
ടോക്യോ: ജപ്പാനിലെ മുഖ്യ ആയുധ നിര്‍മാതാക്കളായ മിത്‌സുബിഷി ഹെവി ഇന്‍ഡസ്ട്രീസിന്റെ എണ്‍പതോളം സെര്‍വറുകള്‍ക്കു നേരേ സൈബര്‍ ആക്രമണമുണ്ടായതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞമാസമുണ്ടായ ആക്രമണത്തില്‍ മിസൈല്‍ നിര്‍മാണ വിവരങ്ങളുള്‍പ്പെടെ സുരക്ഷാപ്രാധാന്യമുള്ള വിവരങ്ങളൊന്നും നഷ്ടപ്പെട്ടതായി അറിയില്ലെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി യാസുവോ ഇചികാവ പറഞ്ഞു. സെര്‍വര്‍ സംവിധാനത്തിലെ സുരക്ഷാ പരിശോധന കര്‍ശനമാക്കാനും മറ്റു സ്ഥാപനങ്ങളോട് സമാനമായ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വിവരമറിയിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജപ്പാന്‍ ഭരണകൂടത്തിനു വേണ്ടി കരാറടിസ്ഥാനത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന സ്വകാര്യ കമ്പനികള്‍ക്കു നേരേ ആദ്യമായാണ് സൈബര്‍ ആക്രമണമുണ്ടാകുന്നത്. മിസൈലുകളും അന്തര്‍വാഹിനികളും യുദ്ധക്കപ്പലുകളുമടക്കം മിക്ക പ്രതിരോധ സാമഗ്രികളും നിര്‍മിക്കുന്ന കമ്പനിയാണ് മിത്‌സുബിഷി. തങ്ങളുടെ 45 സെര്‍വറുകളിലും 38 കംപ്യൂട്ടറുകളിലും ആക്രമണം നടന്നതായി മിത്‌സുബിഷി അധികൃതര്‍ സ്ഥിരീകരിച്ചു. എട്ടുതരം വൈറസ്സുകളാണ് കണ്ടെത്തിയത്. ഇന്‍റര്‍നെറ്റുവഴി ഉപയോക്താക്കളെ കബളിപ്പിച്ച് കമ്പ്യൂട്ടറുകളില്‍ വൈറസ്സുകള്‍ നിക്ഷേപിക്കുന്ന 'ഫിഷിങ്' രീതിയിലൂടെയാണ് ആക്രമണം നടത്തിയത്. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. അതേസമയം ആക്രമിക്കപ്പെട്ട സെര്‍വറില്‍ നിന്നും ചൈനീസ് ലിപികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
നാഗസാക്കിയിലെ കപ്പല്‍ നിര്‍മാണകേന്ദ്രത്തിലും അന്തര്‍വാഹിനിയുടെയും ആണവ വൈദ്യുതികേന്ദ്രങ്ങളുടെയും ഭാഗങ്ങള്‍ നിര്‍മിക്കുന്ന കോബെയിലെ കേന്ദ്രത്തിനും നേരേ ആക്രമണമുണ്ടായി. റോക്കറ്റുകളും മിസൈലുകളും നിര്‍മിക്കുന്ന നഗോയയിലെ പ്ലാന്‍റിലും സൈബര്‍ ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് ടോക്യോ പോലീസ് അന്വേഷണം തുടങ്ങി.
അതിനിടെ സൈനിക വിമാനങ്ങള്‍ നിര്‍മിക്കുന്ന ജപ്പാനിലെ രണ്ടാമത്തെ പ്രമുഖ പ്രതിരോധ കരാര്‍ സ്ഥാപനമായ ഐ. എച്ച്. ഐക്കു നേരെയും സമാനമായ ആക്രമണശ്രമമുണ്ടായി. വൈറസ്സുകളടങ്ങിയ ഇമെയിലുകള്‍ തങ്ങള്‍ക്കു ലഭിച്ചെങ്കിലും സുരക്ഷാ സംവിധാനങ്ങള്‍ അവ നിര്‍വീര്യമാക്കിയതായി കമ്പനി അവകാശപ്പെട്ടു.