മോട്ടറോളയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണായ 'ക്വഞ്ച് എക്‌സ്ടി 5' (QUENCH XT5) ഇന്ത്യന്‍ വിപണിയിലെത്തി. മോട്ടറോളയുടെ ക്വഞ്ച് എക്‌സ്ടി 3 യുടെ മൂത്ത അംഗമെന്ന് കരുതാവുന്ന ഈ ഫോണ്‍ 13,990 രൂപയ്ക്ക് ലഭിക്കും.
ഏതാണ്ട് മിക്ക കാര്യത്തിലും എക്‌സ്ടി 3, എസ്ടി 5 എന്നിവ തുല്യമാണ്. ക്യാമറയുടെ കാര്യത്തിലാണ് പ്രധാന വ്യത്യാസം. ആദ്യത്തേതില്‍ 3.2 മെഗാപിക്‌സല്‍ ക്യാമറയാണെങ്കില്‍, എക്‌സ്ടി 5 ല്‍ അഞ്ച് മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. എക്‌സ്ടി 5 ല്‍ കൂടുതലായി ഉണ്ടെന്ന് പറയാവുന്ന മറ്റൊരു സംഗതി ബില്‍ട്ടിന്‍ എഫ്എം റേഡിയോ ആണ്.
320 ഗുണം 480 റസല്യൂഷനോടുകൂടിയ 3.2 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് എക്‌സ്ടി 5 ലേത്. 600 മെഗാഹെര്‍ട് ക്വാല്‍ക്കം പ്രൊസസര്‍, 256 എംബി റാം എന്നിവയ്‌ക്കൊപ്പം, 512 എംബി ബില്‍ട്ടിന്‍ മെമ്മറിയും എക്‌സ്ടി 5 ലുണ്ട്. 32 ജിബി വരെയുള്ള മെമ്മറി കാര്‍ഡിനെ ഫോണ്‍ പിന്തുണയ്ക്കുകയും ചെയ്യും.
കണക്ടിവിറ്റിക്കായി ത്രീജി, എച്ച്എസ്പിഎ, ബ്ലൂടൂത്ത്, വൈഫൈ, എ-ജിപിഎസ് സൗകര്യങ്ങളും ഫോണില്‍ ലഭ്യമാണ്. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിന്റെ 2.1 പതിപ്പാണ് എക്‌സ്ടി 5 ലേത്. ഗൂഗിള്‍ ഇതിനകം ആന്‍ഡ്രോയിഡ് 2.3 പതിപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക്, കാലഹരണപ്പെട്ട ആന്‍ഡ്രോയിഡ് പതിപ്പാണ് എക്‌സ്ടി 5 ലേതെന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. (ഗൂഗിളിന്റെ പുതിയ ബ്രാന്‍ഡഡ് ഫോണായ നെക്‌സസ് എസ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 2.3 പതിപ്പിലും, എല്‍ജിയുടെ ഓപ്ടിമസ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 2.2 പതിപ്പിലുമാണെന്നോര്‍ക്കുക).
മൊട്ടറോള അതിന്റെ പുതിയ ഫോണ്‍ എയര്‍സെല്‍ കണക്ഷനോടുകൂടിയാണ് വില്‍ക്കുന്നത്. പ്രീപെഡ് കണക്ഷന്‍ എടുത്താലും പോസ്റ്റ് പെയ്ഡ് കണക്ഷന്‍ എടുത്താലും, ഉപഭോക്താവിന് മൂന്നു മാസം കൊണ്ട് ഉപയോഗിച്ചു തീര്‍ക്കാന്‍ പാകത്തില്‍ 9 ജിബി സൗജന്യ ഡൗണ്‍ലോഡ് ഓഫറുമുണ്ട്.