മോട്ടറോള ചാം-കാഴ്ച്ചയില്‍ ബ്ലാക്ക്‌ബെറി; കാര്യത്തില്‍ ആന്‍ഡ്രോയിഡ്‌

Posted on: 30 Nov 2010


-സ്വന്തം ലേഖകന്‍





എന്തൊക്കെയായാലും ബ്ലാക്ക്ബറിക്ക് അതിന്റെ ആകര്‍ഷണീയതയുണ്ട്. വലിപ്പമേറിയ ക്യുവെര്‍ട്ടി കീബോര്‍ഡും വീതിയുള്ള ഡിസ്‌പ്ലെയും അതിന് നല്‍കുന്നത് തീര്‍ച്ചയായും ഒരു എക്‌സിക്യുട്ടീവ് ലുക്ക് തന്നെ. കാഴ്ചയില്‍ ബ്ലാക്ക്‌ബെറി പോലുള്ള ഒരു ആന്‍ഡ്രോയിഡ് ഫോണിന്റെ കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. ഇരട്ടി മധുരം പോലെയാകുമത്. ആ അര്‍ഥത്തില്‍ മോട്ടറോളയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണായ 'മോട്ടറോള ചാം' (Motorola Charm) ശരിക്കും ഇരട്ടിമധുരം തന്നെയാണ്. 15990 രൂപയാണ് ഇന്ത്യയില്‍ ഈ ഫോണിന്റെ വില.

ആന്‍ഡ്രോയിഡിന്റെ സാധ്യത മുതലെടുക്കാന്‍ തന്നെയാണ് മോട്ടറോളയുടെ ഉന്നമെന്നും പുതിയ ഫോണ്‍ വ്യക്തമാക്കുന്നു. കാരണം, കമ്പനി ഇന്ത്യയില്‍ തുടര്‍ച്ചയായി പുറത്തിറക്കുന്ന മൂന്നാമത്തെ ആന്‍ഡ്രോയിഡ് ഫോണ്‍ ആണ് ചാം. മോട്ടറോള ഫ്ലപ്പൗട്ട്, മോട്ടറോള ക്വെഞ്ച് എക്‌സ്ടി3 എന്നിവയാണ് മുമ്പിറക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍. വിലയിലും ഗുണത്തിലും 'എച്ച്.ടി.സി.വൈല്‍ഡ്ഫയറി'നോടും സാംസങ് ഗലക്‌സി സീരിയസിനോടും നെഞ്ചുവിരിച്ച് പോരാടാന്‍ ശേഷിയുള്ള ഫോണാണ് മോട്ടറോള ചാം.



ക്യുവെര്‍ട്ടി കീബോര്‍ഡ് മാത്രമല്ല, 2.8 ഇഞ്ച് വലിപ്പത്തിലുള്ള ടിഎഫ്ടി ടച്ച്‌സ്‌ക്രീനുമുണ്ട് ചാമില്‍. പക്ഷേ, സ്‌ക്രീനിന്റെ റസല്യൂഷന്‍ 320 ഗുണം 240 ആണെന്നത് ഡിസ്‌പ്ലെയുടെ മിഴിവിനെ ചെറിയ തോതില്‍ ബാധിച്ചേക്കും. വിലകുറയ്ക്കാനാണ് ഡിസ്‌പ്ലെ ഇത്തരത്തില്‍ ഒതുക്കിയതെന്ന് വ്യക്തം. ആന്‍ഡ്രോയിഡ് 2.1 (എക്ലെയര്‍) ആണ് ചാമിലുള്ളത്. അതിനാല്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് എന്ന ആപ്ലിക്കേഷന്‍ സ്റ്റോറിന്റെ പൂര്‍ണപിന്തുണ ലഭിക്കും. 600 മെഗാഹെര്‍ട്‌സ് പ്രൊസസറും 512 ഇന്റേണല്‍ മെമ്മറിയും കൂടിയാകുമ്പോള്‍ എച്ച്.ടി.സി.വൈല്‍ഡ് ഫയറിനോട് വിലയിലും കരുത്തിലും ചാം ഒപ്പത്തിനൊപ്പം നില്‍ക്കും.



രണ്ട് ജിബി മെമ്മറി കാര്‍ഡ് ഫോണിനൊപ്പം സൗജന്യമായി ലഭിക്കും. എന്നാല്‍, 32 ജിബി കാര്‍ഡ് വരെ താങ്ങാന്‍ ഫോണിന് ശേഷിയുണ്ട്. ഡേറ്റയുടെയും കണക്ടിവിറ്റിയുടെയും കാര്യത്തില്‍ ത്രിജി, വൈഫൈ, ബ്ലൂടൂത്ത്, എഡ്ജ്, ജിപിആര്‍എസ്, യുഎസ്ബി തുടങ്ങി സ്മാര്‍ട്ട്‌ഫോണുകളെ സ്മാര്‍ട്ടാക്കുന്ന എല്ലാ സങ്കേതവും ചാമിലുണ്ട്. ഡിജിറ്റല്‍ സൂമോടു കൂടിയ മൂന്ന് എംപി ക്യാമറയുപയോഗിച്ച് ഫോട്ടോയെടുക്കുകയും വീഡിയോ റിക്കോര്‍ഡ് ചെയ്യുകയുമാകാം.

എംപി-3, വേവ് തുടങ്ങി വിവിധ ഓഡിയോ ഫോര്‍മേറ്റുകള്‍ പിന്തുണയ്ക്കുന്ന മ്യൂസിക് പ്ലെയറും, എംപി-4 അടക്കം വിവിധ ഫോര്‍മേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാകുന്ന വീഡിയോ പ്ലെയറും ചാമിലുണ്ട്. സ്റ്റീരിയോ എഫ്എം റേഡിയോയുമുണ്ട്. 2ജിയില്‍ ഏതാണ്ട് ആറ് മണിക്കൂറും 3ജിയില്‍ നാലര മണിക്കൂറുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന പരമാവധി ബാറ്ററി ആയുസ്സ്. സ്റ്റാന്‍ഡ്‌ബൈയിലാകുമ്പോള്‍ ഇത് യഥാക്രമം 365 മണിക്കൂറും 377 മണിക്കൂറുമാകും.



ഗൂഗിള്‍ നല്‍കുന്ന ആപ്ലിക്കേഷനുകള്‍ കൂടാതെ, എസ്എംഎസ് സന്ദേശങ്ങളെയും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലെ സന്ദേശങ്ങളെയും ഒരുമിച്ചുകൂട്ടി അവതരിപ്പിക്കുന്ന മോട്ടറോളയുടെ 'ഹാപ്പനിങ്‌സ് ആപ്ലിക്കേഷനും' ചാമില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. മാത്രമല്ല, ആന്‍ഡ്രോഡിയ് 2.1 സമ്പര്‍ക്കമുഖത്തെ (ഇന്റര്‍ഫെയ്‌സിനെ) 'മോട്ടോബ്ലര്‍' (MOTOBLUR) എന്ന കസ്റ്റം സോഫ്ട്‌വേര്‍ കൊണ്ട് സമ്പുഷ്ടമാക്കാനും മോട്ടറോള ശ്രമിച്ചിട്ടുണ്ട്. അതുമൂലം, ഫെയ്‌സ്ബുക്ക്, മൈസ്‌പേസ്, ട്വിറ്റര്‍ തുടങ്ങിയ സൗഹൃദക്കൂട്ടായ്മകളോട് കൂടുതല്‍ സൗഹൃദം കാട്ടുന്ന യൂസര്‍ ഇന്റര്‍ഫെയ്‌സായി ചാമിന്റേത് മാറുന്നു.


TAGS:
motorola  |  charm  |  android phones 
Related News:


Stories in this Section