ചിത്രം കണ്ടാല്‍ വീഡിയോ പ്ലേ ചെയ്യാം

Posted on: 30 Apr 2013


-ബി.എസ്. ബിമിനിത്‌




പത്രത്തിലോ ഷോപ്പിങ് മാളിലോ വഴിയരികിലോ കാണുന്ന ചിത്രങ്ങളില്‍നിന്ന് അതുമായി ബന്ധപ്പെട്ട വീഡിയോ കാണാന്‍ കഴിഞ്ഞാല്‍? വെബ്‌സൈറ്റുകളില്‍ ചിത്രത്തിനു മുകളില്‍ ക്ലിക്കുചെയ്യുമ്പോള്‍ വീഡിയോ കണ്ടുതുടങ്ങുന്നതുപോലെ... ടെക്കി ക്യാമ്പുകളില്‍ സ്ഥിരമായി പറഞ്ഞുകേള്‍ക്കുന്ന 'റിയാലിറ്റി'കളില്‍ ഒന്ന് അതിനുള്ള അവസരമൊരുക്കുന്നുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റി ( Augmented Realiy - AR ) അടിസ്ഥാനമാക്കി നിര്‍മിച്ച ആപ്ലിക്കേഷനുകള്‍ക്ക് ഈ അത്ഭുതം സൃഷ്ടിക്കാനാകും.

അതിന് ഒരു നല്ല ഉദാഹരണം ഗൂഗിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറായ ഗൂഗിള്‍ പ്ലേയിലുണ്ട്. ഗൂഗിള്‍ പ്ലേയില്‍ ചെന്ന് Hotel California എന്ന് സെര്‍ച്ച് ചെയ്താല്‍ ഇതേ പേരിലുള്ള ആപ്ലിക്കേഷന്‍ കിട്ടും. പോസ്റ്ററുകളും ട്രെയിലറുകളും സിനിമയെക്കുറിച്ചുള്ള വിവരങ്ങളും തരുന്ന ലഘുവായ സോഫ്റ്റ്‌വേറാണത്. അതില്‍ ട്രെയിലര്‍ എന്ന ലിങ്കില്‍ ക്ലിക്കുചെയ്താല്‍ മൊബൈലിലെ ക്യാമറ ആക്ടീവാകും. ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന സിനിമയുടെ പോസ്റ്റര്‍/ഇന്റര്‍നെറ്റിലെ ചിത്രങ്ങള്‍/പത്രങ്ങളില്‍ വന്ന പരസ്യം തുടങ്ങി ഏതെങ്കിലുമൊന്ന് ക്യാമറ ഫ്രെയിമിനുള്ളിലാക്കിയാല്‍ മതി. ആ പോസ്റ്ററിന്റെയോ ചിത്രത്തിന്റെയോ അതേ വലിപ്പത്തില്‍ സിനിമയുടെ ട്രെയിലര്‍ പ്ലേ ചെയ്യാന്‍ തയ്യാറായിനില്‍ക്കുന്നതു കാണാം. ഇനി ക്ലിക്കുചെയ്താല്‍ അത്രയും സ്ഥലത്ത് വീഡിയോ കണ്ടുതുടങ്ങും. അവിടെ രണ്ടുതവണ 'ടച്ചു' ചെയ്താല്‍ വീഡിയോ ഫുള്‍ സ്‌ക്രീനാകും.

കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ നേരത്തേ കരുതിവെച്ച വീഡിയോകളോ ചിത്രമോ ഗ്രാഫിക്‌സ് ഡേറ്റയോ ജിപിഎസ് ഇമേജോ ഇതുപോലെ യഥാര്‍ഥമായ പശ്ചാത്തലത്തില്‍ സന്നിവേശിപ്പിക്കുന്ന രീതിയാണ് ഓഗെ്മന്റഡ് റിയാലിറ്റി. ഇന്ത്യയില്‍ ഓഗെ്മന്റഡ് റിയാലിറ്റി വിപണയില്‍ ഉപയോഗിച്ചുതുടങ്ങിയത് ഈ അടുത്തകാലത്താണ്. മലയാള സിനിമയില്‍ ഇത്തരത്തില്‍ ആദ്യത്തെ പരീക്ഷണമാണ് ഇത്. കോഡമിന്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ കമ്പനിയാണ് (kodemint.com) ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.

ആപ്ലിക്കേഷനൊപ്പം ട്രെയിലറും മറ്റുവിവരങ്ങളുമൊക്കെ ഫോണിനുള്ളിലെത്തും. മുന്‍നിശ്ചയപ്രകാരം ക്യാമറ കണ്ടുപിടിക്കുന്ന സ്ഥലത്ത് വീഡിയോ പ്ലേ ചെയ്യേണ്ട ജോലിയേ ആപ്ലിക്കേഷനുള്ളൂ. നമ്മുടെ നാട്ടില്‍ പരസ്യരംഗത്ത് പുതിയ ട്രെന്‍ഡുകള്‍ക്ക് ഇതൊരു തുടക്കമാകുമെന്ന് കരുതാം.


Stories in this Section