിയിലെത്തുന്നത്. ഈവര്‍ഷം അവസാനത്തോടെ മോസില്ല ഫോണുകള്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിന്‍ഡോസിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനേക്കാള്‍ കാര്യക്ഷമവും സുരക്ഷിതവുമായ വെബ്ബ്രൗസര്‍ എന്ന നിലയ്ക്കാണ് മോസില ശ്രദ്ധിക്കപ്പെട്ടത്. അതേ സുരക്ഷിതത്വവും കാര്യക്ഷമതയും ബിടുജി ഒഎസിനുമുണ്ടാകുമെന്ന് മോസില്ല ഉറപ്പുതരുന്നു. സ്മാര്‍ട്‌ഫോണുകളുടെ പ്രവര്‍ത്തനം കൃത്യമായി നിയന്ത്രിക്കാനും ഏതൊക്കെ ആപ്ലിക്കേഷനുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കാനുമെല്ലാം ബിടുജി സഹായിക്കും. ഫയര്‍ഫോക്‌സ് ബ്രൗസറില്‍ ഏതു പേജാണ് ഡിസ്‌പ്ലേ ചെയ്യേണ്ടതെന്ന് തീരുമാനിക്കുന്ന ഭാഗമാണ് ഗിക്കോ. അതില്‍ നിന്നാണ് ബൂട്ട് ടു ഗിക്കോ അഥവാ ബിടുജി എന്ന പേരുണ്ടാകുന്നത്.
ബ്രസീലിലെ സാവോപോളോയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മോസില്ല ചീഫ് എക്‌സിക്യുട്ടീവ് ഗാരി കൊവാക്‌സ് ആണ് ബിടുജിയുടെ വരവ് പ്രഖ്യാപിച്ചത്. 'എല്ലാതരം മൊബൈല്‍ ഉപയോക്താക്കളുടെയും കീശയിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കുകയെന്നതാണ് ബിടുജിയുടെ ലക്ഷ്യം. എച്ച്ടിഎംഎല്‍ 5 സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഒഎസാണിത്. സാദാഫോണുകളെ സ്മാര്‍ട്‌ഫോണുകളാക്കി പ്രവര്‍ത്തിപ്പിക്കാന്‍ ബിടുജിക്ക് കഴിയും. ആപ്ലിക്കേഷനുകള്‍ വെബ്‌പേജുകള്‍ പോലെയാക്കി, കമ്പ്യൂട്ടറിലേതുപോലെ ക്ലിക്കുകളിലൂടെയും ലിങ്കുകളിലൂടെയും മുന്നോട്ടുപോകുന്ന തരത്തിലുള്ള ഒഎസാകും ഇത് ''- കൊവാക്‌സ് പറഞ്ഞു.
ബ്രസീലിലാണ് ആദ്യം അവതരിപ്പിക്കുകയെന്ന് വെളിപ്പെടുത്തിയെങ്കിലും ഏതു കമ്പനിയുടെ ഹാന്‍ഡ്‌സെറ്റിലാണ് ബിടുജി ആദ്യം എത്തുകയെന്ന് ഗാരി കൊവാക്‌സ് വ്യക്തമാക്കിയില്ല. ഫീച്ചര്‍ഫോണുകളുടെ വിലയ്ക്കാകും ബിടുജി ഫോണുകള്‍ വില്‍ക്കുകയെന്ന് ടെലിഫോണിക്ക വിവോ ചീഫ് ഇന്നവേഷന്‍ ഓഫീസര്‍ പാബ്‌ളോ ലാറിക്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും പറ്റിയൊരു ഒഎസ് നിര്‍മിക്കാന്‍ മോസില്ല ശ്രമം തുടങ്ങിയിട്ട് ഏറെ കാലമായി.
2011 ജൂലായിലാണ് കമ്പനി ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്്. അന്നു തൊട്ടാരംഭിച്ച മോസില്ല റിസര്‍ച്ച് വിഭാഗത്തിന്റെ പരിശ്രമങ്ങളാണ് ഇന്നിപ്പോള്‍ ബിടുജിയിലൂടെ യാഥാര്‍ഥ്യമാകുന്നത്.