മോട്ടറോളയുടെ ഫ് ളിപ്പൗട്ട് എത്തി

Posted on: 03 Nov 2010


-പി.എസ്.രാകേഷ്‌





ഇന്ത്യന്‍മൊബൈല്‍ഫോണ്‍ വിപണിയില്‍ രണ്ടു സംഗതികളാണ് ഇപ്പോല്‍ എല്ലാ ചര്‍ച്ചയിലും നിറയുന്നത്. അതില്‍ ഒന്ന് ആന്‍ഡ്രോയിഡ്, അടുത്തത് ത്രീജി! മൊബൈല്‍ഫോണുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡെങ്കില്‍, അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ആധുനികസങ്കേതമാണ് ത്രീജി. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ സ്മാര്‍ട്‌ഫോണുകള്‍ സ്വന്തമാക്കാനാണ് ഇപ്പോള്‍ ഇന്ത്യന്‍ ഉപഭോക്താക്കല്‍ താത്പര്യം കാട്ടുന്നതെന്ന് മൊബൈല്‍ കമ്പനികള്‍ പറയുന്നു. നിലവില്‍ ബി.എസ്.എന്‍.എല്‍. മാത്രമാണ് ത്രീജി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്വകാര്യകമ്പനികള്‍ കൂടി ത്രീജി മേഖലയിലേക്ക് കടക്കുമെന്നതോടെ ത്രീജി സൗകര്യം സാധ്യമാകുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്ക് പ്രിയം വര്‍ധിച്ചിരിക്കുകയാണ്.

ഈ സാഹചര്യം കണ്ടറിഞ്ഞാണ് മോട്ടറോള അവരുടെ പുതിയ മൊബൈല്‍ ഫോണ്‍ മോഡലായ 'ഫ് ളിപ്പൗട്ട്' (FIPOUT) ഇന്ത്യയില്‍ അവതരിപ്പിച്ചതെന്ന് വ്യക്തം. ആന്‍ഡ്രോയ്ഡ് 2.1 പതിപ്പില്‍ (എക്‌ളെയര്‍) പ്രവര്‍ത്തിക്കുന്ന ഈ ഫോണിന്റെ രൂപഘടന വശങ്ങളിലേക്ക് തെന്നി മാറ്റാവുന്ന ചതുരാകൃതിയാണ്. മൈക്രോസോഫ്റ്റിന്റെ പാളിപ്പോയ ഹാന്‍ഡ്‌സെറ്റായ 'കിന്നി'നെ ഓര്‍മിപ്പിക്കുന്നതാണ് ഈ ചതുരവടിവ്. ഇതേരൂപത്തില്‍ ചില ഇന്ത്യന്‍ കമ്പനികള്‍ മുമ്പേ ഫോണുകളിറക്കിയിരുന്നുവെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.

ഹൈടെക് ഗാഡ്ജറ്റുകളോടു താത്പര്യമുള്ള പെണ്‍തലമുറയെ മനസില്‍ കണ്ടാണ് ഫ് ളിപ്പൗട്ട് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതെന്ന് മോട്ടറോള ഇന്ത്യയുടെ ഫൈസല്‍ സിദ്ദിഖി പറയുന്നു. സ്ത്രീകളെ ആകര്‍ഷിക്കാനായി ഫോണിനൊപ്പം ലാക്മി ബ്യൂട്ടിപാര്‍ലറിലേക്കുള്ള ആയിരം രൂപയുടെ സൗജന്യ ഗിഫ്റ്റ് വൗച്ചറും നല്‍കുന്നുണ്ട്.

2.8 ഇഞ്ച് ടച്ച്‌സ്‌ക്രീനിന് 320 ഗുണം 240 റിസല്യൂഷനാണുള്ളത്. നമുക്ക് ഇഷ്ടമുള്ള അപ്ലിക്കേഷനുകള്‍ ഹോംസ്‌ക്രീനില്‍ തന്നെ കാണാവുന്ന രീതിയില്‍ ഫോണ്‍ ക്രമീകരിക്കാന്‍ ഫ് ളിപ്പൗട്ടിലാകും. ഇമെയിലുകളും സൗഹൃദക്കൂട്ടായ്മാസൈറ്റുകളുമെല്ലാം എളുപ്പത്തില്‍ പരിശോധിക്കാന്‍ സഹായിക്കുന്ന 'മോട്ടോബ്‌ളര്‍' ഇന്റര്‍ഫേസും ഫോണിലുണ്ട്. പൂര്‍ണമായ ക്വവെര്‍ട്ടി കീപാഡും ഫ് ളിപ്പൗട്ടിലുണ്ട്.



ആന്‍ഡ്രോയിഡിന്റെ ശക്തി ശരിക്കും ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ മികച്ച ഹാര്‍ഡ്‌വെയറും ഫ് ളിപ്പൗട്ടിലുണ്ട്. 700 മെഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എം.ബി. റോം, 256 എം.ബി. റാം മെമ്മറി. ജാവ പിന്തുണയുമുണ്ട്. ഡിജിറ്റല്‍ സൂമോടുകൂടിയ മൂന്ന് മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിലേത്. ജി.പി.ആര്‍.എസ്, എഡ്ജ്, ത്രീജി, വൈഫൈ, ബ്ലൂടൂത്ത്, അസിസ്റ്റഡ് ജി.പി.എസ്. തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ക്യാമറയിലെടുക്കുന്ന ഫോട്ടോകള്‍ ഞൊടിയിടയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഫോണിനൊപ്പം രണ്ട് ജി.ബി. കാര്‍ഡ് സൗജന്യമായി ലഭിക്കും. ആവശ്യമെങ്കില്‍ 32 ജി.ബി. കാര്‍ഡ് വരെ ഉപയോഗിക്കാവുന്ന സ്‌ലോട്ടുമുണ്ട്. ആറുമണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 13.5 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയവുമാണ് ഈ ഫോണിന് മോട്ടറോള അവകാപ്പെടുന്ന ബാറ്ററി ആയുസ്. 120 ഗ്രാമാണ് ഫോണിന്റെ ഭാരം.

സാധാരണ സ്മാര്‍ട്‌ഫോണുകളേക്കാള്‍ കാഴ്ചയില്‍ ഓമനത്തം തോന്നുന്നതാണ് ഫ് ളിപ്പൗട്ട് എന്നത് ഇതിന്റെ വിപണിസാധ്യത വര്‍ധിപ്പിക്കുന്നു. കറുപ്പ്, വെള്ള, പച്ച, ചുവപ്പ് നിറങ്ങളിലുള്ള ബാക്ക്പാനല്‍ കവറോടുകൂടിയാണ് ഫ് ളിപ്ഔട്ടിന്റെ വരവ്. ഇന്ത്യയില്‍ 15,990 രുപയാണ് വില.

ഫ് ളിപ്പൗട്ട് കൊണ്ട് ഒഴിയുന്നില്ല മോട്ടറോളയുടെ ആവനാഴി. 2011 അവസാനമാകുമ്പോഴേക്കും 22 സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു പരമ്പര തന്നെ അവതരിപ്പിക്കാന്‍ പോവുകയാണ് കമ്പനി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആദ്യമായി കമ്പനിക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം നേടാനായതാണ് മോട്ടറോളയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുന്നത്. ലാഭവര്‍ധനയ്ക്ക് കാരണമായതോ കമ്പനിയിറക്കിയ ആന്‍ഡ്രോയിഡ് ഫോണുകളും. ഈ വര്‍ഷത്തെ മൂന്നാംപാദത്തില്‍ മോട്ടറോളയുടെ ലാഭം 109 മില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 12 മില്യണ്‍ ഡോളറായിരുന്നു.




Stories in this Section