ന്യുയോര്‍ക്ക്: 'ഈ സ്മാര്‍ട്ട്‌ഫോണ്‍ നിന്റെയല്ല. ഞാന്‍ കാശുമുടക്കി വാങ്ങിത്തരുന്നതാണ്. തത്കാലത്തേക്ക് കടമായെടുത്താല്‍ മതി'- പുതിയ ഐഫോണിനൊപ്പം ഒരമ്മ മകന് രേഖാമൂലം നല്‍കിയ കരാറിലെ വരികളാണിത്. ഇതുമാത്രമല്ല, ഇതുപോലെ 17 കാര്യങ്ങള്‍ വേറെയുമുണ്ട്. ഈ അമ്മയും മകനും തമ്മിലുള്ള കരാര്‍വ്യവസ്ഥകള്‍ കുട്ടികളുടെ സൈബര്‍ സുരക്ഷയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളായി പ്രചരിക്കുകയാണ് ലോകംമുഴുവന്‍.
ജാനല്‍ ബേളി ഹോഫ്മന്‍ എന്ന അമേരിക്കക്കാരി 13 വയസ്സുള്ള മകന്‍ ഗ്രിഗറിക്ക് ഐഫോണ്‍ നല്‍കുമ്പോള്‍ നല്‍കിയ ഉപദേശങ്ങള്‍ സ്മാര്‍ട്ട്‌ഫോണടക്കമുള്ള ആധുനിക സാങ്കേതികവിദ്യകള്‍ മക്കളെ വഴിതെറ്റിക്കുമെന്ന് ആധിയുള്ള മാതാപിതാക്കള്‍ക്കുള്ള ഉപദേശംകൂടിയാണ്. ഫോണുപയോഗിക്കാനുള്ള പ്രായമായെന്ന് തോന്നുമ്പോള്‍ മക്കള്‍ക്ക് അത് വാങ്ങിക്കൊടുക്കുക. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുക -ജാനല്‍ പറയുന്നു.
ഫോണുമായി ബന്ധപ്പെട്ട പാസ്‌വേര്‍ഡ് വെളിപ്പെടുത്തണം. സ്‌കൂള്‍ ഉള്ള ദിവസങ്ങളില്‍ സന്ധ്യക്കുതന്നെ ഫോണ്‍ അമ്മയ്ക്ക് കൈമാറണം. ക്ലാസില്ലാത്ത ദിവസങ്ങളില്‍ കുറച്ചുനേരംകൂടി കൈവശംവെക്കാം. മോശം മെസേജുകള്‍ അയയ്ക്കരുത്, അശ്ലീലാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കരുത്, ഫോണ്‍ നഷ്ടപ്പെട്ടാലോ, കേടുപാട് പറ്റിയാലോ ഫൈന്‍ അടയ്ക്കണം തുടങ്ങിയവയാണ് കരാറിലെ മറ്റുനിര്‍ദ്ദേശങ്ങള്‍.
കുട്ടികള്‍ ഫോണ്‍ ദുരുപയോഗംചെയ്യുമോ എന്ന് ആധിപിടിച്ചിരിക്കുന്നതും അവരുടെ പിന്നാലെ ചാരപ്പണിയുമായി പോകുന്നതും ശരിയല്ലെന്നാണ് ജാനലിന്റെ പക്ഷം. കാര്യങ്ങള്‍ മക്കളോട് തുറന്നുസംസാരിക്കുകയാണ് വേണ്ടത്. ആയിരക്കണക്കിന് കമന്‍റുകളാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഹോഫ്മാന്റെ ഉപായത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ടി.വി. അഭിമുഖങ്ങള്‍ വേറെയും.
മനശാസ്ത്രജ്ഞനായ ഡേവിഡ് ഗ്രീന്‍ഫെല്‍ഡും ഈ നിര്‍ദേശങ്ങളോട് യോജിക്കുന്നു. മക്കളുടെ സൈബര്‍ജ്വരം വഴിതെറ്റാതിരിക്കാന്‍ ഇത്തരം ചില നിയന്ത്രണങ്ങള്‍ കൂടിയേ തീരൂവെന്നും അദ്ദേഹം പറയുന്നു.