
ന്യൂഡല്‍ഹി: മാര്‍ച്ചില്‍ രണ്ടുകോടി പേര്‍ കൂടി മൊബൈല്‍ വരിക്കാരായതോടെ രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ മൊത്തം എണ്ണം 58.43 കോടിയായി. ഫിബ്രവരിയില്‍ ഇത് 56.40 കോടിയായിരുന്നു, 3.6 ശതമാനമാണ് വര്‍ധന- ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) വ്യക്തമാക്കി.
ഇതോടെ രാജ്യത്തെ ഫോണ്‍ വരിക്കാരുടെ മൊത്തം എണ്ണം 62.13 കോടിയായി. വയര്‍ലെസ് വരിക്കാരുടെയും ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെയും മൊത്തം സംഖ്യ ഫിബ്രവരിയില്‍ 60.1 കോടിയായിരുന്നു. ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെ എണ്ണം 3.7 കോടിയില്‍ തുടരുകയാണ്.
മൊബൈല്‍ കമ്പനികള്‍ ചാര്‍ജ് കുറച്ചതും ആകര്‍ഷകമായ പദ്ധതികള്‍ അവതരിപ്പിച്ചതുമാണ് വരിക്കാരുടെ എണ്ണം ഉയരാന്‍ കാരണമായത്. രണ്ടാംകിട, മൂന്നാംകിട നഗരങ്ങളില്‍ നിന്നാണ് കൂടുതല്‍ പുതിയ വരിക്കാരുണ്ടായത്. വന്‍ നഗരങ്ങളിലെ വിപണിയില്‍ സാന്ദ്രതയേറിക്കഴിഞ്ഞു.
ഇന്ത്യയിലെ ഫോണ്‍ സാന്ദ്രതയിപ്പോള്‍ 52.74 ആണ്. അതായത് 100 പേരില്‍ 53 പേര്‍ക്കും മൊബൈലോ സാധാരണ ഫോണോ ആയി. മൊബൈലിന്റെ കണക്കു മാത്രമെടുക്കുമ്പോള്‍ സാന്ദ്രത 49.6 ആണ്.
മാര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ വരിക്കാരെ നേടിയത് വോഡഫോണാണ്, 36 ലക്ഷം. ഇതോടെ അവരുടെ വരിക്കാരുടെ മൊത്തം എണ്ണം 10 കോടിയായി. ഒന്നാം സ്ഥാനത്തുള്ള ഭാരതി എയര്‍ടെലിന് 30 ലക്ഷം പേരെയേ കൂടുതലായി ചേര്‍ക്കാനായുള്ളൂ. അവര്‍ക്കിപ്പോള്‍ 12.76 കോടി വരിക്കാരായി.
മൊബൈല്‍ വിപണി വിഹിതത്തില്‍ ഒന്നാംസ്ഥാനത്ത് ഭാരതി എയര്‍ടെല്‍ തന്നെയാണ്. 21.84 ശതമാനമാണ് അവരുടെ വിഹിതം. റിലയന്‍സ് കമ്യൂണിക്കേഷന് 17.53 ശതമാനവും വോഡഫോണിന് 17.26 ശതമാനവും വിഹിതമാണുള്ളതെന്ന് ട്രായ് റിപ്പോര്‍ട്ട് പറയുന്നു.