ഐഫോണിനും ആന്‍ഡ്രോയിഡിനും സുരക്ഷയൊരുക്കാന്‍ ബ്ലാക്ക്ബറി നിര്‍മാതാക്കള്‍

Posted on: 29 Nov 2011




തങ്ങളുടെ മുഖ്യപ്രതിയോഗികളായ ഐഫോണിനും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും സുരക്ഷയൊരുക്കാന്‍ ബ്ലാക്ക്ബറി നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) കമ്പനി എത്തുന്നു. ഇത്തരം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് തങ്ങളുടെ സുരക്ഷാ ഫീച്ചറുകള്‍ നല്‍കുക വഴി വരുമാനം വര്‍ധിപ്പിക്കാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

ഈ ലക്ഷ്യം മുന്നില്‍കണ്ട് പുതിയ 'മൊബൈല്‍ ഫ്യൂഷന്‍ ഡിവൈസ് മാനേജ്‌മെന്റ് സോഫ്ട്‌വേര്‍' താമസിയാതെ പുറത്തിറക്കുമെന്ന് റിം അധികൃതര്‍ പറഞ്ഞതായി, റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ആപ്പിളിന്റെ ഐപാഡ്, ഐഫോണ്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയിലെ പാസ്‌വേഡുകള്‍, ആപ്‌സ്, സോഫ്ട്‌വേറുകള്‍ തുടങ്ങിയവ പുതിയ സങ്കേതത്തിന്റെ സഹായത്തോടെ ഫലപ്രദമായി നിരീക്ഷിക്കാന്‍ കഴിയുമെന്ന് റിം അറയിച്ചു.

മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന മൊബൈല്‍ ഉപകരണങ്ങള്‍ റിമോട്ടായി ലോക്ക് ചെയ്യാനും അതിലെ നിര്‍ണായക വിവരങ്ങള്‍ നീക്കം ചെയ്യാനും കഴിയുന്ന സങ്കേതം ബ്ലാക്ക്ബറി ഫോണുകളിലുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഫീച്ചറാണിത്.

ബിസിനസ് സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും വര്‍ഷങ്ങളായി ബ്ലാക്ക്ബറി ഫോണുകള്‍ ഇഷ്ടപ്പെട്ടതിന് ഒരു കാരണം ആ ഫോണിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഈമെയിലുകളും മറ്റ് വിവരങ്ങളും സുരക്ഷിതമായിരുന്നു എന്നതാണ്. എന്‍ക്രിപ്റ്റ് ചെയ്ത ഡേറ്റയാണ് ബ്ലാക്ക്ബറിയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്.

എന്നാല്‍, കുറച്ചുനാളായി കമ്പനി ഉദ്യോഗസ്ഥരും മറ്റും ഐഫോണിലേക്കും ആന്‍ഡ്രോയിഡ് ഫോണുകളിലേക്കും ചുവടുമാറ്റുകയാണ്. കോര്‍പ്പറേറ്റ് ഈമെയിലുകള്‍ നോക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ ആളുകള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് റിം കമ്പനിയുടെ പുതിയ സോഫ്ട്‌വേര്‍.

ആവശ്യക്കാരുണ്ടെങ്കില്‍ ഭാവിയില്‍ മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണുകളെ ഇക്കാര്യത്തില്‍ പിന്തുണയ്ക്കുന്ന കാര്യവും പരിഗണിക്കുമെന്ന് റിം വൈസ് പ്രസിഡന്റ് അലന്‍ പനെസിക് റോയിട്ടേഴ്‌സിനോട് പറഞ്ഞു. പുതിയ സോഫ്ട്‌വേറിന്റെ വിലനിലവാരം എന്തായിരിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
TAGS:
mobile security  |  rim  |  blackberry  |  iphone  |  android phones 


Stories in this Section