ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കളെ സംബന്ധിച്ച് ഇത് ശരിക്കും 'ബാഡ് ന്യൂസ്' തന്നെയാണ്. ആ പേരിലൊരു വൈറസ് ലക്ഷക്കണക്കിന് ആന്‍ഡ്രോയ്ഡ് ഫോണുകളെ ബാധിച്ചതായി, മൊബൈല്‍ സുരക്ഷാകമ്പനിയായ 'ലുക്കൗട്ട്' റിപ്പോട്ടുചെയ്തു.
ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപുകള്‍ വഴിയാണ് വൈറസ് പടരുന്നതെന്നും, ഇക്കാര്യം വ്യക്തമായതിനെ തുടര്‍ന്ന് ഗൂഗിള്‍ ആ ആപ്ലിക്കേഷനുകള്‍ സ്റ്റോറില്‍ നിന്ന് നീക്കിയതായും, അവയുടെ ഡെവലപ്പര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.
ഇന്റര്‍നെറ്റ് വഴി കമ്പ്യൂട്ടറുകളെ ബാധിക്കുന്നതുപോലെ, സ്മാര്‍ട്ട്‌ഫോണുകളെ വൈറസ് ബാധിക്കില്ല എന്ന സങ്കല്‍പ്പത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ട്രോജന്‍ വൈറസുകളെപ്പോലെ പെരുമാറുന്ന ഒരു ദുഷ്ടപ്രോഗ്രാം (amÄ-sh-bÀ) ആണ് 'ബാഡ്‌ന്യൂസ്' ( BadNews ) എന്ന്
ലുക്കൗട്ട് ( Lookotu ) പറയുന്നു.
'ബാഡ്‌ന്യൂസ്' എന്ന പേരിലുള്ള ദുഷ്ടപ്രോഗ്രാം 32 ആന്‍ഡ്രോയ്ഡ് ആപുകളില്‍ കയറിപ്പറ്റിയതായാണ് ലുക്കൗട്ട് കണ്ടെത്തിയത്. ഒരു അഡൈ്വര്‍ടൈസിങ് ശൃംഖല പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒന്നാണ് ഈ വൈറസ്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ബാഡ്‌ന്യൂസ് ആപുകള്‍ 20 ലക്ഷം മുതല്‍ 90 ലക്ഷം തവണ വരെ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. എന്നുവെച്ചാല്‍, 90 ലക്ഷം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വരെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. റഷ്യ, യുക്രൈന്‍, ജര്‍മനി എന്നിവിടങ്ങളിലെ ഉപയോക്താക്കളെയാണ് ബാഡ്‌ന്യൂസ് കാര്യമായി ബന്ധിച്ചതെന്നും ലുക്കൗട്ട് പറയുന്നു.
|
|
ബാഡ്‌ന്യൂസ് കയറിക്കൂടിയതായി കണ്ടെത്തിയ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകളുടെ ഐക്കണുകള്‍ - കടപ്പാട്: ലുക്കൗട്ട് |
മൊബൈല്‍ വൈറസുകള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന് തെളിവാണ് ഇത്രയേറെ ഫോണുകളില്‍ 'ബാഡ്‌ന്യൂസി'ന് കയറിപ്പറ്റാന്‍ കഴിഞ്ഞതെന്ന് ലുക്കൗട്ട് പറയുന്നു. ആപ് പരിശോധനാവേളയില്‍ ഈ വൈറസ് അതിന്റെ ദുഷ്ടസ്വഭാവം പുറത്തെടുക്കാതെ ഒതുങ്ങിയിരിക്കും. അങ്ങനെ അതിന് പരിശോധകരെ കബളിപ്പിക്കാനാകും. പിന്നീട് സൗകര്യംപോലെ അത് തനിനിറം കാട്ടുകയാണ് ചെയ്യുക.
ഈ കബളിപ്പിക്കല്‍ സ്വഭാവം കൊണ്ടാണ് ബാഡ്‌ന്യൂസിന് ഇത്രയേറെ ഫോണുകളില്‍ എത്താന്‍ പറ്റിയതെന്ന് ലുക്കൗട്ട് പറയുന്നു. മാത്രമല്ല, അഡൈ്വര്‍ടൈസിങ് ശൃംഖല പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മൊബൈല്‍ വൈറസ് പ്രത്യക്ഷപ്പെടുന്നതും ആദ്യമായാണ്.
വ്യാജ വാര്‍ത്താസന്ദേശങ്ങള്‍ അയയ്ക്കാനും, അതുവഴി യൂസര്‍മാരെക്കൊണ്ട് ഫോണില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കാനും ബാഡ്‌ന്യൂസ് ദുഷ്ടപ്രോഗ്രാമിന് സാധിക്കും. ഒപ്പം ഫോണ്‍ നമ്പറും ഐഡിയും ഈ ദൃഷ്ടശൃംഖലയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെര്‍വറിലേക്ക് അയച്ചുകൊടുക്കാനും അതിനാകും.
വ്യാജ വാര്‍ത്താസന്ദേശങ്ങള്‍ അയയ്ക്കാനുള്ള കഴിവാണ് ബാഡ്‌ന്യൂസ് പലവിധ തട്ടിപ്പുകള്‍ക്ക് പ്രയോജനപ്പെടുത്തുന്നതെന്നും ലുക്കൗട്ട് പറയുന്നു. ഈ ദുഷ്ടപ്രോഗ്രാമടങ്ങിയ ഒരു ആപ്, ചില പ്രത്യേക ഫോണ്‍ നമ്പറുകളിലേക്ക് ടെക്‌സ്റ്റ് മെസേജുകള്‍, ഫോണിന്റെ ഉടമ അറിയാതെ അയയ്ക്കുന്നതായി ലുക്കൗട്ട് കണ്ടു. പ്രീമിയം റേറ്റുള്ള ആ മേസേജുകള്‍ വഴി പണം തട്ടുകയാണ് ഇതിന് പിന്നിലുള്ള സൈബര്‍ ക്രമിനലുകള്‍ ചെയ്യുക.
സ്‌കൈപ്പ് പോലുള്ള ജനപ്രിയ ആപ്പിന്റെ അപ്‌ഡേറ്റ് ലഭ്യമാണ് എന്നുള്ള വ്യാജസന്ദേശമായിരിക്കും ചിലപ്പോള്‍ ഫോണിലെത്തുക. അത് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുന്നതോടെ ആ ഫോണും കുഴപ്പത്തിലാകുന്നു.
ആന്‍ഡ്രോയ്ഡ് ഫോണുകളുപയോഗിക്കുന്നവര്‍ക്ക് കുടുതല്‍ കരുതല്‍ വേണമെന്നാണ് പുതിയ സംഭവം നല്‍കുന്ന പാഠം.