ഇന്ത്യക്ക് മോട്ടറോളയുടെ സമ്മാനം

Posted on: 09 Aug 2010


-പി.എസ്.രാകേഷ്‌





ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ രണ്ടു മൊബൈല്‍ഫോണ്‍ മോഡലുകള്‍ ഇന്ത്യന്‍വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് മോട്ടറോള. മോട്ടറോള മൈല്‍സ്‌റ്റോണ്‍ എക്‌സ്.ടി. 720 (XT720), മോട്ടറോള ബ്ലാക്ക്ഫ്ലപ്പ് (Blackflip) എന്നിവയാണ് ഈ പുതിയ അവതാരങ്ങള്‍.

ആഗസ്ത് ആദ്യവാരം ഇന്ത്യയില്‍ വില്പനയ്‌ക്കെത്തിയ രണ്ടുഫോണുകള്‍ക്കും ഒട്ടേറെ സവിശേഷതകള്‍ അവകാശപ്പെടാനുണ്ട്. എട്ട് മെഗാപിക്‌സല്‍ ക്യാമറയും ഹൈഡെഫനിഷന്‍ വീഡിയോ റെക്കോഡിങ്ങുമായാണ് മൈല്‍സ്‌റ്റോണ്‍ എക്‌സ്.ടി. 720 ന്റെ വരവ്. ക്‌സെനോണ്‍ ഫ്ലഷോടുകൂടിയ ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോണാണിതെന്ന് മോട്ടറോള അവകാശപ്പെടുന്നു. 10.9 മില്ലിമീറ്റര്‍ മാത്രം കട്ടിയുള്ള ഫോണില്‍ 3.7 ഇഞ്ച് വീതിയുള്ള ടച്ച്‌സ്‌ക്രീനാണുള്ളത്.

ആന്‍ഡ്രോയ്ഡ് 2.1 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ക്യാമറാസൗകര്യങ്ങള്‍ക്കാണ് മോട്ടറോള മുന്‍തൂക്കം നല്‍കിയിരിക്കുന്നതെന്നു തോന്നുന്നു. സ്മാര്‍ട്ട് ഇമേജ് ക്യാപ്ച്ചര്‍, ഫേസ് ഡിറ്റക്ഷന്‍, ഫേസ് ഫില്‍ട്ടര്‍, റെഡ് ഐ റിഡക്ഷന്‍ തുടങ്ങി ആധുനിക ഡിജിറ്റല്‍ ക്യാമറകളിലെ എല്ലാവിധ സൗകര്യങ്ങളും ഇതില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്.

ഫോണിനൊപ്പം 'ഹൈ -ഡഫിനിഷന്‍ മള്‍ട്ടിമീഡിയ കേബിളും' (എച്ച്.ഡി.എം.ഐ. കേബിളും) മോട്ടറോള സൗജന്യമായി നല്‍കുന്നു. ഫോണില്‍ പകര്‍ത്തുന്ന ഹൈഡഫനിഷന്‍ വീഡിയോകള്‍ എച്ച്.ഡി. ടി.വി.യില്‍ നേരിട്ടു പ്രദര്‍ശിപ്പിക്കാന്‍ ഈ കേബിള്‍ സഹായിക്കും. ഇതുവരെ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഏറ്റവും സുന്ദരമെന്ന വിശേഷണം ഈ ഫോണിനു ചില ടെക് ബ്ലോഗര്‍മാര്‍ നല്‍കുന്നുണ്ട്.

34,990 രൂപയാണ് എക്‌സ്.ടി. 720 മോഡലിന്റെ വില. ഇതിനേക്കാള്‍ വിലക്കുറവില്‍ സാംസങിന്റെ ആന്‍ഡ്രോയ്ഡ് മോഡലായ 'ഗാലക്‌സി എസ്' കിട്ടുമല്ലോയെന്ന് അസൂയക്കാര്‍ പറഞ്ഞേക്കാം. കാശ് അധികം നല്‍കിയാലെന്താ ഫ്ലഷോടുകൂടിയ മികച്ച ക്യാമറയുള്ള ഫോണല്ലേ കിട്ടുന്നതെന്നായിരിക്കും മോട്ടറോള ആരാധകരുടെ മറുപടി.



ആന്‍ഡ്രോയ്ഡ് 1.5 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന മോട്ടറോള ബ്ലാക്ക്ഫ്ലപ്പിന്റെ വില 22,990 രൂപയാണ്. മടക്കിവെക്കാവുന്ന തരത്തിലുള്ള ക്യുവെര്‍ട്ടി കീപാഡാണ് ഈ മോഡലിന്റെ സവിശേഷത. ബാക്ക്ട്രാക്ക് ടച്ച് പാനലും ഫോണിലുണ്ട്. ഓട്ടോഫോക്കസ് എല്‍.ഇ.ഡി. ഫ്ലഷോടുകൂടിയ അഞ്ച് മെഗാപിക്‌സല്‍ ക്യാമറയാണ് ബ്ലാക്ക്ഫ്ലപ്പിലുള്ളത്. ജി.പി.എസ്., സ്റ്റീരിയോ ബഌടുത്ത്, എം.പി.ഇ.ജി. 4, 3.5 എം.എം. ഹെഡ്‌സെറ്റ് ജാക്ക് എന്നിവയും ഫോണിലുണ്ട്. ത്രിജി സൗകര്യമുള്ള ബഌക്ക്ഫ്ലപ്പില്‍ ജി.പി.ആര്‍.എസും എഡ്ജുമുണ്ട്.

ഈ ആന്‍ഡ്രോയ്ഡ് മോഡലുകളോടെ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ തിരിച്ചുവരവിനു ശ്രമിക്കുകയാണ് മോട്ടറോളയെന്നു വ്യക്തം. ആദ്യകാലത്ത് ഇന്ത്യക്കാര്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടായിരുന്ന ഈ കമ്പനി പില്‍ക്കാലത്തെ കടുത്ത മത്സരത്തില്‍ പിന്നോട്ടടിക്കുകയായിരുന്നു.
Related News:


Stories in this Section