ആപ്പിള്‍ ഐഫോണിന് ഒരു ബദല്‍ഫോണ്‍ എന്ന നിലയ്ക്കാണ് മോട്ടറോള ഡ്രോയിഡിന്റെ പിറവി. 2009 ഏപ്രില്‍ 17ന് അമേരിക്കന്‍ വിപണികളിലെത്തിയ ഈ സ്മാര്‍ട്‌ഫോണിനെ ഐഫോണിന്റെ എതിരാളി എന്ന നിലയിലാണ് അവതരിപ്പിച്ചതും. വെരിസോണ്‍ മൊബൈല്‍ സര്‍വീസ് കമ്പനിക്കു മാത്രമായിരുന്നു മോട്ടറോള ഡ്രോയ്ഡിന്റെ അമേരിക്കയിലെ വിപണനാവകാശം. ഡോയിഡ് വേണമെങ്കില്‍ വെരിസോണിന്റെ സര്‍വീസ് സ്വീകരിക്കണമെന്നര്‍ഥം. ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോയ്ഡ് പെട്ടെന്നുതന്നെ അമേരിക്കക്കാരുടെ മനം കവര്‍ന്നു.
ഏറെകഴിയും മുമ്പ് മറ്റു രാജ്യങ്ങളിലും ഡ്രോയ്ഡിന് ആരാധകരുണ്ടായി. കാശല്‍പ്പം കൂടുതല്‍ മുടക്കാന്‍ തയ്യാറുള്ള പ്രീമിയം മൊബൈല്‍ ഉപയോക്താക്കളാണ് ഡ്രോയ്ഡിനെ നെഞ്ചേറ്റിയത്. ഇതേത്തുടര്‍ന്ന് ഡ്രോയ്ഡ് പ്രോ, ഡ്രോയ്ഡ് 2 എന്നീ മോഡലുകള്‍ കൂടി അവതരിപ്പിക്കപ്പെട്ടു.
ഇപ്പോഴിതാ ആ ശ്രേണിയില്‍ പെട്ട ഏറ്റവും പുതിയ മോഡല്‍ ഡ്രോയ്ഡ് 3 വിപണിയിലെത്തിക്കഴിഞ്ഞു. മൂന്‍വര്‍ഷങ്ങളിലെ പതിവുതെറ്റിക്കാതെ വെരിസോണുമായി ചേര്‍ന്ന് അമേരിക്കന്‍ വിപണിയിലാണ് മോട്ടറോള ആദ്യമായി ഈ ഫോണ്‍ അവതരിപ്പിച്ചത്. ജൂലായ് ഏഴ് മുതല്‍ ഈ പുത്തന്‍ഫോണിനുള്ള പ്രീ-ഓര്‍ഡറുകള്‍ വെരിസോണ്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഔദ്യോഗികമായ ലോഞ്ചിങ് എന്നു നടക്കുമെന്ന് മോട്ടറോള ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഡ്രോയ്ഡ് 3 ആരാധകരുടെ കൈകളിലെത്തുമെന്നാണ് കരുതുന്നത്
ആന്‍ഡ്രോയിഡിന്റെ 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനിലാണ് ഡ്രോയ്ഡ് 3 പ്രവര്‍ത്തിക്കുക. നാലിഞ്ച് വിസ്താരമുള്ള ക്യു.എച്ച്.ഡി (qHD) ടച്ച്‌സ്‌ക്രീനും ക്യുവെര്‍ട്ടി കീപാഡും ഡ്രോയ്ഡ് 3 യിലുണ്ട്. പഴയമട്ടിലുള്ള കീപാഡ് നിലനിര്‍ത്താന്‍ മോട്ടറോളയെ പ്രേരിപ്പിച്ചത് ഉപഭോക്താക്കളുടെ താത്പര്യം പരിഗണിച്ചാണെന്നു വ്യക്തം.
ഒരു ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, എല്‍.ഇ.ഡി. ഫ്ലാഷോടു കൂടിയ എട്ട് മെഗാപിക്‌സല്‍ കാമറ, വീഡിയോകോളിങിനായി മുന്‍വശത്തെ കാമറ എന്നിവയെല്ലാം ഈ ഫോണിലുണ്ട്. അഞ്ച് ഗാഡ്ജറ്റുകള്‍ക്കായുള്ള വൈഫൈ മൊബൈല്‍ ഹോട്ട്‌സ്‌പോട്ട് ആയും ഡ്രോയ്ഡ് 3 പ്രവര്‍ത്തിക്കും.
സോഫ്ട്‌വേറുകളെ പിന്തുണയ്ക്കുന്ന കാര്യത്തിലൂം ഡ്രോയ്ഡ് 3 ആളു കേമന്‍ തന്നെ. ഫ്ലാഷ് ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യും എന്നതു തന്നെ ഇതില്‍ പ്രധാനം. സിനിമകള്‍ വൈഫൈയിലൂടെ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും വീഡിയോകോണ്‍ഫ്രന്‍സിങിനുള്ള സംവിധാനവുമെല്ലാം ഈ ഫോണിലുണ്ട്.
സ്‌ലൈഡ് ടൈപ്പിലുള്ള ഈ ഫോണിന് 200 ഡോളറാണ് വെരിസോണ്‍ വൈര്‍ലെസ്സ് വഴി വാങ്ങുമ്പോഴത്തെ വില. ലോകമെങ്ങും ഇപ്പോള്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാംസങ് ഗാല്ക്‌സി എസ് ടുവിനും ഉടന്‍ എത്തുന്ന ഐഫോണ്‍ 5 നുമൊക്കെ കടുത്ത എതിരാളിയാകാന്‍ ഡ്രോയ്ഡ് 3 യ്ക്ക് ആകുമെന്ന ശുഭപ്രതീക്ഷയിലാണ് മോട്ടറോള കമ്പനി.